കാവല്‍ കൈരളിയുടെ സംസ്ഥാന കവിതാ പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം നേടി മുചുകുന്ന് സ്വദേശി പ്രേമന്റെ കവിത ‘വില്ലുവണ്ടിയും കാത്ത്’


കൊയിലാണ്ടി: കേരള പൊലീസ് അസോസിയേഷന്‍ മുഖമാസികയായ കാവല്‍ കൈരളിയുടെ സംസ്ഥാന കവിതാ പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം നേടി മുചുകുന്ന് സ്വദേശി പ്രേമന്‍. വില്ലുവണ്ടിയും കാത്ത് എന്ന കവിതയ്ക്കാണ് പുരസ്‌കാരം.

വില്ലുവണ്ടിയും കാത്ത് എന്ന കവിതയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ പുരസ്‌കാരമാണിത്. നേരത്തെ കോഴിക്കോട് ജില്ലാതലത്തില്‍ നടന്ന വി.കെ.പ്രമോദ് സ്മാരക കവിതാ പുരസ്‌കാരത്തില്‍ ഈ കവിത ഒന്നാമത്തെത്തിയിരുന്നു. 113 കവിതകളില്‍ നിന്നാണ് ‘വില്ലുവണ്ടിയും കാത്ത്’ പുരസ്‌കാരത്തിന് അര്‍ഹമായത്. കൂടാതെ മല്‍ഹാര്‍ ഗ്രൂപ്പ് നടത്തിയ മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറാണ് പ്രേമന്‍. നാടക രംഗത്ത് ഇതിനകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘യയാതി’ എന്ന നാടകത്തെ 2012ല്‍ കേന്ദ്രമാനവ വിഭവശേഷി വകുപ്പ് ഇന്ത്യയിലെ മികച്ച നാടകമായി തെരഞ്ഞെടുത്തിരുന്നു. കൂടാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മലയാളം നാടക മത്സരത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ആദ്യ മൂന്ന് സ്ഥാനങ്ങളിലേതെങ്കിലും നേടാന്‍ പ്രേമന്റെ നാടകങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. കൂടാതെ കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവ മത്സരങ്ങക്കും അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്ക് ആദ്യസ്ഥാപനങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

നേരത്തെ പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. മുചുകുന്ന് കുഞ്ഞിക്കൃഷ്ണന്‍ നായരുടെയും മാതുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: അമ്പിളി (പൊലീസ് സൊസൈറ്റി). മക്കള്‍: അഭിനന്ദ് പ്രേംകൃഷ്ണ, അഭിറാം പ്രേംകൃഷ്ണ.