”ഒരേച്ചുകെട്ടോ പൊങ്ങച്ച പ്രകാശവിസ്മയങ്ങളോ സംഗീത പ്രഹരങ്ങളോ ഇല്ലാത്ത തനി സ്വാഭാവിക അവതരണം” പ്രേമന്‍ മുചുകുന്ന് സംവിധാനം ചെയ്ത ഇമ്മള് എന്ന നാടകത്തെക്കുറിച്ച് അജാസ് വി.അരവിന്ദ് എഴുതിയ കുറിപ്പ് വായിക്കാം
മുചുകുന്ന്: പ്രേമന്‍ മുചുകുന്ന് സംവിധാനം ചെയ്ത ‘ഇമ്മള്’ എന്ന നാടകം നാടകപ്രേമികളുടെ മനംകവരുന്നു. ഏച്ചുകെട്ടില്ലാതെ വ്യത്യസ്തമായി ജീവിതം പറയുന്ന നാടകം എന്ന നിലയിലാണ് പൊതുവില്‍ ‘ഇമ്മള്’ വിലയിരുത്തപ്പെടുന്നത്. അജാസ് വി.അരവിന്ദ് ഇമ്മള് എന്ന നാടകത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
ഈ കഴിഞ്ഞ ജൂണ്‍ 14 ന് എറണാകുളം യാത്രയ്ക്കായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി ‘മാവേലി’ യില്‍ കയറണം. 9.30 ന് റെയില്‍വേ സ്റ്റേഷനിലെത്തിയാല്‍ മതി. സമയം 7.30 ആയിട്ടേയുള്ളു. കൂരാച്ചുണ്ടില്‍ നിന്നും കയറിയ ബസ് പ്രതീക്ഷിച്ചതിലും നേരത്തെയെത്തി.
എങ്ങിനെ സമയം തള്ളി നീക്കും? ബാറില്‍ കയറിയാല്‍ പെട്ടുപോവും. ബാഗില്‍ മിക്‌സ് ചെയ്ത് വെച്ച ഒരല്‍പ്പം സാധനമുണ്ട് അത് എവിടെയെങ്കിലും വെച്ച് അകത്താക്കണം. പറ്റിയ സ്ഥലം ടൗണ്‍ഹാളിനും ആര്‍ട്ട് ഗാലറിയ്ക്കും സമീപമുള്ള ബാദാംമരമൂല തന്നെ.!
അപ്പോഴാണ് ടൗണ്‍ഹാളിന്റെ ഗേറ്റില്‍ തൂങ്ങിയ ഫ്‌ലക്‌സ് ബാനറില്‍ ‘ശാന്തനോര്‍മ്മ ‘ യെന്ന് കണ്ടത്. ഹാവു ആശ്വാസമായി. ശാന്തേട്ടന്‍ കട്ട ചങ്കായിരുന്നു. പണ്ട് ബുള്‍സ് ഐകള്‍’ ഒരുപാട് തവണ ഷെയര്‍ ചെയ്തിട്ടുണ്ട്!
ടൗണ്‍ഹാളിനകത്ത് നിറയെ ആളുകളുണ്ട്, പ്രസംഗമല്ല. സ്റ്റേജില്‍ നിന്ന് പട്ടി കുരയ്ക്കുന്ന ശബ്ദം! നാടകമാണ്
കണ്ടുകളായാം. പ്രവാസികള്‍ വിരിയിച്ചെടുക്കുന്ന നാടകങ്ങളല്ലാതെ നാട്ടില്‍ നിന്ന് ഒരു നാടകം കണ്ടിട്ട്
കുറേ നാളുകളായി! അതിനു മുമ്പ് ഒരിത്തിരി അകത്താക്കണം.
ധൃതിയില്‍ റെയിലിനടുത്തേക്ക് ചെന്നെങ്കിലും ആരുടേയും ശ്രദ്ധയില്‍പ്പെടാതെ തഞ്ചം നോക്കി ഒരു മൂന്ന് കവിള് അകത്താക്കുംമ്പോഴേയ്ക്കും പത്ത് പതിനഞ്ച് മിനുട്ടങ്ങ് പോയി !
ഫലം. നാടകം പകുതി ഭാഗം കഴിഞ്ഞു പോയിരിയ്ക്കുന്നു. ഏറ്റവും പിന്നില്‍ ചുമരും ചാരി നിന്നു. ആളുകള്‍ മുഴുവനായും കൗതുകത്തോടെ നാടകം ആസ്വദിക്കയാണ്.
രണ്ട് നടന്മാര്‍ വളരെ സ്വാഭാവികമായി പെരുമാറുന്നു. നാടകാഭിനയത്തിന്റെ ഒരു ലാഞ്ചന പോലുമില്ലാത്ത ചലനങ്ങള്‍!
