പോലീസ് കോൺസ്റ്റിൾ ശാരീരിക പുനരളവെടുപ്പ്  ജനുവരി 4, 5 തിയ്യതികളിൽ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ(31/12/220 അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

കലോത്സവത്തിന് നിറം പകർന്ന് 61 കലാകാരന്മാരുടെ ചിത്രാവിഷ്ക്കാരം

നിറപ്പകിട്ടാർന്ന കലോത്സവത്തിന് ചിത്രകലയുടെ വർണ്ണ വിസ്മയം തീർത്ത് കലാകാരന്മാരുടെ ചിത്രാവിഷ്ക്കാരം. 61-ാം കേരളാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയും കലോത്സവ സാംസ്കാരിക കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചിത്രോത്സവം ശ്രദ്ധേയമായി. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ ആംഫി തിയേറ്ററിൽ സംസ്ഥാനത്തെ 61 പ്രഗൽഭ ചിത്രകാരമാരാണ് ചിത്രങ്ങൾ വരച്ചത്.

പ്രസിദ്ധ ചിത്രകാരനും ശില്‌പിയുമായ വൽസൻ കൂർമ്മകൊല്ലേരി ചിത്രം വരച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവ സാംസ്കാരിക കമ്മിറ്റി ചെയർമാൻ എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു മുഖ്യാതിഥിയായി. വടയക്കണ്ടി നാരായണൻ, എൻ ബഷീർ, സി.പി.എ റഷീദ്, എ.കെ മുഹമ്മദ് അഷറഫ്, കെ.വി ശശി, ഇ.എം രാധാകൃഷ്ണൻ, കെ സജീവൻ, ഡോ. ഇ.എം പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ലളിത കലാ അക്കാദമി നിർവ്വാഹക സമിതി അംഗവും ചിത്രകാരനുമായ സുനിൽ അശോകപുരം സ്വാഗതവും സാംസ്കാരിക കമ്മിറ്റി കൺവീനർ എം.എ സാജിദ് നന്ദിയും പറഞ്ഞു.

പോൾ കല്ലാനോട്, ദയാനന്ദൻ മലപ്പുറം, സുധാകരൻ എടക്കണ്ടി, ഷിനോദ് അക്കര പറമ്പിൽ, കബിത മുഖോപാധ്യായ, സണ്ണി മാനന്തവാടി, തോലിൽ സുരേഷ്, ബാലൻ താനൂര്, അജയൻ കാരാടി തുടങ്ങിയവർ ഉൾപ്പെടെയുള്ള ചിത്രകാരന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്. കലോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികൾ നടക്കുന്ന ബീച്ചിലെ ഫ്രീഡം സ്ക്വയറിന് സമീപത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. പിന്നീട് ഇവ ലളിതകലാ അക്കാദമിയുടെ ഹാളിൽ പ്രദർശനത്തിന് വെക്കും.

കേരളം സ്കൂൾ കലോത്സവം: രജിസ്ട്രേഷൻ തിങ്കളാഴ്ച തുടങ്ങും

കേരളം സ്കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിങ്കളാഴ്ച (ജനുവരി 2) ആരംഭിക്കും. കോഴിക്കോട്‌ ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിൽ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ലിന്റോജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കലോത്സവത്തിന്റെ ഡി.ജി.ഇ. കെ ജീവൻബാബു, ജനറൽ കൺവീനർ സി.എ.സന്തോഷ്, ഡോ.അനിൽ പി.എം, ആർ.ഡി.ഡി.കോഴിക്കോട് മനോജ്കുമാർ.സി , ഡി.ഡി.ഇ. കോഴിക്കോട് തുടങ്ങിയവർ പങ്കെടുക്കും.

