ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനടയില്‍ പുലിയുടെ സാന്നിധ്യമെന്ന് സംശയം; വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പരിശോധന നടത്തി ഡെപ്യൂട്ടി റെയ്ഞ്ചര്‍
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയില്‍ പുലിയിറങ്ങിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി റെയിഞ്ചര്‍ സ്ഥലം പരിശോധിച്ചു. കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് നരിനടയില്‍ പുലിയുടെ സാന്നിധ്യം ഉളളതായി നാട്ടുകാര്‍ സംശയിക്കുന്നു.
കൂടാതെ ഒരു ആടിനെ കൊന്ന് ഭക്ഷിച്ച നിലയില്‍ പ്രദേശത്ത് കണ്ടെത്തിയിരുന്നെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിനെ തുടര്‍ന്ന് വാര്‍ഡില്‍ ഡെപ്യൂട്ടി റെയിഞ്ചര്‍ ബൈജു നാഥ്, പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍,വാര്‍ഡ് മെംമ്പര്‍ ബിന്ദു സജി, നിഖില്‍ നരിനട എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രദേശത്ത് പുലിയുടെ സാന്നിധ്യം സംശയിക്കുന്ന സ്ഥലങ്ങളിലെ കാല്പാടുകള് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യുട്ടി റെയിഞ്ചര്‍ അറിയിച്ചു.