കൊയിലാണ്ടിയിൽ വയോധികനെ ആക്രമിച്ച് പണം കവരാൻ ശ്രമം; അക്രമി സംഘത്തിൽ മൂന്ന് പേർ


കൊയിലാണ്ടി: വയോധികനെ ആക്രമിച്ച് പണം കവരാൻ ശ്രമം,കത്തി കാട്ടി ഭീഷണിപ്പെടുത്തിയത് മൂന്നു യുവാക്കൾ. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഉള്ള്യേരി കാഞ്ഞിക്കാവ് സ്വദേശിയായ വയോധികനു നേരെയാണ് അക്രമം ഉണ്ടായത്.

വയോധികൻ കൊയിലാണ്ടിയിൽ അടയ്ക്ക വിറ്റു വരുന്ന വഴി മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. റെയിൽവെ സ്റ്റേഷൻ റോഡിൽ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് പഴയ റെയിൽവെ ഗേറ്റിന് സമീപത്തു വച്ചാണ് ആക്രമിക്കാൻ ശ്രമിച്ചത്. മല്പിടുത്തത്തിൽ വയോധികന്റെ ഷർട്ട് കീറി പറഞ്ഞ നിലയിലായിരുന്നുവെന്നും പരുക്കകളൊന്നും സംഭവിച്ചിട്ടില്ല എന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

വെള്ളമുണ്ടും വെള്ള ഷർട്ടുമായിരുന്നു എഴുപത്തഞ്ചുകാരന്റെ വേഷം. കനം കുറഞ്ഞ തരം തുണി ആയിരുന്നതിനാൽ പണം പോക്കറ്റിനുള്ളിൽ വച്ചിരുന്നത് കണ്ടതാകാം എന്നാണ് അനുമാനം. തന്റെ കയ്യിൽ നിന്ന് ആയിരം രൂപ അവർ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

അക്രമത്തെ തുടർന്ന് ഇയാൾ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ്.ഐ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. മൂന്ന് യൂവാക്കളാണ് അക്രമിസംഘത്തിലുള്ളത് എന്നാണ് വയോധികൻ പറഞ്ഞത്.