അറിയിപ്പുകൾ

പോലീസ് കോൺസ്റ്റിൾ ശാരീരിക പുനരളവെടുപ്പ്  ജനുവരി 4,5 തിയ്യതികളിൽ

പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റിൾ (എ.പി.ബി) (എം.എസ്.പി) (കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ  കായിക ക്ഷമതാ പരീക്ഷയിൽ ശാരീരിക അളവെടുപ്പ് സംബന്ധിച്ച് അപ്പീൽ അപേക്ഷ സമർപ്പിച്ച് കായിക ക്ഷമതയിൽ വിജയിച്ച ഉദ്യോഗാർത്ഥികളുടെ ശാരീരിക പുനരളവെടുപ്പ്  ജനുവരി 4,5 തിയ്യതികളിൽ രാവിലെ 8 മണി മുതൽ മലപ്പുറം സിവിൽ സ്റ്റേഷനിലുളള ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും. ശാരീരിക പുനരളവെടുപ്പിന് അർഹരായ ഉദ്യോഗാർത്ഥികൾ കായിക ക്ഷമതാ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റും പി എസ് സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം പ്രൊഫൈലിൽ അറിയിച്ചിട്ടുളള തിയ്യതിയിലും സമയത്തും മലപ്പുറം ജില്ലാ പി എസ് സി ഓഫീസിൽ ഹാജരാകണമെന്ന് പി എസ്‌ സി ജില്ലാ ഓഫീസർ അറിയിച്ചു.


ലേലം ചെയ്യുന്നു

കോഴിക്കോട് റൂറൽ ജില്ലാ സായുധ സേന വിഭാഗം അസിസ്റ്റന്റ് കമാണ്ടന്റിന്റ് കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന വിവിധ ഡിപ്പാർട്ട്മെന്റ് വാഹനങ്ങളുടെ ഉപയോഗയോഗ്യമല്ലാത്ത വിവിധയിനം ടയറുകൾ, വേസ്റ്റ് ഓയിൽ, സ്പയർപാർട്സുകൾ എന്നിവ എം/എസ്. എംഎസ്ടിസി ലിമിറ്റഡിന്റെ ഓൺലൈൻ വെബ്സൈറ്റായ  www.mstcecommerce.com        (എംഎസ്ടിസി/ടിവിസി/ഡിസ്ട്രിക് പോലീസ് ഓഫീസ് കോഴിക്കോട് റൂറൽ /8/പുതുപ്പണം/22-23/33663) മുഖേന ജനുവരി 25 ന് രാവിലെ 11 മണി മുതൽ ഓൺ ലൈൻ വഴി (ഇ-ഓക്ഷൻ) ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുളളവർക്ക് പ്രസ്തുത വെബ്സൈറ്റിൽ എം/എസ്. എംസ്ടിസി ലിമിറ്റഡിന്റെ നിബന്ധനകൾക്ക് വിധേയമായി ബയർ ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ജനുവരി 24 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കോഴിക്കോട് റൂറൽ എ ആർ ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്. വാഹനം പരിശോധിക്കാൻ 9497936116 എന്ന നമ്പറിൽ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് :04962523031

മൂടാടി ഗ്രാമപഞ്ചായത്ത്  രണ്ടാം വാർഷികം; വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി രണ്ടാം വാർഷികത്തിൻ്റ ഭാഗമായി വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു. പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയായ ജി.ഐ.എസ് മാപ്പിംഗിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഡ്രോൺ പറത്തി നിർവ്വഹിച്ചു.