കാണുന്നത് യാഥാര്‍ത്ഥ്യ കാഴ്ചയാണെന്ന് പ്രേക്ഷകരെ തോന്നിപ്പിച്ചു കൊണ്ട് ഒരു മേദസ്സുമില്ലാതെ, മാറിപ്പോയ ഇന്ത്യന്‍ യാഥാത്ഥ്യങ്ങളില്‍ സാധാരണ മനുഷ്യര്‍ അവര്‍ പോലുമറിയാതെ എങ്ങിനെയാണ് അകംകൊണ്ട് മാറിപ്പോവുന്നതെന്ന് വരച്ചു വെക്കുന്നു.
നാടകം വ്യാഖ്യാനിയ്ക്കാനറിയാത്ത ഒരു സാധാരണക്കാരനായ എന്റെ മനസ്സിനെ ‘ഇമ്മള്’അസാധാരണമായി
സ്വാധീനിച്ചു എന്നു പറയാതെ വയ്യ. പക്ഷേ നാടകം മുഴുവനും കാണാന്‍ കഴിയാതെ പോയതിന്റെ കുറ്റബോധം ബാക്കിയായി.
യാത്രയിലുടനീളം ആ നാടകം എങ്ങനെ എവിടെ വെച്ച് പൂര്‍ണ്ണമായും കാണാന്‍ പറ്റും എന്ന ചിന്തയിലായിരുന്നു. ചുരുക്കിപ്പറയട്ടെ. വാട്‌സ് ആപ്പിലെ ഒരു പോസ്റ്ററില്‍ കണ്ട പ്രകാരം കഴിഞ്ഞ രണ്ടാം തിയ്യതി (ജൂലായ് 2ന്)
ബേപ്പൂര്‍ ഹൈസ്‌കൂള്‍ സ്റ്റേജില്‍ വെച്ച് ഇമ്മള് എന്ന നാടകം സ്വസ്ഥമായി പൂര്‍ണമായി കണ്ടാസ്വദിയ്ക്കാന്‍ പറ്റി! ഈ തനി കോഴിക്കോടന്‍ നാടകം, കോഴിക്കോടന്‍ സ്‌നേഹത്തിന്റെ ഭാഷ സംസാരിയ്ക്കുന്ന നാടകം, ഏത് കലഹങ്ങള്‍ക്കിടയിലും സാധാരണ മനുഷ്യരുടെ മനസ്സില്‍ എങ്ങനെയാണ് മനുഷ്യത്വം പ്രതികരിയ്ക്കുന്നത് എന്ന് വ്യക്തമാക്കിത്തരുന്ന ഈ നാടകം, തീര്‍ച്ചയായും കേരളത്തിലെ മുഴുവന്‍ സഹൃദയരായ മനുഷ്യര്‍ക്കു മുമ്പിലും അവതരിപ്പിക്കണമെന്നാണ് ഒരു നാടക പ്രേമി എന്ന നിലയിലുള്ള എന്റെ വ്യക്തിപരമായ അഭിപ്രായം. ഒരേച്ചുകെട്ടോ
പൊങ്ങച്ച പ്രകാശവിസ്മയങ്ങളോ സംഗീത പ്രഹരങ്ങളോ ഇല്ലാത്ത തനി സ്വാഭാവിക അവതരണം കണ്ടു നില്‍ക്കാന്‍ തന്നെ, ഈ നാടകത്തില്‍ പറഞ്ഞ പോലെ വല്ലാത്തൊരു ഹരമാണ്…..!
നാടകത്തിന്റെ മനസ്സില്‍ നിന്ന് പ്രേക്ഷകരുടെ മനസ്സിലേക്ക് ലളിതമായി പാലം പണിത സംവിധായകന് ഒരുമ്മ! ഗ്രാമീണ ലാളിത്യത്തോടെ സംഗീതം ചിട്ടപ്പെടുത്തിയവനും ഒരുമ്മ!
പ്രേക്ഷകരുടെ കണ്ണുകളേയും കാതുകളേയും നിയന്ത്രിച്ചു നിര്‍ത്തി അവരുടെ ഹൃദയത്തില്‍ മനോഹരവും ചിന്താപരവുമായ ചിത്രങ്ങള്‍ വരച്ചു വെച്ച രണ്ട് അഭിനേതാക്കള്‍ക്ക് ഉമ്മകളോടൊപ്പം കിടക്കട്ടെ രണ്ട് കുതിരപ്പവന്‍!
ഇനിയുമുണ്ടാവട്ടെ ഇതു പോലുള്ള സോദ്ദേശപരമായ നാടകങ്ങള്‍! നാടകങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് പറക്കട്ടെ. അങ്ങനെ നാടകങ്ങള്‍ അര്‍ത്ഥപൂര്‍ണമാവട്ടെ. ഈ നാടകത്തിനു വേണ്ടി പണിയെടുത്ത എല്ലാവര്‍ക്കും
ആശംസകള്‍.