പി വി സത്യനാഥന്റെ മൃതദേഹം ഉച്ചയോടെ കൊയിലാണ്ടിയിലെത്തിക്കും; ടൗണ്‍ഹാളില്‍ പൊതുദര്‍ശനം


കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ മൃതദേഹം കൊയിലാണ്ടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ മൃതദേഹം കൊയിലാണ്ടിയിലേക്ക് കൊണ്ടുവരും.

കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സി.പി.എം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് സമീപം പൊതുദര്‍ശനത്തിനുവെക്കും. ശേഷം പെരുവട്ടൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് സത്യനാഥന് വെട്ടേറ്റത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സത്യനാഥന്റെ കഴുത്തിലും പുറത്തും നാലിലേറെ വെട്ടേറ്റിരുന്നു.

സത്യനാഥന്‍ നേരത്തെ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിരുന്നു. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലെക്‌സ് മാനേജരാണ്. പരേതരായ അപ്പു നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ്.

ഭാര്യ: ലതിക. മക്കള്‍: സലിന്‍നാഥ് (ആക്‌സിസ് ബാങ്ക്), സെലീന. മരുമക്കള്‍: അമ്പിളി, സുനു. സഹോദരങ്ങള്‍: വിജയന്‍ രഘുനാഥ്, സുനില്‍.