പഞ്ചായത്തിൻ്റെ മുഴുവൻ വിവരങ്ങളും പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്താൽ സർവേ ചെയ്യുന്ന പദ്ധതിയാണിത്. പൊതു സ്വകാര്യ ആസ്തികൾ, പ്രകൃതി വിഭവങ്ങൾ, സാമൂഹ്യ സാമ്പത്തിക വിവരങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി ഭാവി വികസനത്തെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള അടിസ്ഥാന വിവര ശേഖരണ പ്രക്രിയയാണ് ജി.ഐ.എസ് മാപ്പിങ്ങിലൂടെ സാധ്യമാവുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി പൂർത്തികരിച്ച പദ്ധതികളായ കുടുബാരോഗ്യ കേന്ദ്രത്തിൻ്റ നന്തി സബ്സെൻ്റർ പുതിയ കെട്ടിടം, ജെൻ്റർ റിസോഴ്സ് സെൻറർ കെട്ടിട ഉദ്ഘാടനം, കുടുംബാരോഗ്യ കേന്ദ്രം ഒന്നാം നില പ്രവർത്തനസജ്ജമാക്കൽ, ബഡ്സ് സ്കൂൾ ശിലാസ്ഥാപനം, ജില്ലാ പഞ്ചായത്ത് പട്ടികജാതി വനിത വ്യവസായ സമുച്ചയം കെട്ടിടം പ്രവൃത്തി ആരംഭിക്കൽ, ഹരിത കർമസേനക് ഇ-വാഹനം, പാലക്കുളം ബസ് സ്റ്റോപ് ബിൽഡിംഗ്, പഞ്ചായത്ത് ഓഫീസിൽ വനിത കിയോസ്ക് സ്ഥാപിക്കൽ, സംരഭക മീറ്റ് , വിവിധ വാർഡുകളിലെ റോഡുകളുടെ ഉദ്ഘാടനം, മത്സ്യഭവൻ സി.ഡി.എസ് ഓഫീസ് നവീകരണം, -ഗ്രാമ പഞ്ചായത്ത് ഹാൾ പുതുക്കി പണിയൽ , നന്തിയിൽ വയോജന പാർക്, ഹോം വാട്ടർ സർവ്വീസ്, വനിതകൾക് യോഗ പരിശീലനം, മെൻസ്ട്രുവൽ കപ്പ് വിതരണം, ക്രാഡിൽ അങ്കണവാടികൾ തുടങ്ങി വിവിധ പദ്ധതികളും നാടിന് സമർപ്പിച്ചു.

പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.കെ.ഭാസ്കൻ, എം.പി അഖില, മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, ബ്ലോക്ക് മെമ്പർ സുഹ്‌റ ഖാദർ, വിവിധ പാർട്ടി നേതാക്കളായ കെ.സത്യൻ , രജീഷ് മാണികോത്ത്, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീനാഥ്, യു.എൽ.സി.സി.എസ് കോഡിനേറ്റർ ജെയ്സൽ മംഗലശേരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ.രഘുനാഥ് എന്നിവർ  സംസാരിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ സ്വാഗതവും സെക്രട്ടറി എം.ഗിരീഷ് നന്ദിയും പറഞ്ഞു.


തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ ഉദ്ഘാടനം ചെയ്തു

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലായി നടക്കുന്ന തൊഴിൽസഭയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. ഒന്ന്, രണ്ട്, 17 വാർഡുകളിലെ തൊഴിൽ സഭയാണ് നടന്നത്.

മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഗ്രാമസഭകളുടെ മാതൃകയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിൽ സഭ. ഗ്രാമസഭകളുടെ മാതൃകയിൽ അതത്‌ തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച്‌ വിവിധ വകുപ്പുകളിലെ അവസരം അതത്‌ പ്രദേശങ്ങളിലുള്ളവർക്ക്‌ ഉറപ്പാക്കാനാണ്‌ തൊഴിൽ സഭ രൂപീകരിക്കുന്നത്‌.

ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീനിവാസൻ പി സ്വാഗതം പറഞ്ഞു. കില റിസോഴ്‌സ് പേഴ്സൺ അനിൽകുമാർ പി.കെ ക്ലാസ്സ് എടുത്തു.

കാര്‍ഷിക കര്‍മ്മസേനയുടെ തെങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചു

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച തെങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചു. കൃഷിഭവന്റെ കീഴില്‍ കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച ആയിരം ഡബ്ല്യൂസിടി തെങ്ങിന്‍ തൈകളാണ് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍  കര്‍മ്മസേനയുടെ കാര്‍ഷിക നഴ്‌സറിയില്‍ കുഞ്ഞായിശ ഇളമ്പിലാശ്ശേരിയ്ക്ക് തൈകള്‍ നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.130 രൂപ നിരക്കിലാണ് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ടി.എന്‍ അശ്വിനി വിശദീകരണം നടത്തി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍, വാര്‍ഡ് മെമ്പര്‍ ശ്രീനിലയം വിജയന്‍, കെ.കെ മൊയ്തീന്‍ മാസ്റ്റര്‍, കൃഷി അസിസ്റ്റന്റ് സി.എസ് സ്‌നേഹ എന്നിവര്‍ സംസാരിച്ചു. കര്‍മ്മ സേന സെക്രട്ടറി കുഞ്ഞിരാമന്‍ കിടാവ് സ്വാഗതവും കെ.എം കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

തൊഴിൽ സഭ സംഘടിപ്പിച്ചു

രാമനാട്ടുകര നഗരസഭയിൽ വിവിധയിടങ്ങളിലായി  തൊഴിൽ സഭ സംഘടിപ്പിച്ചു. തൊഴിൽ സഭ ഗവ.എൽ പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു.

അഞ്ചുവർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സർക്കാർ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണിത്. തൊഴിൽ അന്വേഷകർ, സ്വയം തൊഴിൽ സംരംഭകർ, പുനരുജ്ജീവനം ആവശ്യമുള്ളവർ, സംരംഭകത്വ മികവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, നൈപുണ്യ വികസനം ആവശ്യമുള്ളവർ എന്നിവർക്ക് തൊഴിൽ സാധ്യതകളും സംരംഭ സാധ്യതകളും തൊഴിൽ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി തൊഴിൽ പ്രാപ്തമാക്കുന്നതടക്കമുള്ള സമഗ്ര തൊഴിൽ ആസൂത്രണം സാധ്യമാക്കുന്നതിനായാണ് തൊഴിൽ സഭ സംഘടിപ്പിക്കുന്നത്.

ബൂട്ടുകൾ താളം മുഴക്കുന്ന വിക്രം മൈതാനിയിൽ ഇനി ചിലങ്കയുടെ താളം
കൗമാര കലാമാമാങ്കത്തിന് സാക്ഷിയാവൻ വിക്രം മൈതാനി ഒരുങ്ങിക്കഴിഞ്ഞു. മൈതാനിയുടെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും മത്സരങ്ങൾ വീക്ഷിക്കാനാവും, അത്തരത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. മൈതാനിയിലെ ചതുപ്പുള്ള സ്ഥലങ്ങൾ മണലിട്ട് ബലപ്പെടുത്തി. കലോത്സവ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ വേദിയും പന്തലും ഒരുങ്ങുന്നത്.
ബൂട്ടുകൾ താളം മുഴക്കുന്ന വിക്രം മൈതാനി 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു പൊതുപരിപാടിക്ക് വിട്ടുനൽകുന്നത്. എട്ട് ഏക്കര്‍ വിസ്തൃതിയുള്ള വിക്രം മൈതാനി ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ് റെജിമെന്‍റിന്റെ ഭാഗമാണ്.
60,000 സ്‌ക്വയർ ഫീറ്റിലാണ് വേദിക്കായി പന്തൽ ഒരുക്കിയത്. 40 അടി നീളവും 35 അടി വീതിയിലുമാണ് സ്റ്റേജ്. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീർണത്തിൽ 14 ഗ്രീൻ റൂമുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 7എണ്ണം വീതം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി നൽകും. പിൻവശത്തായി 1200 ചതുരശ്ര അടി വിസ്തീർണത്തിൽ വിശ്രമമുറിയുമുണ്ട്. വിഐപി, സംഘടന, പ്രസ്സ്, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർക്കുള്ള പവലിയനും വേദിക്കരികിലായി തയാറാക്കിയിട്ടുണ്ട്. കൂടാതെ പോലീസ്, ഫയർ ഫോഴ്സ് തുടങ്ങിയ സേനകൾക്ക് ആവശ്യമായ സൗകര്യങ്ങളുമുണ്ട്.
തൃശൂർ സ്വദേശിയായ ഉമ്മർ പടപ്പിലാണ് വേദിയിലൊരുക്കുന്ന പന്തലിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും മേളകൾക്കും അനുബന്ധ പരിപാടികൾക്കും പന്തൽ ഒരുക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കരീം പടുകുണ്ടിൽ കൺവീനറായ കമ്മറ്റിക്കാണ് വേദിയുടെ ചുമതല. ജനുവരി 3 മുതൽ 7വരെയാണ് കേരള സ്കൂൾ കലോത്സവം ജില്ലയിൽ നടക്കുന്നത്.
കലോത്സവ വീഡിയോ പ്രകാശനം ചെയ്തു
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വെൽഫെയർ കമ്മറ്റി തയ്യാറാക്കിയ കലോത്സവ വീഡിയോ പുറത്തിറക്കി. കമ്മറ്റി ചെയർപേഴ്സൺ കെ.കെ.രമ എം.എൽ.എ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
പ്രകൃതി ദത്തമായ രീതിയിൽ മൺപാത്രങ്ങൾ ഉപയോഗിച്ചും പ്ലാസ്റ്റിക് ഉൽപന്നങ്ങളെ പടിക്ക് പുറത്ത് നിർത്തിയുമുള്ള പുതുമയാർന്ന സന്ദേശമാണ് വീഡിയോയിൽ അടങ്ങിയിരിക്കുന്നത്. കലോത്സവത്തിനാവശ്യമായ കുടിവെള്ളം ആതുര സേവനം എന്നിവയുടെ ചുമതലകളാണ് പ്രധാനമായും വെൽഫയർ കമ്മറ്റി നിർവഹിക്കുന്നത്.
