ബൈക്കിന് 10 രൂപ, കാറിന് 20 രൂപ, വലിയ വാഹനങ്ങൾക്ക് 100 രൂപ; കൊല്ലം ചിറയോരത്ത് വാഹന പാർക്കിങ്ങിന് ഫീസ് ഏർപ്പെടുത്തി പിഷാരികാവ് ദേവസ്വം, പ്രതിഷേധവുമായി നാട്ടുകാർ
കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയ പിഷാരികാവ് ദേവസ്വത്തിന്റെ തീരുമാനം വിവാദത്തില്‍. നവംബര്‍ ഒന്ന് മുതല്‍ ചിറയോരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കും എന്ന് അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പിന്നാലെ നാട്ടുകാരും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപ, നാല് ചക്ര വാഹനങ്ങള്‍ക്ക് 20 രൂപ, വലിയ വാഹനങ്ങള്‍ക്ക് 100 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഫീസ് നല്‍കിയാലും മൂന്നു മണിക്കൂര്‍ സമയമാണ് പാര്‍ക്കിങ് അനുവദിക്കുക എന്നും ബോര്‍ഡില്‍ പറയുന്നു.
കൊയിലാണ്ടിക്കാരും പുറത്തുള്ളവരും ഉള്‍പ്പെടെ നിരവധി പേരാണ് നേരത്തേ മുതല്‍ തന്നെ ദേശീയപാതയോരത്തെ കൊല്ലം ചിറയുടെ സൗന്ദര്യം ആസ്വദിക്കാനായി എത്തിയിരുന്നത്. ചിറയുടെ ഒന്നാം ഘട്ട നവീകരണത്തിന് ശേഷം ഇവിടെയെത്തുന്ന ആളുകളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചു.
നീന്തല്‍ പഠിക്കാനും കുളിക്കാനുമായി ചിറയിലെത്തുന്നവരും ഒരുപാടുണ്ട്. ഏത് സമയവും ചിറയോരത്ത് വാഹനങ്ങളുടെ നിര കാണാം. ശബരിമല സീസണ്‍ ആകുമ്പോള്‍ സാധാരണക്കാര്‍ക്ക് പുറമെ അയ്യപ്പഭക്തരും ഇവിടെ കൂട്ടമായി എത്തുന്നു. ശബരിമല തീര്‍ത്ഥാടകര്‍ കൊല്ലം ചിറയോരത്ത് വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം സീസണ്‍ കാലത്തെ പതിവ് കാഴ്ചയാണ്.