‘ഉപ്പിന്റെ വിലയില്‍ ഒറ്റക്കുതിപ്പാണ്, എല്ലാ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ആഴ്ച കണക്കിനും മാസ കണക്കിനും വില കൂടിയാലെന്തു ചെയ്യും?’ വിലക്കയറ്റത്തെക്കുറിച്ച് കൊയിലാണ്ടിയിലെ പലചരക്ക് കച്ചവടക്കാര്‍ ചോദിക്കുന്നു



കൊയിലാണ്ടി:
”എല്ലാ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ആഴ്ച കണക്കിനും മാസ കണക്കിനും വില കൂടിയാലെന്തു ചെയ്യും?” എന്ന് ചോദിക്കുകയാണ് കൊയിലാണ്ടിയിലെ പലചരക്ക് വ്യാപാരികള്‍. ഉപ്പ് മുതല്‍ സോപ്പ് വരെ എല്ലാ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നത് സാധാരണക്കാരെയെന്നപോലെ കച്ചവടക്കാരെയും ബാധിച്ചിട്ടുണ്ട്. വസ്തുക്കളുടെയും വില ഉയരാന്‍ തുടങ്ങിയതോടെ കച്ചവടവും കുറഞ്ഞു.

പാക്കറ്റ് ഉല്പന്നങ്ങളെയാണ് വില ആദ്യം കയറി പിടിച്ചത്. രണ്ടു മാസം മുന്‍പ് പത്തു രൂപയായിരുന്നു ഉപ്പിനു പെട്ടെന്ന് പതിമൂന്ന് രൂപയായി. സോപ്പിന്റെ വിലയും പൊടുന്നെനെ വര്‍ദ്ധിച്ച അവസ്ഥയാണ്. രണ്ടു മാസം മുന്‍പ് ഇരുപത്തിയാറു, ഇരുപത്തിയേഴ് രൂപയായിരുന്ന സോപ്പിന്റെ വില ഇപ്പോള്‍ മുപ്പത്തിയഞ്ച് രൂപയായി കൂടിയെന്ന് കൊയിലാണ്ടി മാര്‍ക്കറ്റിലെ ബിഗ് ബസാര്‍ കട നടത്തുന്ന തന്‍സീര്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടിയില്‍ പഴയ പോലെ കച്ചവടമൊന്നുമില്ലെന്നാണ് കഴിഞ്ഞ 40 വര്‍ഷക്കാലമായി കൊയിലാണ്ടിയില്‍ കച്ചവടം നടത്തുന്ന റഹീം പറയുന്നത്. ഇപ്പോള്‍ മാര്‍ക്കറ്റിനടുത്ത് കൈരളി എന്റര്‍പ്രൈസസ് എന്ന കട നടത്തുകയാണ് അദ്ദേഹം. വിലക്കയറ്റം കാരണം അത്യാവശ്യ സാധനങ്ങള്‍ മാത്രമേ ആളുകള്‍ വാങ്ങിക്കുന്നുള്ളൂ. കഴിഞ്ഞ കുറച്ചുകാലത്തെ സ്ഥിതി പറയുകയാണെങ്കില്‍ അരിയ്ക്ക് ചെലവ് വളരെ കുറവാണ്. റേഷന്‍ കടകള്‍ വഴി ആളുകള്‍ക്ക് ആവശ്യത്തിന് അരി കിട്ടുന്നതിനാല്‍ ഒട്ടുമിക്കയാളുകളും റേഷനെ തന്നെയാണ് ആശ്രയിക്കുന്നത്. അരിവിലയില്‍ വലിയ മാറ്റം വരാത്തത് ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം, പൊന്നി അരിയുടെയും ബിരിയാണിക്ക് ഉപയോഗിക്കുന്ന കയമ അരിയുടെയും വില വര്‍ധിച്ചിട്ടുണ്ട്. പൊന്നി അരിക്കും രണ്ടു മാസത്തിനുള്ളില്‍ രണ്ട് രൂപ കൂടി മുന്തിയ ഇനം പൊന്നി അരിക്ക് നാല്പത്തിയാറു രൂപയായി. സാധാ പൊന്നി അരിക്ക് മുപ്പതില്‍ നിന്ന് മുപ്പത്തിരണ്ടായി വില ഉയര്‍ന്നു. കയമ അരിയുടെ വിലയില്‍ പത്തുരൂപയോളമാണ് വര്‍ധിച്ചതെന്നും റഹീം പറയുന്നു. ഗോതമ്പ് ഉല്പന്നങ്ങളുടെ വിലയും നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് തന്‍സീര്‍ പറയുന്നത്. ആട്ടയുടെയും മൈദയുടെയും റവയുടേയുമെല്ലാം വിലയില്‍ രണ്ട് മൂന്ന് രൂപയുടെ വര്‍ധനവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വെളിച്ചെണ്ണയ്ക്ക് വില താഴ്ന്ന നിലയിലാണിപ്പോള്‍. എന്നാല്‍ ഓയിലിന്റെ വില അടുത്തിടെ കുതിച്ചുയര്‍ന്നിരുന്നു. പത്ത് ലിറ്ററിന്റെ ഒരു ബോക്‌സിന്റെ വില 1100 രൂപയില്‍ നിന്ന് 1550 രൂപയിലേക്ക് കുതിച്ചു ചാടുകയായിരുന്നു. ഇപ്പോള്‍ വില കുറഞ്ഞു തുടങ്ങുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പയറുവര്‍ഗങ്ങളുടെ വിലയാണ് വലിയ മാറ്റമില്ലാതെ തുടരുന്നത്. ചെറുപയറും കടലയുമെല്ലാം കുറച്ചുകാലമായി കിലോ എണ്‍പത് എണ്‍പത്തിയഞ്ച് നിലയില്‍ തുടരുന്നു. 150 രൂപയോളം കിലോയ്ക്ക് ഉണ്ടായിരുന്ന പട്ടാണിക്കടലയുടെ വില കുത്തനെ ഇടിഞ്ഞ് എഴുപത്തിയഞ്ചിലേക്ക് എത്തിയിട്ടുണ്ട്. നമ്മുടെ ഭക്ഷണ രീതിയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയെന്ന നിലയില്‍ ഈ പയറുവര്‍ഗങ്ങള്‍ക്ക് വില ഉയരാത്തത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.

നോട്ടുനിരോധനം മുതല്‍ തുടങ്ങിയതാണ് വ്യാപാരികളുടെ പ്രതിസന്ധിയെന്നാണ് റഹീം പറയുന്നത്. ‘നോട്ട് നിരോധനമാണ് ആദ്യമായി മാര്‍ക്കറ്റിനെ ബാധിച്ചത്, പിന്നീട് കച്ചവടത്തെ പോലും സ്തംഭിപ്പിച്ച് കോവിഡ് വന്നു. കൂടുതലും വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന സംവിധാനങ്ങള്‍ ആളുകള്‍ ആശ്രയിക്കാന്‍ തുടങ്ങി, ഒപ്പം റേഷനും. അതൊന്നു മാറി വരാന്‍ തുടങ്ങുമ്പോഴാണ് കോവിഡ് കാലത്ത് കൂടാതിരുന്ന വില എല്ലാം ഒറ്റയടിക്ക് കൂടിയത്’.