രാധാകൃഷ്ണന്‍ കൂത്തുപറമ്പ് സ്മാരക നാടക പുരസ്‌കാരം മുഹമ്മദ് പേരാമ്പ്രയ്ക്ക്


പേരാമ്പ്ര: രാധാകൃഷ്ണന്‍ കൂത്തുപറമ്പ് സ്മാരക പുരസ്‌കാരം പ്രശസ്ത നാടക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്രക്ക്. കൂത്തുപറമ്പ് സംയുക്ത കലാസമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

27ന് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രശസ്ത നാടക കൃത്ത് ഡോ. ജിനോ ജോസഫ് പുരസ്‌കാരം സമ്മാനിക്കും. 10001രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്താണ് പുരസ്‌കാരം. കൂത്തുപറമ്പ് സി.കെ.ജി തിയേറ്റേഴ്‌സിന്റെ അമച്വര്‍ പ്രഫഷണല്‍ നാടങ്ങളിലെ അഭിനേതാവായിരുന്ന രാധാകൃഷ്ണന്‍ കൂത്തുപറമ്പ് മികച്ച ഗായകനുമായിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ രമേശ് നാരായണന്റെ ജ്യേഷ്ഠ സഹോദരനാണ് രാധാകൃഷ്ണന്‍.

പേരാമ്പ്ര ലാസ്റ്റ് കല്ലോട് സ്വദേശിയാണ് മുഹമ്മദ് പേരാമ്പ്ര. പത്താം വയസ്സ് മുതല്‍ തന്നെ അഭിനയ രംഗത്ത് സജീവമായ മുഹമ്മദ് പേരാമ്പ്ര 1980 മുതലാണ് പ്രൊഫെഷണല്‍ നാടക രംഗത്തേക്ക് കടന്നത്. ചിരന്തന തിയേറ്റേഴ്‌സിന്റെ നാടകങ്ങളില്‍ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങള്‍ ചെയ്തു. 15 വര്‍ഷത്തോളം ചിരന്തനയുമായി സഹകരിച്ചു.

പിന്നീട് വടകര വരദ, കെ.പി.എ.സി, കൊച്ചിന്‍ കലാസമിതി, തിരുവനന്തപുരം അക്ഷരകല തുടങ്ങി വിവിധ നാടക സമിതികളില്‍ ശ്രദ്ധേയമായ നൂറിലേറെ വേഷങ്ങള്‍ ചെയ്തു. ഇതിനകം നിരവധി പുരസ്‌കാരങ്ങളും മുഹമ്മദ് പേരാമ്പ്രയെ തേടിയെത്തിയിട്ടുണ്ട്.

Summary: Radhakrishnan Koothuparam Memorial Drama Award to Mohammad Perampra