”ഇന്നലെ നീയൊരു സുന്ദരരാഗമായി…” പി.ഭാസ്‌കരന്റെ ഗാനങ്ങളും കവിതകളും ഒഴുകി, പി.ഭാസ്‌കരന്റെ ജന്മശതാബ്ദിയും പാട്ടെഴുത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികവുമായി കൊയിലാണ്ടിയിലെ പുരോഗമന കലാസാഹിത്യ സംഘം


കൊയിലാണ്ടി: ഓര്‍ക്കസ്ട്രയുടെ അകമ്പടിയില്‍ സി.അശ്വനി ദേവിന്റെ നേതൃത്വത്തിലുള്ള സംഘം പി.ഭാസ്‌ക്കരന്റെ ഗാനങ്ങളും കവിതകളുമാലപിച്ചപ്പോള്‍ സദസ്സ് എല്ലാം മറന്ന് അതില്‍ ലയിച്ചിരുന്നു. കൊയിലാണ്ടിയിലെ ഹാപ്പിനസ് പാര്‍ക്കില്‍ ‘ഇന്നലെ നീയൊരു സുന്ദരരാഗമായി’ ശ്രോതാക്കള്‍ക്ക് വേറിട്ട അനുഭവമായി. പി.ഭാസ്‌കരന്റെ ജന്മശതാബ്ദിയുടെയും പാട്ടെഴുത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.

പരിപാടി കന്മന ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.ശ്രീനിവാസന്‍ അധ്യക്ഷനായി. സുരേഷ് കല്പത്തൂര്‍, പി.വിശ്വന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.മധു സ്വാഗതം പറഞ്ഞു. പി ഭാസ്‌ക്കരന്റെ എഴുത്തും സിനിമ അടക്കമുള്ള വ്യത്യസ്ത തലങ്ങളെക്കുറിച്ച് സുനില്‍ തിരുവങ്ങുര്‍, റിഹാന്‍ റഷീദ്, നജീബ് മൂടാടി, മധു ബാലന്‍, എന്‍ഇ ഹരികുമാര്‍, മോഹനന്‍ നടുവത്തൂര്‍, ഡോ ലാല്‍ രഞ്ജിത്ത്, എ സുരേഷ് എന്നിവര്‍ പ്രഭാഷണം നടത്തി. മധു ബാലന്റെയും അബ്ദുള്‍ നിസാറിന്റെയും നേതൃത്വത്തിലുള്ള ഓര്‍ക്കസ്ട്രയുടെ അകമ്പടിയിലായിരുന്നു ഗാനങ്ങളും കവിതയും ആലപിച്ചത്.