കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (25/02/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ജില്ലാ തല ഉദ്ഘാടനം ഫെബ്രുവരി 27 ന്

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 27 ന് രാവിലെ സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ തുറമുഖ മ്യൂസിയം ആര്‍ക്കിയോളജി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് വി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ എ, ഡിവിഷന്‍ കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, ആശുപത്രി സൂപ്രണ്ട് ഡോ സുജാത എം, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

വെറ്റിനറി സര്‍വ്വകലാശാല ഗവേഷണ കേന്ദ്രം; നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ കാക്കൂരിലെ ഗവേഷണ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു. സര്‍വ്വകലാശാലക്ക് ഭൂമി കൈമാറുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. സര്‍വേയര്‍, സ്പെഷ്യല്‍ ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു.
എഡിഎം സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് ടി ജോര്‍ജ്, സ്പെഷ്യല്‍ ഓഫീസര്‍ ഡോ.ഇ.എം മുഹമ്മദ്, തഹസില്‍ദാര്‍ ഗോകുല്‍ ദാസ് കെ, തഹസില്‍ദാര്‍(എല്‍ ആര്‍)വി. എന്‍ ദിനേശ് കുമാര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി സുനില്‍കുമാര്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എം ഷാജി, സെക്രട്ടറി കെ മനോജ്, പഞ്ചായത്ത് അംഗം നസിര്‍ വി, ചേളന്നൂര്‍ ബിഡിഒ കെ രജിത, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റോഡുകള്‍ ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ പടിക്കല കണ്ടി -പുതിയോട്ടില്‍ റോഡും മുണ്ടാടത്ത് – കുനിയേടത്ത് റോഡും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. അജ്‌നഫ്, എം.ഷീല , സി. ലതിക ,സന്ധ്യ ഷിബു, രബിത്ത്, സി.ബിജോയ് ,ശശി അമ്പാടിഷിബു, ഷരീഫ് മാസ്റ്റര്‍, പി.വത്സല എന്നിവര്‍ പങ്കെടുത്തു.

ബി.എം.സി ശാക്തീകരണ പരിശീലനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് (കെഎസ്ബിബി) ജില്ലയിലെ ജൈവ വൈവിധ്യ പരിപാലന സമിതികളുടെ (ബിഎംസി) ശാക്തീകരണത്തിനായി നടത്തുന്ന ജില്ലാതല പരിശീലന പരിപാടി ഫെബ്രുവരി 28 (തിങ്കളാഴ്ച) രാവിലെ 9.30 മുതല്‍ കോഴിക്കോട് ടാഗോര്‍ സെന്റീനറി ഹാളില്‍ നടക്കും. പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് മുഖൃാതിഥിയാകും.

‘വായ്പാ വിതരണവും പുതിയ പദ്ധതികള്‍ പരിചയപ്പെടുത്തലും’ പരിപാടി തിങ്കളാഴ്ച

പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘വായ്പാ വിതരണവും പുതിയ പദ്ധതികള്‍ പരിചയപ്പെടുത്തലും’ പരിപാടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചെറുവണ്ണൂര്‍ വി വണ്‍ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച (ഫെബ്രുവരി 28) രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ യു.ആര്‍ പ്രദീപ് അദ്ധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ അംഗങ്ങളും ജനപ്രതി നിധികളും പങ്കെടുക്കും.

‘മഹാമാരിക്കാലത്തെ പെണ്ണകങ്ങള്‍’ വെബിനാര്‍ നാളെ

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജന്‍ഡര്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വെബിനാര്‍ നാളെ (ഫെബ്രുവരി 26). ‘മഹാമാരിക്കാലത്തെ പെണ്ണകങ്ങള്‍’ എന്ന വിഷയത്തില്‍ രാവിലെ 11 മണിക്ക് വെബിനാര്‍ ആരംഭിക്കും. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫ. പി.എ ബേബി ശാരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എ.പി ഭവിത മോഡറേറ്ററാകും.
മീറ്റിങ് ലിങ്ക് https://meet.google.com/cxq-nhqs-mdo

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു

2022ലെ ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിദായകര്‍ക്കുളള ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു. ‘എന്റെ ഭാവിയാണ് എന്റെ വോട്ട്’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംഗീതം, വീഡിയോ നിര്‍മാണം, പോസ്റ്റര്‍ ഡിസൈന്‍, പരസ്യ വാചകം ഇനങ്ങളിലായി മത്സരം നടത്തും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്.

മത്സരപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ സൃഷ്ടികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദവിവരങ്ങള്‍ സഹിതം മാര്‍ച്ച് 15ന് മുമ്പായി [email protected] -ലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം, താലൂക്ക് ഇലക്ഷന്‍ വിഭാഗം എന്നിവിടങ്ങളില്‍നിന്നും അറിയാവുന്നതാണ്. വെബ്‌സൈറ്റ്: https://voterawarenesscontest.in/

മണ്ണെണ്ണ പെര്‍മിറ്റ്: പരിശോധന ഫെബ്രുവരി 27 ന്

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 16 ന് നടത്താനിരുന്ന മത്സ്യബന്ധന യാനങ്ങളുടെയും എഞ്ചിനുകളുടെയും പരിശോധന ഫെബ്രുവരി 27ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ ജില്ലയിലെ 27 കേന്ദ്രങ്ങളില്‍ നടക്കും. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മത്സ്യബന്ധന യാന ഉടമകള്‍ യാനവും എഞ്ചിനും മറ്റുഅനുബന്ധ രേഖകളും സഹിതം മുമ്പ് നിശ്ചയിക്കപ്പട്ടിട്ടുള്ള കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 2383780.

