” അതീവ ശ്രദ്ധവേണം, കൊയിലാണ്ടി സ്റ്റാന്റിലിറങ്ങി നടക്കുമ്പോള്‍, കാല്‍നടയാത്രക്കാര്‍ക്ക് ബസ് ഡ്രൈവര്‍മാരും പരിഗണന നല്‍കണം’ ; വയോധിക ബസിനടിയില്‍പ്പെട്ട് മരണപ്പെട്ടതിന് പിന്നാലെ കൊയിലാണ്ടി ബസ് സ്റ്റാന്റിലേ സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചോദ്യമുയരുന്നു


കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ കീഴരിയൂര്‍ സ്വദേശി ബസിടിച്ച് മരണപ്പെട്ട സംഭവത്തോടെ ബസ് സ്റ്റാന്റിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ചോദ്യമുയരുന്നു. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ആദ്യമായല്ല ഇത്തരമൊരു അപകടമരണം സംഭവിക്കുന്നത്. രണ്ട് മാസത്തിന് മുമ്പ് സമാനമായ രീതിയില്‍ കുറുവങ്ങാട് സ്വദേശിയും മരണപ്പെട്ടിരുന്നു. ഒന്നര വര്‍ഷം മുമ്പ് നെല്ല്യാടി സ്വദേശിയായ യുവതിയും ഇതേ രീതിയില്‍ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ മരണപ്പെട്ടിരുന്നു.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡും ടൗണ്‍ഹാളിലേക്ക് പ്രവേശിക്കുന്ന കവാടവും മേല്‍പ്പാലത്തിലേക്കുള്ള റോഡും മാര്‍ക്കറ്റ് ജങ്ഷനിലേക്ക് പോകേണ്ട ചെറുറോഡുമെല്ലാം സന്ധിക്കുന്നത് ബസുകള്‍ സ്റ്റാന്റിലേക്ക് കയറുന്നിടത്ത് തന്നെയാണ്. താമരശ്ശേരി, അരിക്കുളം, പേരാമ്പ്ര ഭാഗത്തുനിന്നുള്ള ബസുകളെല്ലാം സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതും സ്റ്റാന്റില്‍ നിന്ന് പുറത്തുപോകുന്നതും ഇതേ വഴി തന്നെയാണ്. ഇതിന് പുറമേ ഇതേ റൂട്ടുകളില്‍ നിന്ന് വരുന്ന മിക്ക ബസുകളും സ്റ്റാന്‍ില്‍ ആളെ ഇറക്കാനായി ഈ പ്രവേശന വഴിയ്ക്ക് തൊട്ടടുത്തായുള്ള ഭാഗത്താണ് നിര്‍ത്താറുള്ളത്.

ആളുകളെ ഇറക്കാറുള്ള സ്ഥലത്തിന് നേരെ എതിര്‍ഭാഗത്താണ് വടകര, മുചുകുന്ന്, മേപ്പയ്യൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്ന ട്രാക്കാനുള്ളത്. ഈ ട്രാക്കില്‍ നിന്ന് പുറത്തുപോകുന്ന ബസുകള്‍ പിറകോട്ട് എടുത്താണ് അതത് റൂട്ടുകളിലേക്ക് പോകുന്നത്. കൂടാതെ താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ബസ് സ്റ്റാന്റിന്റെ എതിര്‍വശത്തുള്ള ട്രാക്കില്‍ നിന്നും ഇതുവഴി പ്രധാന പ്രവേശന കവാടത്തിലൂടെ പുറത്തുപോകുകയും ചെയ്യും.

അഞ്ച് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മിക്ക റൂട്ടുകളിലും ബസുമുണ്ട്. ഒരു മിനിറ്റിനുള്ളില്‍ തന്നെ നിരവധി ബസുകളാണ് സ്റ്റാന്റിലേക്ക് കടക്കുന്നത്. രണ്ടും മൂന്നും ബസുകള്‍ ഒരേസമയം പ്രവേശന കവാടത്തിന് സമീപത്തായി ആളെ ഇറക്കുന്നത്. ബസിറങ്ങി പോകുന്ന യാത്രക്കാരെ സംബന്ധിച്ച് സ്റ്റാന്റിനുള്ളിലേക്ക് പോകുന്നത് ഏറെ പ്രയാസകരവും അപകടകരവുമാണ്. പ്രായമായവര്‍ക്കാണ് ഏറെ പ്രയാസം. അപ്പുറവും ഇപ്പുറവുമെല്ലാം ബസ് നിങ്ങുന്നത് കാണുന്നതോടെ പലരും പരിഭ്രാന്തരായാണ് കടന്നുപോകുന്നത്. അപകടം സംഭവിക്കാന്‍ സാധ്യത ഏറെയുമാണ്. ഇന്നലത്തെ അപകടത്തിലടക്കം മരണപ്പെട്ടവരെല്ലാം വയോധികരാണ്.

