കാക്കൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്



കാക്കൂർ: ബാലുശ്ശേരി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. കാക്കൂർ പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ ഒരു സ്ത്രീയടക്കം നിരവധി പേർക്ക് പരിക്കേറ്റു.

കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇത്തിഹാദ് ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാക്കൂകുഴിയിൽ അയിഷ മൻസിൽ അബൂബക്കൂറിൻ്റെ വീടിന്റെ മതിലിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് മരങ്ങൾ മുറിഞ്ഞ് വീണു. തെങ്ങ്, മാവ് എന്നിവയാണ് മുറിഞ്ഞ് വീണത്. മുറിഞ്ഞ മരം തൊട്ടടുത്ത കടയുടെ മുകളിലേക്കാണ് പതിച്ചത്. എഎസ്ഐ കെ.കെ.ലിനീഷിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി.