അമിത വേ​ഗതയിൽ കുതിച്ചെത്തി സ്വകാര്യ ബസ്; കോഴിക്കോട് സീബ്രാലൈൻ മുറിച്ചുകടക്കുന്ന വിദ്യാർത്ഥിനിയെ ബസ് ഇടിച്ചു തെറിപ്പിച്ചു


കോഴിക്കോട്: സീബ്രാ ലൈനിലൂടെ അതീവ ശ്രദ്ധയോടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്. കോഴിക്കോട് ചെറുവണ്ണൂരിലാണ് സംഭവം. ഇടിയുടെ ആഘാത്തിൽ ബസിനടിയിലിേക്ക് തെറിച്ചുവീണ കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിന അത്ഭുതകരമായി രക്ഷപ്പെട്ടു.

ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുകയായിരുന്നു ഫാത്തിമ. സീബ്ര ലൈനിലൂടെ ഇരുവശത്തും നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്ന ഫാത്തിമയെ അമിത വേഗതയിൽ വന്ന ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ബസ്സിനടിയിലേക്ക് വീണുപോയി. സംഭവ സ്ഥലത്തുണ്ടായിരുന്നവർ നടുങ്ങിനിൽക്കവേ, ഫാത്തിമ ബസ്സിനടിയിൽ നിന്ന് സ്വയം എഴുന്നേറ്റുവരികയായിരുന്നു. വെള്ളിയാഴ്ച ആയിരുന്നു സംഭവം.

അമിത വേഗതയിൽ വന്ന ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ഫാത്തിമയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. സീബ്രാ ലൈനിലൂടെയുള്ള ബസുകളുടെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം. അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിദ്യാർഥിനിയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.