ഇനിയെങ്കിലും പുളിയഞ്ചേരിക്ക് ആ കളിസ്ഥലം അനുവദിച്ചുകിട്ടണം; നവകേരള സദസ്സില്‍ മന്ത്രിമാര്‍ക്ക് മുമ്പില്‍ അപേക്ഷ നല്‍കാനൊരുങ്ങി പ്രദേശവാസികള്‍


പുളിയഞ്ചേരി: പുളിയഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികള്‍ക്ക് കളിക്കാനും പരിശീലനത്തിനും ഒരു കളിസ്ഥലം എന്ന ആവശ്യം പ്രദേശവാസികള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പുളിയഞ്ചേരി കോവിലേരി കനാലിന് സമീപത്തെ കണ്ണന്‍കണ്ടി കുന്നില്‍ ഇറിഗേഷന്റെ കൈവശമുള്ള 96 സെന്റ് സ്ഥലം ഇതിനായി കണ്ടെത്തിയതുമാണ്. സാങ്കേതികമായ നടപടിക്രമങ്ങളുടെ പേരില്‍ ഈ സ്വപ്‌നം നീണ്ടുപോകുന്ന സാഹചര്യത്തില്‍ നവകേരള സദസ്സില്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാര്‍.

തുടക്കം മുതല്‍ ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയ പുളിയഞ്ചേരിയിലെ കെ.ടി.എസ് വായനശാല പ്രവര്‍ത്തകരും പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമാണ് ജനകീയമായ ഈ ആവശ്യത്തിനുവേണ്ടി വീണ്ടും രംഗത്തിറങ്ങുന്നത്. ഇറിഗേഷന്റെ സ്ഥലം വിട്ടുകിട്ടാന്‍ വകുപ്പ് തമ്മിലുള്ള കൈമാറ്റം എന്ന നടപടിക്രമം മാത്രമേ ബാക്കിയുള്ളൂവെന്നും ഇതിനായി മന്ത്രിസഭ തീരുമാനം വേണം, അതിനുവേണ്ടി മുഖ്യമന്ത്രിയ്ക്കും ജലസേചന മന്ത്രി റോഷി അഗസ്റ്റിനും അപേക്ഷ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കെ.ടി.എസ് വായനശാല ഭാരവാഹിയായ രമേശന്‍ മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കെ.ദാസന്‍ കൊയിലാണ്ടി എം.എല്‍.എ ആയിരിക്കുന്ന കാലത്ത് ആരംഭിച്ചതാണ് കളിക്കളത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍. നഗരസഭ സ്ഥലം പരിശോധിച്ചതിന്റെയും ഇറിഗേഷനില്‍ നിന്നും അനുമതി നല്‍കിക്കൊണ്ടുള്ള രേഖകളും എല്ലാം സമര്‍പ്പിച്ചതാണ്. വകുപ്പ് തമ്മിലുള്ള കൈമാറ്റം കൂടി നടന്നാല്‍ ഇവിടെ സ്റ്റേഡിയമടക്കമുണ്ടാക്കാനുള്ള ഫണ്ട് നഗരസഭ നല്‍കുമെന്ന് അറിയിച്ചതാണെന്നും രമേശന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

പുളിയഞ്ചേരി ഭാഗത്തുള്ള കൊയിലാണ്ടി നഗരസഭയിലെ ഏഴ് വാര്‍ഡുകളില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് പരിശീലനത്തിനും കളിക്കാനും ഈ സ്ഥലം ഉപയോഗിക്കാന്‍ കഴിയുമെന്ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നിലവില്‍ കൊയിലാണ്ടി സ്റ്റേഡിയവും കുറുവങ്ങാട് മണക്കുളങ്ങര സ്റ്റേഡിയവുമാണ് കൊയിലാണ്ടിയിലുള്ളത്. ഇവിടേക്ക് അധികദൂരം പോകേണ്ടതിനാല്‍ കുട്ടികള്‍ക്ക് ആശ്രയിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും നിജില പറഞ്ഞു.

ഈ മേഖലയിലെ കുട്ടികള്‍ക്ക് കണിക്കാനോ കായിക പരിശീലനത്തിനോ പറ്റിയ സ്ഥലം നിലവില്‍ ഈ ഭാഗത്ത് ഇല്ലെന്ന് ഡി.വി.എഫ്.ഐ മേഖലാ സെക്രട്ടറി ജിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒഴിവുദിവസങ്ങളില്‍ പാലക്കുളം ബീച്ചിലാണ് കുട്ടികള്‍ കളിക്കാനായി പോകുന്നത്. ടര്‍ഫുകളില്‍ പൈസ കൊടുത്ത് കളിക്കുന്നവരുമുണ്ട്. ഇറിഗേഷന്റെ സ്ഥലം വിട്ടുകിട്ടിക്കഴിഞ്ഞാല്‍ അത് ഗ്രൗണ്ടാക്കിമാറ്റിയാല്‍ ഇവിടെയുള്ള നിരവധി കുട്ടികള്‍ക്ക് അത് ഉപയോഗപ്രദമാകുമെന്നും ജിജു പറഞ്ഞു.