സ്‌കൂളിലെ അടുക്കള മാലിന്യം സംസ്‌കരിക്കാന്‍ ഇനി എളുപ്പം; പുറക്കല്‍ പാറക്കാട് ഗവ എല്‍.പി. സ്‌കൂളില്‍ ഇനി സ്വന്തമായി ബയോഗ്യാസ് പ്ലാന്റ്


മൂടാടി: പുറക്കല്‍ പാറക്കാട് ഗവ: എല്‍.പി. സ്‌കൂളില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു. 61500 രൂപ ചെലവില്‍ നിര്‍മ്മിച്ച പ്ലാന്റ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. അഴുകിപ്പോവുന്ന പച്ചക്കറി മാലിന്യം, മത്സ്യ മാലിന്യം, ഇറച്ചി മാലിന്യം, എന്നിവ ഉപയോഗിച്ചുണ്ടാക്കാവുന്ന പാചക വാതക നിര്‍മാണ പ്ലാന്റാണ് പന്തലായനി ബോക്ക് പഞ്ചായത്ത് നിര്‍മിച്ച് നല്‍കിയത്.

സ്‌കൂളിലെ അടുക്കള മാലിന്യം സംസ്‌കരിക്കാനും എല്‍ പി.ജി സേവ് ചെയ്യാനും ചെടികള്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് വളമായി ഉപയോഗിക്കാവുന്ന സ്ലറിയും ഇതില്‍ നിന്ന് ലഭിക്കും. ഹെഡ്മിസ്ട്രസ് സുധ ഊരാളുങ്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജീവനന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അഭിനീഷ്, സീനിയര്‍ അസിസ്റ്റന്റ് റിനു എന്നിവര്‍ സംസാരിച്ചു. ഷൈലു, ബബിത, അനു, പ്രസീത, ഷംസീറ, സയിദ, വിനോദന്‍, സുര്‍ജിത്ത്, ഷാജു ,ദീപ ,നിഷ , ഇബ്രാഹിം എടോടി എന്നിവര്‍ പങ്കെടുത്തു.