ലഹരിവില്‍പ്പനയിലൂടെ സമ്പാദിച്ച സ്വത്തുവകകള്‍ കണ്ടുകെട്ടും, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും; ലഹരിവില്‍പ്പന കേസുകളില്‍ പ്രതിയായ താമരശ്ശേരി സ്വദേശിയായ യുവാവിനെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ്
താമരശ്ശേരി: ലഹരി വില്‍പ്പനയ്‌ക്കെതിരെയുള്ള പൊലീസ് നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി സ്വദേശി കരുതല്‍ തടങ്കലിലാക്കും. കക്കാട് സ്വദേശിയായ ആലിപ്പറമ്പില്‍ വീട്ടില്‍ അഷ്‌കറിനെതിരെയാണ് (29) എന്‍.ഡി.പി.എസ്, പി.ഐ.ടി നിയമപ്രകാരം തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പന്നിയങ്കര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാണ് അഷ്‌കര്‍. 2024 ആഗസ്ത് മാസം വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ലോഡുമായി വന്ന ലോറിയുടെ ക്യാബിനകത്തുള്ള സ്പീക്കറില്‍നിന്ന് 1.198 കിലോഗ്രാം മാരകമയക്കുമരുന്നായ എം.ഡി.എം.എ പിടിച്ച കേസ്സിലും, പന്നിയങ്കര പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാര്‍വതിപുരത്തുള്ള പ്രതിയുടെ സുഹൃത്തായ സഞ്ജിത്ത് അലിയുടെ വീട്ടില്‍ നിന്നും 12.76 ഗ്രാം എം.ഡി.എം.എയും, തൂക്കാനുപയോഗിക്കുന്ന ചെറിയ ഇലക്ട്രോനിക്‌സ് ത്രാസും, എം.ഡി.എം.എ വില്‍പനയിലൂടെ സമ്പാദിച്ച 6,02,500/ രൂപയും കണ്ടെടുത്ത കേസ്സിലെ രണ്ടാം പ്രതിയുമാണ് അഷ്‌കര്‍.
പ്രതി ബാംഗ്ലൂരില്‍ നിന്നും റോഡ് മാര്‍ഗ്ഗം എം.ഡി.എം.എ മൊത്തമായി കൊണ്ടുവന്ന് വയനാട് കോഴിക്കോട് ജില്ലകളിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെയും യുവതി യുവാക്കളെയും, അന്യസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് വന്‍തോതില്‍ വില്‍പ്പന നടത്തുകയായിരുന്നു. ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
അതുപ്രകാരം പ്രതിയെ കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കോഴിക്കോട് സിറ്റിയില്‍ നിന്നും തടങ്കലില്‍ പാര്‍പ്പിക്കുന്ന നാലാമത്തെയാളാണ് അഷ്‌കര്‍. എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്താന്‍ ഉപയോഗിക്കുന്ന വാഹനം, ഇവര്‍ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവന്‍ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും പോലീസ് സ്വീകരിച്ചുവരുന്നുണ്ട്.
നിലവില്‍ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലില്‍ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് സ്വത്തുവകകള്‍ കണ്ടു കെട്ടാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാല്‍ ലഹരിക്കടുത്ത് സംഘങ്ങളുടെയും അവരെ ബന്ധുക്കളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കള്‍ കണ്ടു കെട്ടാനും നിയമമുണ്ട്. അവരെ സഹായിക്കുന്നവരെയും അടക്കം നിയമംകൊണ്ട് പൂട്ടാനാണ് പോലീസിന്റെ നീക്കം.
ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കര്‍ശന നടപടികളാണ് കോഴിക്കോട് ജില്ലാ പോലീസ് സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവടത്തിലെ മുഴുവന്‍ ആളുകളെയും പിടികൂടുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നാര്‍ക്കോട്ടിക് സെല്‍ അസി. പോലീസ് കമ്മീഷണര്‍ കെ.എ.ബോസ് അറിയിച്ചു.
Summary: Precautionary detention order issued against Thamarassery native accused in drug trafficking cases