മേപ്പയ്യൂര്‍ പുലപ്രക്കുന്നില്‍ ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലത്ത് നീരുറവകള്‍; മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള മണ്ണെടുപ്പ് ഇനിയും അനുവദിക്കില്ലെന്ന നിലപാടില്‍ പ്രദേശവാസികള്‍


Advertisement

മേപ്പയൂര്‍: പുലപ്രക്കുന്നില്‍ നിന്നുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള മണ്ണെടുപ്പ് കാരണം പ്രദേശവാസികള്‍ ഭീതിയില്‍. മണ്ണെടുത്ത പ്രദേശത്ത് നീരുറവകള്‍ കണ്ടുതുടങ്ങിയതോടെ ജനങ്ങളുടെ ഭീതി വര്‍ധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ മണ്ണെടുപ്പ് പ്രദേശവാസികള്‍ ഇടപെട്ട് തടഞ്ഞു.

ദേശീയപാതാ നിര്‍മ്മാണത്തിനായി വാഗാഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയാണ് കുത്തനെ ചരിഞ്ഞ കുന്നില്‍ നിന്നും അശാസ്ത്രീയമായി മണ്ണ് തുരന്ന് കൊണ്ടു പോകുന്നത്. ബഞ്ചിംഗ് സംവിധാനം പാലിക്കാതെ എടുക്കുന്ന മണ്ണെടുപ്പിനെ തുടര്‍ന്ന് നീരുറവപൊട്ടി ഒലിക്കുകയായിരുന്നു. ഏത് സമയത്തും മണ്ണിടിച്ചലുണ്ടാകാമെന്ന ഭീതിയിലാണ് പ്രദേശത്തോടെ നൂറോളം കുടുംബങ്ങളെന്ന് പുലപ്രക്കുന്ന് സംരക്ഷണ സമിതി കണ്‍വീനര്‍ സിബില ചന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

ജനങ്ങള്‍ സമരം ചെയ്തതിനെ തുടര്‍ന്ന് മേപ്പയൂര്‍ സി.ഐ വഗാഡ് അധികൃതരുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ കമ്പനി പാലിക്കുന്നില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വന്‍തോതില്‍ മണ്ണ് ഇവിടെ നിന്നും കൊണ്ടുപോകുന്നത്. ഇനിയും ഇത് അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ശക്തമായ മഴയെ തുടര്‍ന്ന് വലിയ തോതില്‍ നീരുറവകളുണ്ടാകുകയും പ്രദേശത്തെ പത്തോളം വീടുകളുടെ സമീപത്ത് വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. അന്ന് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്തത്. ഈ നിലയ്ക്ക് പോയാല്‍ അടുത്ത കാലവര്‍ഷ സമയത്ത് നീരുറവകള്‍ വലിയ തോതില്‍ കൂടുമെന്നും പ്രദേശത്ത് താമസിക്കാന്‍ കഴിയാത്ത സ്ഥിതിവരുമെന്നും അവര്‍ വ്യക്തമാക്കി.

Advertisement

ജില്ലാ ജിയോളജിസ്റ്റും റവന്യു അധികാരികളും വന്ന ശേഷമെ ഇനി മണ്ണെടുക്കാവൂ എന്ന നിലപാടിലാണ് പ്രദേശവാസികള്‍. പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് രാജന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള മണ്ണെടുപ്പ് അനുവദിക്കാനാവില്ലെന്നാണ് പഞ്ചായത്തിന്റെയും നിലപാട്. അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തുന്നവരെ മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Advertisement

2023 മുതല്‍ വഗാഡ് ഒരു സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള കുന്നില്‍ നിന്ന് മണ്ണെടുപ്പ് തുടരുകയാണ്. അളവില്‍ കൂടുതല്‍ മണ്ണെടുത്തതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപ്പെട്ട് തടഞ്ഞത് കൊണ്ട് മണ്ണ് ഖനനം നിലച്ചിരുന്നു. എട്ട് ലക്ഷത്തോളം രൂപ പിഴ അടച്ചതിന് ശേഷം ഇവര്‍ വീണ്ടും മണ്ണെടുക്കയായിരുന്നു. നിരന്തരമായ വഗാഡ് കമ്പനിയുടെ നിയമ ലംഘനം അനുവദിക്കുകയില്ലെന്ന് സംരക്ഷണ സമിതി കണ്‍വീനര്‍ സിബില ചന്ദ്രന്‍ പറഞ്ഞു.

Summary: protest against land mining in Pulaprakkunnu, Meppayyur