” വെളിച്ചത്തിന്റെ പൊരുള്‍ തേടി” മര്‍കസ് മാലിക് ദീനാര്‍ വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിച്ച ഖുര്‍ആന്‍ ഫെസ്റ്റിവെല്ലിന് പ്രൗഢഗംഭീരമായ സമാപനം
കൊയിലാണ്ടി: ‘വെളിച്ചത്തിന്റെ പൊരുള്‍ തേടി’ എന്ന പ്രമേയത്തില്‍ പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ അന്നബഅ് സംഘടിപ്പിച്ച ഖുര്‍ആന്‍ ഫെസ്റ്റിവല്‍ ക്യൂ-കൗന്‍ 3.0 സമാപിച്ചു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പരിപാടിക്ക് ആശംസകളറിയിച്ചു. സമാപന സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗം വി.എംമുഹിയുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പുറക്കാട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ച ചടങ്ങില്‍ ഇസ്സുദ്ദീന്‍ സഖാഫി പുല്ലാളൂര്‍ അധ്യക്ഷത വഹിച്ചു.
ഒരു മാസത്തിലധികം നീണ്ടു നിന്ന ഖുര്‍ആന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി വ്യത്യസ്ത പദ്ധതികളാണ് അന്നബഅ് ഒരുക്കിയത്. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിലെ വിഖ്യാത ഗ്രന്ഥമായ മുഖദ്ദിമതുല്‍ ജസരിയ്യയുടെ അഖില കേരളാ ആശയ മന:പാഠ മത്സരം, സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ അഖില കേരളാ ഖുര്‍ആന്‍ മെഗാ ക്വിസ്, മത്സ്യത്തൊഴിലാളി സംഗമം, യന്‍സ്പാനിംഗ് ഖുര്‍ആന്‍ ഫെസ്റ്റ്, ദ്വിദിന ഖുര്‍ആന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ്, ഖുര്‍ആന്‍ പ്രഭാഷണം തുടങ്ങിയവ ശ്രദ്ധേയമായി.
കേരളത്തിലെ വിവിധ ദഅവാ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം മുതഅല്ലിമുകള്‍ സംബന്ധിച്ച ഖുര്‍ആന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ 12 സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങളില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, മുഹിയുദ്ദീന്‍ സഅദി കൊട്ടുക്കര, ശാഫി സഖാഫി മുണ്ടമ്പ്ര,സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മുഹിയുദ്ദീന്‍ ബുഖാരി, ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ, സജീര്‍ ബുഖാരി, ഡോ:ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, സി.പി ഉബൈദുല്ല സഖാഫി, പി.എം.അയ്യൂബ് മൗലവി, ഖാരിഅ് ഹനീഫ് സഖാഫി, യൂനുസ് സഖാഫി കൊയിലാണ്ടി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ അവതരണങ്ങളും ചര്‍ച്ചകളുമാണ് നടന്നത്. റഹ്‌മതുല്ലാഹ് സഖാഫി എളമരം ഖുര്‍ആന്‍ പ്രഭാഷണം നടത്തി.
ഖുര്‍ആന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അന്നബഅ് ബുക്‌സ് പുറത്തിറക്കിയ ‘പൊരുള്‍’ സുവനീര്‍ സമാപന വേദിയില്‍ പ്രകാശനം ചെയ്തു. മുഖദ്ദിമതുല്‍ ജസരിയ്യ, യന്‍സ്പാനിംഗ് ഖുര്‍ആന്‍ ഫെസ്റ്റ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിന് വി.എം.മുഹിയുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി.