കൊടൈക്കനാലിലെ ഗുണാകേവ് കൊയിലാണ്ടിയിലും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കോംപ്‌കോസ് കൊയിലാണ്ടി ഫെസ്റ്റ് ഡിസംബര്‍ 20 മുതല്‍


കൊയിലാണ്ടി: മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി – കോംപ്‌കോസ് ആഭിമുഖ്യത്തില്‍ നടത്തുന്ന കൊയിലാണ്ടി ഫെസ്റ്റിന് ഡിസംബര്‍ 20ന് തുടക്കമാവും. കൊയിലാണ്ടി റെയില്‍വേ മേല്‍പാലത്തിന് കിഴക്ക് വശം മുത്താമ്പി റോഡില്‍ പഴയ ടോള്‍ ബൂത്തിന് സമീപമാണ് ഫെസ്റ്റ് ഒരുങ്ങുന്നത്. ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോപ്‌കോസ് ഭാരവാഹികള്‍ അറിയിച്ചു.

ഗുണാകേവാണ് ഫെസ്റ്റിന്റെ പ്രധാന സവിശേഷത. കൊടൈക്കനാലിലെ ഗുണാ കേവിന്റെ മാതൃകയില്‍ ഒരുക്കുന്ന ഇത്തരമൊരു പ്രദര്‍ശനം വടക്കേ മലബാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന പക്ഷികളെ തുറന്നു വിട്ടുകൊണ്ടുള്ള പക്ഷികളുടെ അത്ഭുത ലോകമാണ് മറ്റൊരു പ്രത്യേകത.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന നിരവധി അമ്യൂസ്‌മെന്റ് ഉപകരണങ്ങള്‍, ഫുഡ് കോര്‍ട്ട്, വ്യാപാര സ്റ്റാളുകള്‍, ഫാമിലി ഗെയിം, കാര്‍ഷിക നഴ്‌സറി എന്നിവയ്ക്ക് പുറമെ സ്റ്റേജ് പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായിസംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് മൂന്ന് മുതല്‍ രാത്രി 9.30 വരെ നടക്കുന്ന പ്രദര്‍ശനം ജനുവരി അഞ്ച് വരെ തുടരും.

വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റ് ഡിസം 20ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സഹകരണ ബാങ്ക് പ്രസിഡണ്ടുമാര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. ഫെസ്റ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തില്‍ ഘോഷയാത്രയും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ അഡ്വ. കെ.സത്യന്‍, പി.ബാബുരാജ് സി.കെ.മനോജ്, എം.ബാലകൃഷ്ണന്‍, അഡ്വ. പി.പ്രശാന്ത്, ബിന്ദു സോമന്‍, അനില്‍ പറമ്പത്ത്, ഷാഫി അമീര്‍ജാന്‍, പി.വി.അനുഷ തുടങ്ങിയവര്‍ പങ്കെടുത്തു.