ദളിത് ആദിവാസി കൂട്ടായ്മ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇന്ന്; പൊതുഗതാഗതം പതിവുപോലെ, കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടില്ല


കൊയിലാണ്ടി: സംവരണം അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് ദലിത് ആദിവാസി ബഹുജന്‍ സ്ത്രീ പൗരാവകാശ കൂട്ടായ്മ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കേരളത്തില്‍ പൊതുഗതാഗതത്തെയും സ്‌കൂളുകള്‍, പരീക്ഷകള്‍ തുടങ്ങിയവയെയും ഹര്‍ത്താല്‍ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ജനജീവിതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. കൊയിലാണ്ടിയില്‍ ബസ് സര്‍വ്വീസുകളെല്ലാം പതിവുപോലെ നടക്കുന്നുണ്ട്. കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

പട്ടികജാതി/വര്‍ഗ ലിസ്റ്റിനെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ഈ വിഭാഗങ്ങളില്‍ ക്രീമിലെയര്‍ നടപ്പാക്കാനും ആഗസ്റ്റ് ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലാചരിക്കുന്നത്. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മല അരയ സംരക്ഷണ സമിതി, എം.സി.എഫ് വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോത്ഥാന സഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.

പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. ദലിത്- ബഹുജന്‍ പ്രസ്ഥാനങ്ങള്‍ ദേശീയതലത്തില്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നാണ് പ്രധാന ആവശ്യം. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുമണിവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Summary:The hartal announced by the Dalit tribal community today. Public transport as usual, public life has not been affected by the hartal in Koyilandy