കോഴിക്കോട് കോര്‍പ്പറേഷന്‍ തൊഴില്‍ സഭ ഉദ്ഘാടനം ചെയ്തു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27/12/22) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

ദുരന്ത ലഘൂകരണം: മോക് ഡ്രില്‍ ഡിസംബര്‍ 29 ന്, സംസ്ഥാനതല ടേബിള്‍ ടോപ് എക്‌സസൈസ് നടന്നു

കാലവര്‍ഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ഡിസംബര്‍ 29 ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മോക് ഡ്രില്‍ നടത്തും. കോഴിക്കോട് ജില്ലയില്‍ അഞ്ചിടങ്ങളില്‍ അന്നേദിവസം മോക് ഡ്രില്‍ നടക്കും.

കോഴിക്കോട് ജില്ലയിലെ നാലു താലൂക്കുകളിലും ജില്ലാതലത്തിലും പ്രളയവുമായി ബന്ധപ്പെട്ടാണ് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നത്. കോഴിക്കോട് താലൂക്കില്‍ മാവൂര്‍ പഞ്ചായത്തിലും താമരശ്ശേരി താലൂക്കില്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയിലും കൊയിലാണ്ടി താലൂക്കില്‍ അരിക്കുളം പഞ്ചായത്തിലും വടകര താലൂക്കില്‍ തിരുവള്ളൂര്‍ പഞ്ചായത്തിലും മോക് ഡ്രില്ലുകള്‍ നടക്കും. ജില്ലാ തലത്തില്‍ ഒളവണ്ണ പഞ്ചായത്തിലാണ് മോക് ഡ്രില്‍ നടക്കുക.

പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള ജില്ലകളില്‍ ഇവ എങ്ങനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ചാണ് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നത്.

മോക് ഡ്രില്ലുകള്‍ക്ക് മുന്നോടിയായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന തല ടേബിള്‍ ടോപ് എക്‌സസൈസ് നടത്തി. ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തി. ജില്ലകളില്‍ മോക്ക്ഡ്രില്‍ നടത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍, വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, ഏകോപനം, ഒരുക്കങ്ങള്‍, കണ്‍ട്രോള്‍ റൂം, ആശയവിനിമയ ഉപാധികളുടെ ഉപയോഗം, തുടങ്ങിയവ വിലയിരുത്തി.

ആരോഗ്യം,റവന്യൂ, പോലീസ്, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, ഫിഷറീസ്, ജില്ലയിലും താലൂക്കുകളിലുമുള്ള ഐ ആര്‍ എസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംസ്ഥാനതല ടേബിള്‍ ടോപ് എക്‌സസൈസില്‍ പങ്കെടുത്തു.

കലക്ടറേറ്റ് വീഡിയോ കോണ്‍ഫെറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി, എഡിഎം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരി, ജൂനിയര്‍ സൂപ്രണ്ട് (ഡി എം) ബിന്ദു, ജില്ലാതല ഐ ആര്‍ എസ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്: 105 കേസുകള്‍ പരിഗണിച്ചു

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ പരിഗണിച്ചത് 105 കേസുകള്‍. ഒന്‍പത് പരാതികള്‍ പരിഹരിച്ചു. ബാക്കി പരാതികളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കാനായി അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലെ പാടങ്ങളില്‍ കതിരണി പദ്ധതി

ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 14 പാടശേഖരങ്ങളില്‍ ഈ വര്‍ഷം കതിരണി പദ്ധതി പ്രകാരം തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ജില്ലാപഞ്ചായത്ത് യോഗത്തില്‍ തീരുമാനം. തരിശ് നിലങ്ങളുടെ വികസനത്തിനായി ജല നിര്‍ഗ്ഗമന സൗകര്യങ്ങളുടെ മാപ്പിംഗ് സംബന്ധിച്ച് സി.ഡബ്ല്യൂ.ആര്‍. ഡി. എം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ലഭിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രസന്റേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെ ആലോചന യോഗവും 2023 ജനുവരി 4 ന് ചേരും.

റീജിയണല്‍ പൗള്‍ട്രി ഫാമില്‍ പൗള്‍ട്രി പാര്‍ക്ക്, ഹൈടെക് ഡയറി ഫാമിലേക്ക് പശുക്കളെ വാങ്ങല്‍, ചെറുവണ്ണൂര്‍ നല്ലളം വ്യവസായ എസ്റ്റേറ്റ് ബൈലോ ഭേദഗതി എന്നിവയ്ക്ക് പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്‌കൂളുകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
സയന്‍സ് ലാബ് നവീകരണം, കമ്പ്യൂട്ടര്‍ ലാബ് നവീകരണം, ഇന്നവേഷന്‍ ലാബ് നിര്‍മ്മാണം, ഫര്‍ണിച്ചര്‍ വിതരണം എന്നിവ നടപ്പാക്കാനുദ്ദേശിക്കുന്ന സ്‌കൂളുകളുടെ ലിസ്റ്റ് യോഗം അംഗീകരിച്ചു.

2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങളും യോഗം അംഗീകരിച്ചു. 2022-23 വാര്‍ഷിക പദ്ധതി പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടര്‍ അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ജനുവരി ആദ്യവാരം ചേരുന്നതിനും യോഗത്തില്‍ തീരുമാനമായി.

കോഴിക്കോട് കോര്‍പ്പറേഷന്‍ തൊഴില്‍ സഭ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് കോര്‍പ്പറേഷന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തൊഴില്‍ സൃഷ്ടി ലക്ഷ്യത്തിനായി ചേര്‍ന്ന തൊഴില്‍ സഭകളുടെ കോര്‍പ്പറേഷന്‍ തല ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.

യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന തൊഴില്‍ സഭകള്‍ കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന പുത്തന്‍ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. അഭ്യസ്ത വിദ്യരായ യുവതി, യുവാക്കളെ തൊഴിലിലേക്ക് എത്തിക്കുന്ന ഈ പുത്തന്‍ മാതൃക ലോകത്ത് തന്നെ ആദ്യമായി നടപ്പിലാക്കുന്നത് കേരളത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി. പി മുസാഫര്‍ അഹമ്മദ് ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. കൗണ്‍സിലര്‍മാരായ സ്മിത വള്ളിശ്ശേരി, ഇ.എം സോമന്‍, കെ മോഹനന്‍, സുരേഷ് കുമാര്‍ ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ.യു ബിനി പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ദിവാകരന്‍ സ്വാഗതവും
കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസര്‍ ടി.കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.

കോര്‍പ്പറേഷനിലെ 18, 19, 20, 22 വാര്‍ഡുകളുടെ തൊഴില്‍ സഭകള്‍ പൂര്‍ത്തിയായി. ബാക്കി വാര്‍ഡുകളുടെ തൊഴില്‍ സഭകള്‍ 28, 29 തീയതികളിലായി വിവിധ സ്ഥലങ്ങളില്‍ നടക്കും.

രാജ്യത്തിന് അകത്തും പുറത്തും ഉള്ള അവസരങ്ങളിലേക്ക് തൊഴില്‍ അന്വേഷകരെ നയിക്കുന്നതിനുള്ള സംവിധാനമാണ് തൊഴില്‍ സഭകള്‍ ലക്ഷ്യമിടുന്നത്. പ്രാദേശിക സംരംഭങ്ങളും തൊഴില്‍ സാധ്യതകളും കണ്ടെത്തി നൈപുണ്യ വികസനത്തിലൂടെ അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും തൊഴില്‍ സഭയുടെ പ്രധാന ലക്ഷ്യമാണ്. തൊഴില്‍ തേടുന്നവര്‍, സ്വയം തൊഴില്‍ സംരംഭകര്‍, തൊഴില്‍ദായക സംരംഭകര്‍, സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവര്‍, സംരംഭകത്വ മികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നൈപുണ്യ വികസനം ആവശ്യമുള്ളവര്‍ എന്നിവരുടെ ഒരു കൂടിച്ചേരലാണ് ഓരോ തൊഴില്‍ സഭകളിലും നടക്കുന്നത്. ഇത്തരത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ മൂന്നു മുതല്‍ നാല് വരെ വാര്‍ഡുകള്‍ ചേര്‍ത്ത 25 തൊഴില്‍ സഭകള്‍ സംഘടിപ്പിക്കുവാനാണ് കോര്‍പ്പറേഷന്‍ തീരുമാനം.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കെഡിസ്‌ക് കുടുംബശ്രീയുമായി ചേര്‍ന്ന് എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ സര്‍വ്വേ സംഘടിപ്പിച്ചിരുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്ത അഭ്യസ്ത വിദ്യരായ 46,000 പേരും തൊഴില്‍ സഭകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് മേയര്‍ പറഞ്ഞു. ഇതോടൊപ്പം നഗരസഭ ആവിഷ്‌ക്കരിച്ച വിലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ മാസം വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 1630 സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതിലൂടെ 4279 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായും മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.