കൃത്യം നടന്നത് ഗാനമേളയുടെ അവസാന സമയത്ത് ഏവരുടേയും ശ്രദ്ധ പരിപാടിയിലായപ്പോള്‍; പി.വി.സത്യനാഥന്‍ ആക്രമിക്കപ്പെട്ടത് ചെറിയപ്പുറം ക്ഷേത്രകമ്മിറ്റി ഓഫീസിന് തൊട്ടുമുമ്പില്‍ വെച്ച്
കൊയിലാണ്ടി: അല്പംമുമ്പുവരെ ചിരിച്ച്, കുശലാന്വേഷണങ്ങള്‍ നടത്തി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വ്യക്തി ഇരുന്നിടത്തുനിന്ന് മറിഞ്ഞ് വീണ് കഴുത്തിലൂടെ രക്തമൊലിക്കുന്ന അവസ്ഥയില്‍ കണ്ടതിന്റെ ഞെട്ടലിലാണ് മുത്താമ്പി ചെറിയപുറം ക്ഷേത്രോത്സവത്തിന് ഒത്തുകൂടിയവര്‍. എന്താവാം സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാന്‍ വരെ അല്പസമയം വേണ്ടിവന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗാനമേള അവസാനിച്ചുകൊണ്ടിരിക്കെയായിരുന്നു ക്ഷേത്രത്തിന് മുമ്പിലായി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്‍ ആക്രമിക്കപ്പെട്ടത്.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു. ഭക്ഷണ പരിപാടികള്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് അവസാനിച്ചത്. പിന്നീട് രാത്രി എട്ടുമണിയോടെ ഗാനമേള ആരംഭിക്കുകയും ചെയ്തു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഗാനമേള കാണാനെത്തിയ സത്യനാഥന്‍ കുറച്ചുനേരം മകന്റെ കുട്ടിയെ എടുത്ത് കളിപ്പിച്ചു. പിന്നീട് കുഞ്ഞിനെ തിരികെ നല്‍കി ക്ഷേത്രത്തിലെ ഓഫീസിന് മുമ്പിലുണ്ടായിരുന്ന കസേരയില്‍ ഇരുന്നതായിരുന്നു.
ഓഫീസിന് ഏതാണ്ട് പിറകിലായാണ് ഗാനമേള നടക്കുന്ന വേദി. ഗാനമേള അവസാനിക്കാറായതോടെ ഓഫീസിന് മുമ്പില്‍ നില്‍ക്കുകയും ഇരിക്കുകയുമൊക്കെയായിരുന്ന ക്ഷേത്ര കമ്മിറ്റിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ശ്രദ്ധ അങ്ങോട്ടായി.
പിറകിലൂടെ വന്ന് കഴുത്തില്‍ വെട്ടിയതാണെന്നാണ് സംശയിക്കുന്നത്. ക്ഷേത്ര കമ്മിറ്റി ഓഫീസിന് മുമ്പില്‍ സി.സി.ടി.വിയുണ്ടെങ്കിലും കൊലപാതക ദൃശ്യങ്ങള്‍ അതില്‍ പതിഞ്ഞിട്ടില്ല. കഴുത്തിന് വെട്ടേറ്റ സത്യനാഥന്‍ കസേരയില്‍ നിന്നും താഴെ വീഴുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഈ സമയത്ത് ശബ്ദം കേട്ടാണ് കമ്മിറ്റിക്കാര്‍ അടക്കമുള്ളവര്‍ ഇങ്ങോട്ടുവരുന്നതും കൊലപാതക വിവരം അറിയുന്നതും. അപ്പോഴേക്കും പ്രതി സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞിരുന്നു.
ക്ഷേത്രമതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. തുടര്‍ന്ന് ഇയാള്‍ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന പ്രതി.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് സത്യനാഥന് വെട്ടേറ്റത്. സത്യനാഥന്റെ കഴുത്തിലും പുറത്തും നാലിലേറെ വെട്ടേറ്റിരുന്നു. കഴുത്തിലും മുതുകിലും മൂര്‍ച്ചയേറിയ വസ്തുകൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയാണ് ചെയ്തത്.
കൊലപാതകം നടന്ന ചെറിയപ്പുറം ക്ഷേത്രത്തില്‍ ഇന്നാണ് പ്രധാന ഉത്സവപരിപാടികള്‍ നടക്കേണ്ടിയിരുന്നത്. ഇന്നലെ നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. രാത്രി ഒമ്പതുമണിക്ക് ശേഷം ശുദ്ധികലശത്തോടുകൂടി ചടങ്ങ് അവസാനിപ്പിക്കും
ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലെക്‌സ് മാനേജരാണ് സത്യനാഥന്‍. പരേതരായ അപ്പു നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ്.
ഭാര്യ: ലതിക. മക്കള്‍: സലിന്‍നാഥ് (ആക്‌സിസ് ബാങ്ക്), സെലീന. മരുമക്കള്‍: അമ്പിളി, സുനു. സഹോദരങ്ങള്‍: വിജയന്‍ രഘുനാഥ്, സുനില്‍.