ക്വട്ടേഷന്‍

സിവില്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍(ജനറല്‍) കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍(സ്വന്തമായി ഇ-കാര്‍ ലഭ്യമാകുന്നതുവരെ)എസി കാര്‍/എസി ജീപ്പ് (ഡ്രൈവര്‍ ഉള്‍പ്പെടെ)പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് 0495 2371055.

ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് നിയമനം

തലക്കുളത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് നിയമിക്കുന്നു. കൂടിക്കാഴ്ച്ച മാര്‍ച്ച് അഞ്ചിന്് രാവിലെ 11 മണിക്ക് മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ നടക്കും. കേരള അംഗീകൃത ഡി ഫാം കോഴ്സ്, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ബയോഡാറ്റ സഹിതം മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0495 2853005.

സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിലെ ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലേയ്ക്ക് താല്‍കാലിക സൈക്കോളജിസ്റ്റിനെ (ഫീമെയില്‍) നിയമിക്കുന്നു. കൂടികാഴ്ച രാവിലെ 11 മണിക്ക്. യോഗ്യത: സൈക്കോളജി\ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള ബിരുദം/ബിരുദാനന്തരബിരുദം. ഫോണ്‍: 9447231307

എഡ്യുക്കേറ്റര്‍ നിയമനം

വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിലെ ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ 2022-23 അധ്യായന വര്‍ഷത്തേക്ക് എഡ്യുക്കേറ്റര്‍ (ഫീമെയില്‍) തസ്തികയിലേക്കുള്ള കൂടികാഴ്ച മാര്‍ച്ച് നാലിന് ഉച്ചക്ക്് 2 മണിക്ക് നടക്കും. പ്രായ പരിധി 25 മുതല്‍ 40 വരെ. യോഗ്യത: ബി.എഡ് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 9447231307

കാപ്പാട് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് ഒഴിവ്

ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) കാപ്പാട് ബ്ലൂഫ്‌ലാഗ് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് തസ്തികയില്‍ ഒരു ഒഴിവ്.
താല്‍ക്കാലിക നിയമനം ആയിരിക്കും. 45 വയസ്സാണ് പ്രായപരിധി. യോഗ്യത +2. അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ ഉള്ളവരായിക്കണം.
സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), മാനാഞ്ചിറ, കോഴിക്കോട്- 673001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനെയോ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 12 .വിവരങ്ങള്‍ക്ക് 0495-2720012 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്‌സിന്‍, മാര്‍ക്കറുകള്‍, ബൂത്ത് – തെരുവ് ബാനറുകള്‍, പോസ്റ്ററുകള്‍, വിവിധ ഫോമുകള്‍, ബോധവല്‍ക്കരണ സന്ദേശങ്ങള്‍ തുടങ്ങിവയുടെ വിതരണം പൂര്‍ത്തിയായി. 5 വയസ്സ് വരെയുള്ള 2,29,975 കുട്ടികള്‍ക്കാണ് ഞായറാഴ്ച (ഫെബ്രുവരി 27) പോളിയോ പ്രതിരോധ തുള്ളി മരുന്ന് നല്‍കുന്നത്. ജില്ലയിലുടനീളം 2208 ബൂത്തുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്. 125 കുട്ടികള്‍ക്ക് ഒരു ബൂത്ത് എന്ന രീതിയിലാണ് ക്രമീകരണം. ബൂത്തുകള്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കും. ഓരോ ബൂത്തിലും 2 വാക്‌സിനേറ്റര്‍മാര്‍ ഉണ്ടായിരിക്കും. യാത്രക്കാരുടെയും മറ്റും സൗകര്യാര്‍ത്ഥം റെയില്‍വേ സ്റ്റേഷനുകള്‍ ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 51 ട്രാന്‍സിറ്റ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകുന്നേരം 8 വരെ ഈ ബൂത്തുകളില്‍ നിന്ന് തുള്ളി മരുന്ന് ലഭിക്കുന്നതാണ്. ഇതര സംസ്ഥാന തൊഴിലാളികളെയും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളെയും ലക്ഷ്യം വെച്ച് 64 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും.

ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തിയ്യതികളില്‍ വളണ്ടിയര്‍മാര്‍ വീടുകകളിലെത്തി അഞ്ച് വയസ്സില്‍ താഴെയുള്ള ഏതെങ്കിലും കുഞ്ഞിന് തുള്ളി മരുന്ന് നല്‍കാന്‍ വിട്ടു പോയിട്ടുണ്ടോ എന്ന് പരിശോധിക്കും. ജില്ലയിലെ 809356 വീടുകളില്‍ ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. 3986 ടീമുകളായി 7988 ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരെയും 335 സൂപ്പര്‍വൈസര്‍ മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാനെത്തുന്നവര്‍ കോവിഡ് 19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയെല്ലാം ഞായറാഴ്ച പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുന്നതാണ്. കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകരും വോളണ്ടിയര്‍മാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിക്കുന്നത്.

ബൂത്തുകളില്‍ കുട്ടികളുമായി എത്തുമ്പോള്‍ കൈകള്‍ അണുവിമുക്ത മാക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.