മാനാഞ്ചിറയിൽ നടന്ന ചടങ്ങിൽ കമ്മറ്റിയുടെ വൈസ് ചെയർമാൻ അനിൽ കുമാർ എൻ.സി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ, ജെ. ആർ.സി ജില്ല കോ-ഓർഡിനേറ്റർ സിന്ധു സൈമൺ, കൺവീനർമാരായ കെ.പി.സുരേഷ്, റഫീക്ക് മായനാട്, ഡോ.പി.എം അനിൽ കുമാർ, സലാം മലയമ്മ, റഷീദ് പാണ്ടിക്കോട്, മുജീബ് കൈപാക്കിൽ, സജീർ താമരശേരി, ഷഹസാദ് വടകര, നിഷ വടകര, വി.കെ.സരിത, എം.പി.റമീസ് സുബൈർ, ഖമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വേങ്ങേരി അഗ്രി ഫെസ്റ്റ് ജനുവരി രണ്ട് വരെ നീട്ടി
വേങ്ങേരി നഗര കർഷിക മൊത്ത വിപണന കേന്ദ്രത്തിൽ നടക്കുന്ന വേങ്ങേരി അഗ്രി ഫെസ്റ്റ്
ജനുവരി രണ്ട് വരെ നീട്ടി. ജില്ലാ കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ചെയർമാനായ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഫെസ്റ്റ് രണ്ട് ദിവസം കൂടി നീട്ടുന്നത്. സന്ദർശകരുടെ  തിരക്ക് ഏറിയ സാഹചര്യത്തിലാണ് മേള നീട്ടാൻ  തീരുമാനിച്ചത്.
കൊവിഡിന് ശേഷം ആദ്യമായി പുനരാരംഭിച്ച വേങ്ങേരി അഗ്രി ഫെസ്റ്റിലേക്ക് ഇതുവരെ ഒരു ലക്ഷത്തിൽ പരം ആളുകളാണ് എത്തിയത്.  ക്രിസ്തുമസ് അവധിക്കാലം കൂടി വന്നതോടെ കുട്ടികളും മുതിർന്നവരും ഉള്‍പ്പെടെ ആയിരങ്ങളാണ് ദിനംപ്രതി ഫെസ്റ്റ് നഗരിയിലേക്ക് ഒഴുകുന്നത്.
ഫ്‌ളവര്‍ ഷോ, അമ്യുസ്‌മെന്റ് പാര്‍ക്ക്  പുരാവസ്തു സ്റ്റാൾ,  ഫുഡ് കോര്‍ട്ട്, കുതിര സവാരി, കൃഷിത്തോട്ടം, വിവിധ ഉൽപന്നങ്ങളുടെ വിപണന സ്റ്റാൾ തുടങ്ങിയവയാണ് വേങ്ങേരി അഗ്രി ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം. ദിവസേന കലാപരിപാടികളും അരങ്ങേറുന്നുണ്ട്. പാര്‍ക്കിങ് സൗജന്യമാണ്.
അറിയിപ്പുകൾ 
ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു 
വിഷൻ പദ്ധതി പ്രകാരം എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി+ ൽ കുറയാത്ത ഗ്രേഡുവാങ്ങി പ്ലസ് വണ്ണിന് സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മെഡിക്കൽ /എഞ്ചീനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പരിശീലനം നൽകുന്ന ജില്ലയിലെ തെരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ധനസഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം ജാതി, വരുമാനം, (വരുമാന പരിധി 6 ലക്ഷം രൂപ) പ്ലസ് വൺ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുളള സാക്ഷ്യപത്രം, പഞ്ചായത്ത് ഓഫീസിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെ കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജനുവരി 10 ന് 5 മണിക്ക് മുൻപ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2370379
അപേക്ഷകൾ ക്ഷണിച്ചു.
കേരള സംസ്ഥാന യുവജന കമ്മീഷൻ ജനുവരി അവസാന വാരം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള 18 നും 40 നുമിടയിൽ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 10 നകം ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര
പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. അപേക്ഷകൾ [email protected] എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന
യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471-2308630
ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവളളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൊടുവളളി ശിശു വികസന പദ്ധതി ഓഫീസിലേക്ക് 2022-23 വര്‍ഷത്തെ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ടെണ്ടർ ക്ഷണിച്ചു. ഒരങ്കണവാടിക്ക് 2000 രൂപ നിരക്കില്‍ 152 അങ്കണവാടിക്കള്‍ക്കാണ് സാധനങ്ങള്‍ വിതരണം ചെയ്യേണ്ടതാണ്. ടാക്‌സ് ഉള്‍പ്പെടെ സാധനങ്ങള്‍ പ്രസ്തുത അങ്കണവാടികളില്‍ എത്തിക്കുന്നതിനുളള തുകയാണ് ടെണ്ടറില്‍ രേഖപ്പെടുത്തേണ്ടത്. അങ്കണവാടി കണ്ടിജന്‍സിയില്‍ ഉള്‍പ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങള്‍ ഈ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭ്യമാണ്. ടെണ്ടര്‍ ഫോറത്തിന്റ വില 700+ജിഎസ്ടി. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 16 ന് വൈകുന്നേരം 5 മണി വരെ. ടെണ്ടര്‍ ഫോറങ്ങള്‍ തുറക്കുന്ന തിയ്യതി ജനുവരി 17 ന് രാവിലെ 10.30. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2211525,7012870495
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഡിടിപിസിക്ക് കീഴില്‍ ബേപ്പൂര്‍ ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഇഎംഡി 25000/ രൂപ, ഫോറം ഫീസ് 2800/ രൂപ. പ്രവര്‍ത്തി കാലാവധി 1 വര്‍ഷം. കരാറുകാരന്റെ പ്രവര്‍ത്തനം തൃപ്തികരമാണെങ്കില്‍ കരാര്‍ കാലാവധി 11 മാസത്തേക്കു കൂടി നീട്ടി നല്‍കും. ടെണ്ടര്‍ ഫോറം വില്‍ക്കുന്ന തിയ്യതി ജനുവരി 1 മുതല്‍ 7 വരെ. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന തിയ്യതി ജനുവരി 9 ന് ഉച്ച്ക്ക് 1 മണി വരെ. അന്നേദിവസം ഉച്ചക്ക് ശേഷം 3 മണിക്ക് ടെണ്ടര്‍ ഫോറം തുറക്കും. ഡിടിപിസി യുടെ അപേക്ഷ ഫോറത്തിലല്ലാതെ നല്‍കുന്ന ടെണ്ടര്‍ സ്വീകരിക്കുന്നതല്ലെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു. മുന്‍പ് ടെണ്ടറില്‍ പങ്കെടുത്തു കരാറില്‍ ഏര്‍പ്പടാതെ പിന്‍മാറിയവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2720012. www.dtpckozhikode.com
മാർഗരേഖ പ്രകാശനം ചെയ്തു
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കിയ മാർഗരേഖ പുറത്തിറക്കി. എം.കെ രാഘവൻ എം പി പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പ്രോഗ്രാം കമ്മിറ്റിയുടെ ഇൻഫർമേഷൻ കൗണ്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ കെ. മനോജ്‌ കുമാർ, കമ്മിറ്റി കൺവീനർ പി.കെ. അരവിന്ദൻ, കമ്മിറ്റിയുടെ കോ- ഓർഡിനേറ്റർമാരായ എൻ.ശ്യാം കുമാർ, കെ.അബ്ദുൾ മജീദ്, കെ. സുരേഷ്, ടി.യു സാദത്ത്, പി. എം ശ്രീജിത്ത്‌, ടി.ആബിദ്, സജീവൻ വടകര, പി.കെ. ഹരിദാസൻ, ഷാജു. പി. കൃഷ്ണൻ, ടി.കെ. പ്രവീൺ, ടി.ടി.ബിനു എന്നിവർ സംസാരിച്ചു.
അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ്
സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനമാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.
നവജാതശിശു ചികിത്സ മേഖലയില്‍ ഈ സംരംഭം ഒരു നാഴിക കല്ലായി മാറുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവജാത ശിശുക്കളുടെ പരിചരണത്തില്‍ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള ചികിത്സാ പദ്ധതിയാണ് എം.എന്‍.സി.യു. ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നൂതന ആശയമാണിത്. ഇതിലൂടെ മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം, നവജാത ശിശു പരിചരണവും, കരുതലും, മുലയൂട്ടലും, കൂടുതല്‍ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയില്‍ നാമമാത്രമായി വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളില്‍ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ. കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ അമ്മമാരുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള ചികിത്സയാണിത്. ഈ ആശയത്തിന്റെ ചുവടു പിടിച്ചുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നവജാതശിശു വിഭാഗത്തില്‍ ഈ പദ്ധതി ആരംഭിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ എം.എന്‍.സി.യു.യില്‍ 8 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഉത്തര കേരളത്തില്‍ പൊതുജനാരോഗ്യ മേഖലയില്‍ ഒരു പ്രധാന റഫറല്‍ സെന്ററാണ് മാതൃശിശു സംരക്ഷണ കേന്ദ്രം. പ്രതിവര്‍ഷം അയ്യായിരത്തോളം നവജാത ശിശുക്കളെ ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിക്കുന്നു. കോഴിക്കോടിന്റെ സമീപ ജില്ലകളിലെയും വയനാട് തുടങ്ങി ആദിവാസ മേഖലകളിലെയും കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള ഒരു പ്രധാന ആശ്രയമാണ് ഇവിടം. ഇത് മുന്നില്‍ കണ്ട് ഈ സര്‍ക്കാര്‍ നിയോനാറ്റോളജി വിഭാഗം പുതുതായി ആരംഭിച്ചു. ലക്ഷ്യ സര്‍ട്ടിഫിക്കേഷനും മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവും നേടിയ ആശുപത്രിയാണിത്. കൂടാതെ മുലപ്പാല്‍ ബാങ്കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ജനനം മുതല്‍ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണം ഇവിടെ ലഭ്യമാകും. മാസം തികയാതെ, തൂക്ക കുറവുള്ള ശിശുക്കളുടെ വെന്റിലേറ്റര്‍ അടക്കമുള്ള തീവ്ര പരിചരണം ഇവിടെ സജ്ജമാണ്. പീഡിയാട്രിക് സര്‍ജറി വിഭാഗത്തിന്റെ സഹകരണത്തോടു കൂടി സങ്കീര്‍ണമായ ശസ്ത്രക്രിയ ആവശ്യമായ ശിശുക്കളുടെ ചികിത്സയും ലഭ്യമാണ്.
ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി വി. അബ്ദുറഹിമാൻ
പട്ടിണിയില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി കായിക – വഖഫ് ബോർഡ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ആരും പട്ടിണികിടക്കരുത് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ വാർഡുകൾ തോറും സർവേ നടത്തിയതായും ഇതിൽ 2.59 ശതമാനം ആളുകളെ അതിദരിദ്രരായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുൻ എം.എൽ.എ ജോർജ് എം തോമസിൻ്റെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ- വിദ്യാഭ്യാസ മേഖലയെ നല്ല രീതിയിൽ ശാക്തീകരിക്കുകയാണ് സർക്കാർ ചെയ്തു വരുന്നതെന്നും മന്ത്രി പറഞ്ഞു.
20 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിർമ്മാണ ചെലവ്. ഇരുനിലകളിലായി
സ്റ്റോർ റൂം, റിലീഫ് റൂം, കോൺഫറൻസ് ഹാൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
ചടങ്ങിൽ ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോർജ്ജ് എം തോമസ് മുഖ്യാതിഥിയായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ആയിശ ചേലപ്പുറത്ത്, ദിവ്യ ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ വെള്ളങ്ങോട്ട്, വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.