എം.പി.ടി.എ ഗ്രൂപ്പംഗങ്ങള്‍ മുന്നിട്ടിറങ്ങി; ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ഇനി വെണ്ടയും പയറും ചീരയും വിളയും
കൊയിലാണ്ടി: ആന്തട്ട ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി വിത്തിടല്‍ ചടങ്ങ് ആവേശകരമായിത്തന്നെ നടന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിലായി കൃഷിസ്ഥലമൊരുക്കലും ട്രാക്ടര്‍ പഠിക്കലുമായി അഹോരാത്രം പണിപ്പെട്ട എം.പി.ടി.എ ഗ്രൂപ്പിനെ സാക്ഷി നിര്‍ത്തി മുന്‍ എം.എല്‍.എയും ജൈവ കൃഷി പ്രായോക്താവുമായ കെ.ദാസന്‍ വിത്തുകള്‍ വിതച്ചു.
വെണ്ട, പയറുകള്‍, ചീര എന്നീ വിത്തുകളാണ് വിതച്ചത്. ജൈവ വളം മാത്രം ഉപയോഗിക്കുന്നതും ഡ്രിപ്പ് ഇറിഗേഷനുമാണ് ആന്തട്ട ഗവണ്‍മെന്റ് സ്‌കൂള്‍ കൃഷി രീതിയുടെ പ്രത്യകതകള്‍. ദേശീയ പാതക്കരികെ ഒരു വര്‍ഷത്തേക്ക് മുന്നാസ് ഗ്രൂപ്പ് വിട്ടു തന്ന 20 സെന്റ് സ്ഥലത്താണ് കൃഷി. 20 അംഗ എം.പി.ടി.എ ഗ്രൂപ്പാണ് കൃഷിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ്, പി.ജയകുമാര്‍, കെ.ഉസ്മാന്‍, കെ.ദീപ എന്നിവര്‍ പ്രസംഗിച്ചു.