ഹജ്ജ് യാത്രയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നാളെ മുതല്‍, മേയ് 9ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും


കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത തീര്‍ത്ഥാടകര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പുകള്‍ നാളെ ആരംഭിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെയ് ആറിന് കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ വച്ച് ആരംഭിക്കും.

ഒന്‍പതിന് കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി, കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വെച്ചും ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

രാവിലെ 9മണി മുതല്‍ വൈകിട്ട് 4മണി വരെയാണ് സമയം. അതേ സമയം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ വഴിയുള്ള ഹജ്ജ് യാത്രയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. യാത്രയുടെ അന്തിമ ഷെഡ്യൂള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാകും.

കരിപ്പൂര്‍ വഴി 10,371 പേരും കണ്ണൂര്‍ വഴി 3,113 പേരും കൊച്ചി വഴി 4,239 പേരുമാണ് ഹജ്ജിനായി പോവുന്നത്. സംസ്ഥാനത്ത് നിന്നുളള 37 പേര്‍ ബെംഗളൂരു, അഞ്ച് പേര്‍ ചെന്നൈ, മൂന്ന് പേര്‍ മുംബൈ പുറപ്പെടല്‍ കേന്ദ്രങ്ങള്‍ വഴിയാണ് യാത്ര പുറപ്പെടുക.