കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ നാളെ മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല; അനിശ്ചിതകാലത്തേക്ക് തൊഴില്‍ ബഹിഷ്‌കരിക്കുകയാണെന്ന് ജീവനക്കാര്‍


കൊയിലാണ്ടി: കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ മുഴുവന്‍ സ്വകാര്യ ബസ് തൊഴിലാളികളും നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് തൊഴില്‍ ബഹിഷ്‌കരിക്കുന്നു. ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മടപ്പള്ളി കോളേജ് സ്‌റ്റോപ്പില്‍ നിന്നും സീബ്രാലൈന്‍ മുറിച്ച് കടക്കുമ്പോള്‍ ഉണ്ടായ അപകടത്തില്‍ ഡ്രൈവറുടെ ലൈസെന്‍സ് ആജീവനാന്തം റദ്ദാക്കിയത് പുനപരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരിക്കുന്നത്.

ദേശീയപാത പ്രവൃത്തിയിലെ അശാസ്ത്രീയത കാരണം കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ പല ഭാഗത്തും വെള്ളകെട്ടും കുഴികളുമാണ്. ഇത് കാരണം ഈ റൂട്ടില്‍ ഗതാഗതക്കുരുക്ക് പതിവാണെന്ന് ബസ് ജീവനക്കാരനായ സന്ദീപ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനത്തിന്റെ മെയിന്റന്‍സ് ചെലവും കൂടുതലാണ്. പലപ്പോഴും കുഴിയില്‍പ്പെട്ട് ടയറും മറ്റും കേടാവുകയാണ്. ഇരുപത്തിയഞ്ചായിരത്തോളം രൂപ ചെലവും വരും ഒരു ടയര്‍ മാറ്റാന്‍. ഈ നിലയില്‍ ബസ് സര്‍വ്വീസ് മുന്നോട്ടുകൊണ്ടുപോവുകയെന്നത് നഷ്ടമാണ്. തൊഴിലാളികളെ സംബന്ധിച്ച് ഗതാഗതക്കുരുക്ക് കാരണം ആഹാരം കഴിക്കാന്‍ പോലും സമയമുണ്ടാവാറില്ലെന്നും സന്ദീപ് പറഞ്ഞു.

പല ഭാഗങ്ങളിലായി മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കില്‍പെടുന്നത്. ട്രിപ്പ് ഒഴിവാക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ പതിവാണ്. രാവിലെ അഞ്ച് മണിക്കൊക്കെ ജോലി തുടങ്ങുന്ന ഡ്രൈവര്‍മാര്‍ ഗതാഗതക്കുരുക്ക് കാരണം ട്രിപ്പ് അവസാനിപ്പിക്കുന്നത് രാത്രി ഏറെ വൈകിയാണ്. ഉറങ്ങാന്‍ പോലും സമയം കിട്ടാറില്ല. ഈ സാഹചര്യത്തിലാണ് കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളിലെയും ജീവനക്കാര്‍ നാളെ മുതല്‍ തൊഴില്‍ ബഹിഷ്‌കരിക്കുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു.