പേരാമ്പ്ര എസ്റ്റേറ്റിലെ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധം; എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ നേതൃത്വത്തില്‍ ഇന്ന് തൊഴിലാളികളുടെ പണിമുടക്ക്, എസ്റ്റേറ്റ് ഓഫീസ് ഉപരോധിക്കും
പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ ഒന്‍പതിന് തൊഴിലാളികള്‍ പണിമുടക്കി എസ്റ്റേറ്റ് ഓഫീസ് ഉപരോധിക്കും. പ്രശ്‌നത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അനശ്ചിതകാല പ്രക്ഷോഭം തുടങ്ങുമെന്നും തോട്ടം തൊഴിലാളി യൂണിയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.സുനില്‍, എസ്റ്റേറ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.ജെ.റെജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എസ്റ്റേറ്റില്‍ കാട്ടാന നശിപ്പിച്ചതും കാറ്റില്‍ ഒടിഞ്ഞുവീണതുമായ റബ്ബര്‍മരങ്ങളാണ് ലേലത്തില്‍ വില്‍ക്കുന്നത്. ഇതിന്റെ തൂക്കത്തില്‍ കൃത്രിമം കാണിച്ച് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്. ക്രമകേട് നടക്കുന്നുണ്ടെന്ന വിവരം നേരത്തേതന്നെ മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഈ വിഷയത്തില്‍ അന്വേഷണമൊന്നുമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ എസ്റ്റേറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ക്കും കോഴിക്കോട് വിജിലന്‍സിനും പരാതിനല്‍കുകയും ചെയ്തിരുന്നു.
ടണ്ണിന് 4100 രൂപ നിരക്കിലാണ് കരാര്‍. മൂന്നുവര്‍ഷമായി ഒരാള്‍തന്നെയാണ് കരാറെടുത്തത്. കോഴിക്കോട് വെയ്ബ്രിഡ്ജില്‍ തൂക്കിയതിന്റെ ബില്‍ ഹാജരാക്കുന്നത് പ്രകാരമാണ് പ്ലാന്റേഷന്‍ തുക അനുവദിക്കുന്നത്. ശരാശരി 25 ടണ്‍മുതല്‍ 29 ടണ്‍വരെ മരമാണ് ഒരു ലോറിയില്‍ കൊണ്ടുപോകാറുള്ളത്. ഇത് ലോറിയില്‍ കയറ്റുന്നതിന് ചുമട്ടുതൊഴിലാളികള്‍ക്ക് കൃത്യമായി തുക നല്‍കുന്നുണ്ട്. എന്നാല്‍, കോര്‍പ്പറേഷനില്‍ അടയ്ക്കുന്ന തുക 15 ടണ്‍ മുതല്‍ 20 ടണ്‍ വരെയാണെന്നാണ് വിവരാവകാശപ്രകാരം ലഭിച്ച വിവരം. 324 ലോഡ് മരം വില്‍പ്പനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. മരത്തിന്റെ തൂക്കം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി എസ്റ്റേറ്റ് മാനേജര്‍ ചുമതലപ്പെടുത്തിയ ജീവനക്കാര്‍ സ്ഥിരമായി കൂടെപ്പോകാറുണ്ട്. എന്നാല്‍, വ്യാജ ബില്‍ തയ്യാറാക്കി കൂടെപ്പോകുന്ന ഉദ്യോഗസ്ഥന്‍ മുഖേന എസ്റ്റേറ്റ് ഓഫീസില്‍ നല്‍കാറാണ് പതിവെന്ന് നേതാക്കള്‍ ആരോപിക്കുന്നു.
മരം വില്‍പ്പന നടത്തുന്നത് പെരുമ്പാവൂരിലാണ്. ഇവിടെ മരത്തിന്റെ യഥാര്‍ഥതൂക്കത്തിന് അനുസരിച്ചാണ് കരാറുകാരന്‍ ചുമട്ടുതൊഴിലാളികള്‍ക്ക് കൂലിനല്‍കുന്നത്. പ്ലാന്റേഷന്‍ ഉദ്യോഗസ്ഥര്‍ എസ്റ്റേറ്റിലെത്തി അന്വേഷണം നടത്തിയെങ്കിലും ഒരുനടപടിയും ഉണ്ടായിട്ടില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ എം.ബി. പ്രദീപന്‍, കെ. വിനോദ്, കെ.കെ. ഷീബ എന്നിവര്‍ പങ്കെടുത്തു.
Summary:Protest over lack of action on complaint of irregularity in timber auction in Perampra Estate