പുറക്കാമല ഖനനം; ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ മൗനം വെടിയണമെന്ന് സി.പി.എ അസീസ്


ചെറുവണ്ണൂര്‍: പുറക്കാമല പ്രദേശത്ത് ഖനനം നടത്തി നൂറുകണക്കിന് കുടുംബങ്ങളുടെ ശുദ്ധവായുവും മണ്ണും ജലവും നഷ്ടപ്പെടുത്താനുള്ള ക്വാറി മാഫിയയുടെ നീക്കത്തിനെതിരെ ജനരോഷം ആളിപ്പടരുമ്പോള്‍ നിശ്ശബ്ദനായിരിക്കുന്ന പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ മൗനം വെടിയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സി.പി.എ അസീസ്. ജനകീയ പ്രക്ഷോഭത്തിന്റെ പേരില്‍ നിരപരാധികളെപ്പോലും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പോലീസ് നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണ സംവിധാനങ്ങള്‍ ഖനന മാഫിയയുടെ ചട്ടുകമാവരുത്. സ്ഥലം എം.എല്‍.എ അടിയന്തിരമായി സംഭവ സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. പി.കെ മൊയ്തീന്‍, സി.പി കുഞ്ഞമ്മദ്, എന്‍.എം കുഞ്ഞബ്ദുള്ള, സി.ടി അബ്ദുല്‍ അസീസ്, ബി.എം മൂസ്സ, എന്‍.യൂസഫ് ഹാജി, കെ.ടി.കെ കുഞ്ഞമ്മദ്, അബൂബക്കര്‍ കക്കറ മുക്ക്, മുഹമ്മദ് കാളിയെടുത്ത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടരി എം.വി.മുനീര്‍ സ്വാഗതവും ട്രഷറര്‍ കെ.കെ.നൗഫല്‍ നന്ദിയും പറഞ്ഞു.

Summary: Purakamala Mining; CPA azeez asks TP Ramakrishnan MLA to break his silence