‘പി.ടി പുതുതലമുറയ്ക്ക് മാർഗദർശി’; കൊയിലാണ്ടിയിൽ പി.ടി.തോമസിനെ അനുസ്മരിച്ച് കോൺഗ്രസ്


കൊയിലാണ്ടി: അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര മുൻ എം.എൽ.എയുമായ പി.ടി.തോമസിനെ കൊയിലാണ്ടിയിൽ അനുസ്മരിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സി.വി.ബാലൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ആദർശ ശുദ്ധിയും ഉറച്ച നിലപാടുകളും ഉയർത്തിപ്പിടിച്ച പി.ടിയെ പിൻതുടരാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉന്നത ചിന്തകൾ ബലികഴിച്ച് വിധേയരും അടിമകളുമാകേണ്ടവരല്ല പുതുതലമുറയെന്നും വർത്തമാനക്കാലത്തെ അപഗ്രഥിച്ചും പ്രതികരിച്ചും കൊണ്ട് നടത്തുന്ന രാഷ്ട്രീയപ്രവർത്തനം സത്യസന്ധമായ നിലപാടുകളോടെയാവണമെന്ന നിലപാടിൽ ഉറച്ചു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പി.ടിയെന്നും സി.വി.ബാലകൃഷ്ണൻ പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി.സുധാകരൻ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം പി.രത്നവല്ലി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. വി.ടി.സുരേന്ദ്രൻ, നടേരി ഭാസ്കരൻ, കെ.പി.വിനോദ് കുമാർ, മനോജ് പയറ്റുവളപ്പിൽ, കെ.അബ്ദുൾ ഷുക്കൂർ, സി.ഗോപിനാഥ്, അജയ് ബോസ്, ശശിധരൻ വി.കെ.എന്നിവർ സംസാരിച്ചു.