പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം:
തിരുവന്തപുരം:പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ നിയമ സഭാ സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. സ്പീക്കർ എ എൻ ഷംസീർ രാജിക്കത്ത് സ്വീകരിച്ചു. രാജിക്കത്ത് ഈ മാസം 11ന് കൊൽക്കത്തയിൽ വെച്ച് ഇ മെയിൽ വഴി സ്പീക്കർക്ക് കൈമാറിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഇന്ന് നേരിട്ടെത്തി അദ്ദേഹത്തിന് രാജിക്കത്ത് സമർപ്പിച്ചതെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായിസത്തിനെതിരെ അഞ്ച് മാസമായി പോരാടുന്ന തനിക്ക് പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി. മലയോര മേഖലയിൽ വനമൃഗ ശല്യം നേരിടുന്നവർക്കായി പോരാടുമെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിൻതുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് നിന്നുള്ള അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. നിലമ്പൂർ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നൽകുക. ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി.
എ.ഐ.സി.സി അംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി. വി. ഷൗക്കത്തലിയുടെ മകനായി 1967 മെയ് 26 ന് മലപ്പുറം എടവണ്ണയില്‍ ജനിച്ച അന്‍വര്‍ എം.ഇ.എസ്.മമ്പാട് കോളേജില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറിയും ചെയര്‍മാനുമായിരുന്നു. നിരവധി വ്യവസായ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന അന്‍വര്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്.