വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെങ്ങനെ? ; ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കുന്ന മാധ്യമസെമിനാറിനുള്ള ഒരുക്കങ്ങളില്‍ കൊയിലാണ്ടി


കൊയിലാണ്ടി: കെ.എസ്.ടി.എയുടെ 34ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജനുവരി 20ന് കൊയിലാണ്ടിയില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20ന് വൈകുന്നേരം നാലുമണിക്ക് സൂരജ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് സെമിനാര്‍ നടക്കുന്നത്. സെമിനാര്‍ പാര്‍ലമെന്റ് അംഗവും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി.വി.ജിജോ, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന ടീച്ചര്‍ എന്നിവരും പങ്കെടുക്കുന്നു.

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ 34ാം വാര്‍ഷിക സംസ്ഥാന സമ്മേളനം ഫെബ്രുവരി 14, 15, 16 തീയതികളിലായി കോഴിക്കോട് വെച്ചാണ് നടക്കുന്നത്. 13 വര്‍ഷത്തിനുശേഷമാണ് കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ആറ് മെഗാ സെമിനാറുകള്‍ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നടത്തപ്പെടുന്നു. ഇതിലൊന്നാണ് കൊയിലാണ്ടിയില്‍ നടക്കുന്ന മാധ്യമസെമിനാര്‍. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അധ്യാപകരും ബഹുജനങ്ങളും ജനാധിപത്യ വിശ്വാസികളും മതേതര വിശ്വാസികളും കൊയിലാണ്ടിയിലേക്ക് തിങ്കളാഴ്ച എത്തിച്ചേരും.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ വര്‍ത്തമാനകാലത്ത് എങ്ങനെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും മാധ്യമങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ പുരോഗതിയിലും വികസനത്തിലും എന്തു പങ്കാണ് വഹിക്കാന്‍ കഴിയുക എന്നതും ഏറ്റവും പ്രസക്തമായ വിഷയമാണ്. അതുകൊണ്ടുതന്നെയാണ് കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജോണ്‍ ബ്രിട്ടാസ് എന്ന മാധ്യമപ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവും വളരെ കാലത്തിനു ശേഷമാണ് കൊയിലാണ്ടിയിലേക്ക് ഒരു പൊതു പരിപാടിയില്‍ എത്തിച്ചേരുന്നത് അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലും സന്തോഷത്തിലുമാണ് കൊയിലാണ്ടിയില്‍ ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ ഈ പരിപാടിയെ സമീപിക്കുന്നത്. വിപുലമായ സംഘാടകസമിതിയാണ് ഇതിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ വിളിച്ചു ചേര്‍ത്തത്. കാനത്തില്‍ ജമീല എം.എല്‍.എ ചെയര്‍മാനും ഡി.കെ.ബിജു കണ്‍വീനറുമായ 101 അംഗ സംഘാടക സമിതിയാണ് സെമിനാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഓഡിറ്റോറിയത്തിന് പുറത്തും ബ്രിട്ടാസിനെ കേള്‍ക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് സംഘാടകര്‍. കൊയിലാണ്ടിയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും അധ്യാപകരെയും ജനാധിപത്യ വിശ്വാസികളെയും സെമിനാറിലേക്ക് ക്ഷണിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഡി.കെ.ബിജു, ഡോ.പി.കെ.ഷാജി, ബി.കെ.പ്രവീണ്‍കുമാര്‍, കെ.കെ.ഗോപിനാഥ്, ജി.ആര്‍.സജിത് എന്നിവര്‍ പങ്കെടുത്തു.