കൊയിലാണ്ടി സംസ്കൃത കോളേജിൽ അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രതിഷേധം; നിർത്തലാക്കിയ പി.ജി കോഴ്സുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യം
കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രതിഷേധം. കോളേജില്‍ വേദാന്തം പി.ജി കോഴ്സ് നിര്‍ത്തലാക്കിയതിനെതിരെയുള്ള എസ്.എഫ്.ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് അധ്യാപകരെ പൂട്ടിയിട്ടത്.
ക്യാമ്പസിലെ എല്ലാ അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ടിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്.
പി.ജി റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായാണ് സംസ്‌കൃതം സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നിന്ന് എം.എ വേദാന്തം കോഴ്സ് നിര്‍ത്തലാക്കിയത്. ബി.എ വേദാന്തം കോഴ്സ് നിലവിലുള്ള സാഹചര്യത്തില്‍ പി.ജി കോഴ്സ് എടുത്തുമാറ്റുന്നത് തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധമായ നിലപാടാണ് എന്നാരോപിച്ചാണ് എസ്.എഫ്.ഐ സമരം ആരംഭിച്ചത്. ഇത്തരത്തില്‍ കോഴ്‌സ് നിര്‍ത്തലാക്കിയത് കൊയിലാണ്ടി സെന്ററിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പറയുന്നു.
ഇതിന് പുറമെ കൊയിലാണ്ടി സെന്ററില്‍ നിലവിലുണ്ടായിരുന്ന എം.എ ഹിന്ദി ഒഴിവാക്കുകയുണ്ടായി. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പി.ജി പ്രവേശനത്തിന് മുന്‍പ് അഡ്മിഷന്‍ നടക്കുകയും റാങ്ക് ലിസ്റ്റില്‍ മുകളില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അഡ്മിഷന്‍ എടുത്ത ശേഷം കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിച്ചപ്പോള്‍ ടി.സി വാങ്ങുകയും ചെയ്തപ്പോഴാണ് മുന്‍വര്‍ഷങ്ങളില്‍ ഹിന്ദി എം.എ കോഴ്സിന് കുട്ടികള്‍ കുറഞ്ഞത്.
അഡ്മിഷന്‍ പ്രക്രിയ പ്രായോഗികമായ രീതിയില്‍ പരിഷ്‌കരിച്ചാല്‍ ഹിന്ദി വിഭാഗത്തില്‍ പഠിക്കുവാന്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികളെ പ്രാദേശിക കേന്ദ്രത്തില്‍ ലഭ്യമാകും. റീ സ്ട്രക്ചറിംഗില്‍ സര്‍വകലാശാല കൊയിലാണ്ടിയിലേക്ക് പുതുതായി അനുവദിച്ച ഫിലോസഫി കോഴ്സ് അഡ്മിഷന്‍ കുറവായതിനാല്‍ തുടങ്ങും മുന്‍പ് ഒഴിവാക്കുന്ന അവസ്ഥയും നിലവിലുണ്ട്.ഫിലോസഫി റാങ്ക് ലിസ്റ്റിന്റെ എണ്ണം പരിശോധിച്ചാല്‍തന്നെ കാലടി മുഖ്യ കേന്ദ്രത്തില്‍ ഒഴികെ മറ്റെങ്ങും കോഴ്സ് നടത്താനുള്ള വിദ്യാര്‍ഥികളെ ലഭിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.
സര്‍വകലാശാലയുടെ പ്രാദേശികകേന്ദ്രങ്ങളില്‍ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സെന്റര്‍ എന്ന നിലയില്‍ കൊയിലാണ്ടിയില്‍ പി.ജി കോഴ്സുകള്‍ നിലനില്‍ക്കേണ്ടതുണ്ട്. എം.എ വേദാന്തം പുനരാരംഭിക്കുകയും ഹിന്ദി പുനരാരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയും വേണമെന്നും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.