ഈ മഴക്കാലം ആശങ്കാരഹിതമാക്കാം; മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ശുചീകരണത്തിന് ആരംഭം


കൊയിലാണ്ടി: നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ ശുചീകരണം ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിൽ 30 വാർഡുകളിലാണ് ശുചീകരണ പ്രവർത്തി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വഴി ആരംഭിച്ചത്. ബാക്കിയുള്ള വാർഡുകളിൽ നാളെ മുതൽ പ്രവൃത്തി ആരംഭിക്കുന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ആദിത്യ ബി.ആർ പറഞ്ഞു.

ജലസ്രോതസ്സുകളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക, നീർച്ചാലുകൾ ശുചീകരിക്കുക, ഓവുചാലുകൾ വൃത്തിയാക്കുക തുടങ്ങിയ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ ഹരിത കർമ്മ സേന ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് എം.സി.എഫിലേക്ക് മാറ്റും.

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വിപുലമായ കർമ്മ പദ്ധതികൾ തയ്യാറാക്കി പ്രവർത്തനങ്ങൾ നടത്തിവരികയാണ് നഗരസഭ. വരും ദിവസങ്ങളിൽ മുഴുവൻ വാർഡുകളിലും ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തികൾ ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുധാ കെ.പി അറിയിച്ചു.