ബസ് സ്റ്റാന്റില്‍ രണ്ട് ട്രാക്കുകള്‍ ബസുകള്‍ക്ക് ആളെ ഇറക്കാന്‍ മാത്രമായി വിട്ടുനല്‍കുകയും ബസ് ജീവനക്കാര്‍ ഇവിടെ നിര്‍ത്തി മാത്രം ആളെ ഇറക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്താല്‍ വലിയൊരളവില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.

അരമണിക്കൂറും ഒരു മണിക്കൂറും ഗ്യാപില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് അതുവരെ നിര്‍ത്തിയിടാന്‍ സ്റ്റാന്റില്‍ സൗകര്യം കുറവാണ്. മിക്ക ബസുകളും ബസ് സ്റ്റാന്റിനുള്ളില്‍ തന്നെയാണ് നിര്‍ത്തിയിടാറുള്ളത്. പെര്‍മിറ്റ് കാലാവധി അവസാനിച്ചവതും തകരാറുകാരണം സര്‍വ്വീസ് നടത്താത്തതും ഗതാഗതക്കുരുക്കോ മറ്റോ കാരണം ട്രിപ്പ് ക്യാന്‍സല്‍ ചെയ്യേണ്ടിവരുന്ന ബസുകളുമെല്ലാം നിര്‍ത്തിയിടുന്നത് ഈ ഇടങ്ങളില്‍ തന്നെ. എതിര്‍വശത്തെ ട്രാക്കിലുള്ള ബസുകള്‍ക്ക് പിറകോട്ടെടുത്ത് അതത് റൂട്ടുകളിലേക്ക് പോകാന്‍ ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

കൊയിലാണ്ടിയിലെ ജി.വി.എച്ച്.എസ്, പന്തലായനി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളും ട്രെയിന്‍ യാത്രക്കാരുമടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ പുറത്തുപോകുന്നത് ടൗണ്‍ഹാളിന് മുമ്പിലായി വരുന്ന ബസ് സ്റ്റാന്റിലെ പ്രവേശന കവാടം വഴിയാണ്. ഈ ഭാഗം ഒട്ടും സുരക്ഷിതമല്ലതാനും. റോഡ് ക്രോസ് ചെയ്യാനായി ഇവിടെയുണ്ടായിരുന്ന സീബ്രാലൈന്‍ മാഞ്ഞിട്ട് മാസങ്ങളായി. മേല്‍പ്പാലത്തില്‍ നിന്ന് സ്റ്റാന്റിലേക്കും ദേശീയപാതയിലേക്കും പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്.

കൂടാതെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതും ഇതുവഴി തന്നെ. ദീര്‍ഘദൂര ബസുകള്‍ മിക്കതും അമിതവേഗതയിലാണ് സ്റ്റാന്റിലേക്ക് പ്രവേശിക്കാറുള്ളത്. മറ്റൊരു ബസ് സ്റ്റാന്റിലുണ്ടെങ്കില്‍ അതിനെ മറികടക്കാനുള്ള ശ്രമത്തില്‍ വേഗം കൂട്ടുക പതിവാണ്. റോഡ് മുറിച്ചുകടക്കാനായി കാത്തിരിക്കുന്നവര്‍ ഇത്തരം ബസുകളുടെ വരവ് കാണുമ്പോള്‍ ഭയന്നോടുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.

രാവിലെയും വൈകിട്ടും സ്റ്റാന്റില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയത്ത് ബസുകള്‍ കയറുന്നതും ഇറങ്ങുന്നതുമെല്ലാം സുരക്ഷിതമായും അതീവ ശ്രദ്ധയോടെയുമാണ് എന്ന് ഉറപ്പുവരുത്താന്‍ സംവിധാനങ്ങളുണ്ടാവണം. മൊബൈലില്‍ നോക്കിയും അശ്രദ്ധമായി സംസാരിച്ചും ഇതുവഴി കടന്നുപോകാതിരിക്കാന്‍ യാത്രക്കാരും ശ്രദ്ധിക്കണം. ട്രിപ്പുകട്ടായും പെര്‍മിറ്റ് കാലാവധി കഴിഞ്ഞുമൊക്കെ ദിവസങ്ങളോളം സ്റ്റാന്റില്‍ നിര്‍ത്തിയിട്ടുപോകുന്ന ബസുകള്‍ക്കെതിരെ നടപടിയുണ്ടാവുകയും വേണം. മാഞ്ഞുപോയ സീബ്രാലൈനുകള്‍ വീണ്ടും തെളിയാന്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് വിദ്യാര്‍ഥികളും കാല്‍നട യാത്രക്കാരും ആവശ്യപ്പെടുന്നു.