കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (11/10/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഓപ്പറേഷന്‍ യെല്ലോ: റേഷൻ കാര്‍ഡുകൾ പിടിച്ചെടുത്തു

ചാത്തമംഗലം, മാവൂര്‍ പഞ്ചായത്തുകളിലെ വെള്ളലശ്ശേരി, അരയങ്കോട് മേഖലകളിലെ വീടുകളിൽ നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ചിരുന്ന 12 മുന്‍ഗണനാ കാര്‍ഡുകളും 6 സ്റ്റേറ്റ് സബ്സിഡി കാര്‍ഡുകളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി  നടത്തിയ പരിശോധനയിലാണ് കാർഡുകൾ പിടിച്ചെടുത്തത്.

അനധികൃതമായി വാങ്ങിയ റേഷന്‍സാധനങ്ങളുടെ കമ്പോളവില ഒടുക്കുന്നതിലേക്കായി നോട്ടീസ് നല്‍കി. വരും ദിവസങ്ങളിൽ താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ എം.സാബു അറിയിച്ചു.

അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ നിഷ. കെ, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ സുരേഷ്. വി,  അല്‍ത്താഫ് അഹമ്മദ്. കെ, നിഷ വി, താലൂക്ക് ജീവനക്കാരായ അനില്‍കുമാര്‍. യു. വി, വിജയകുമാര്‍. കെ, ഷിജിന്‍ സി. കെ,  മൊയ്തീന്‍കോയ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നൽകി.

പരിശീലന പരിപാടി സംഘടിപ്പിച്ചു

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. സമഗ്ര നീര്‍ത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീര്‍ച്ചാലുകളുടെയും അവ ഉള്‍പ്പെടുന്ന നീര്‍ത്തടത്തിന്റെയും സമഗ്രവികസനവും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

നീര്‍ത്തടത്തിലെ ചെറിയ നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ നടത്തും. മണ്ണിനെയും ജലത്തെയും സംഭരിക്കാനും ജൈവസമ്പത്ത് വര്‍ധിപ്പിക്കുവാനും കാര്‍ഷികാഭിവൃദ്ധിയും ജനങ്ങളുടെ ജീവനോപാധിയും മെച്ചപ്പെടുത്തുന്നതിനും നീരുറവ നീര്‍ത്തട പദ്ധതിയിലൂടെ സാധ്യമാകും.

പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് പി.എസ്, വാർഡ് മെമ്പർമാരായ ജെറീന റോയ്, ജോണി സെബാസ്റ്റ്യൻ, ബോബി ഷിബു, ജോയിന്റ് ബി.ഡി.ഒ. ഷിനോദ് കുമാർ, വി.ഇ.ഒ ജോസ് കുര്യാക്കോസ് എന്നിവരുടെ നേത്യത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ തൊഴിലുറപ്പ് പ്രവർത്തകർ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.

ജില്ലയിലെ വിനോദ സഞ്ചാര പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണം – മന്ത്രി മുഹമ്മദ് റിയാസ്

ജില്ലയിലെ വിനോദ സഞ്ചാര പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലയിലെ വിനോദ സഞ്ചാര പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ 22 വിനോദ സഞ്ചാര പദ്ധതികളുടെ  പ്രവർത്തികളാണ് അവലോകനം ചെയ്തത്. പ്രവർത്തികൾ വിലയിരുത്തി ജോയിന്റ്  ഡയറക്ടർ തലത്തിൽ റിപ്പോർട്ട് തയ്യാറാക്കി മന്ത്രിക്കും ടൂറിസം ഡയറക്ടർക്കും റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

പദ്ധതികൾ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പൂർത്തീകരിക്കണം. വിനോദ സഞ്ചാര പരിപാലനം, ക്ലീനിങ് എന്നിവ ശരിയായ രീതിയിൽ നടക്കുന്നുണ്ടോയെന്ന്‌ ഉറപ്പാക്കാനും മന്ത്രി നിർദ്ദേശിച്ചു. ജില്ലയിലെ റദ്ദാക്കിയ പദ്ധതികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഡിടിപിസി സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ  ഡോ .എൻ തേജ് ലോഹിത് റെഡ്ഢി, ടൂറിസം വകുപ്പ് ഡയറക്ടർ, പി ബി നൂഹ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് പ്രവർത്തി നടപടികൾ ഉ‌ടൻ പൂർത്തിയാക്കും

ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രവർത്തികൾ വേ​ഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. വകുപ്പിന്റെ വിവിധ പ്രവർത്തികൾ അവലോകനം ചെയ്യുന്നതിനായി കലക്ട്രേറ്റ് കോൺഫറൻസ് ​ഹാളിൽ ചേർന്ന പൊതുമരാമത്ത് ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിലാണ് നിർദ്ദേശം.

മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡുമായി ബന്ധപ്പെ‌ട്ട് സ്ഥലം ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം നൽകൽ ഉൾപ്പടെയുള്ള കാര്യങ്ങൾ ഒക്ടോബറിൽ തന്നെ പൂർത്തീകരിക്കണമെന്നും നിർദ്ദേശമുണ്ട്. റോഡ് കടന്നുപോവുന്ന നാല് വില്ലേജുകളിൽ മൂന്ന് വില്ലേജുകളിലെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ ഉടൻ പൂർത്തിയാവും. സംസ്ഥാനത്ത് മികച്ച രീതിയിൽ റോഡ് പരിശോധന നടത്തുന്ന ജില്ലയാണ് കോഴിക്കോട്. ദീർഘകാലമായി നിലനിന്നിരുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിശോധനയിലൂടെ പരിഹാരമായതായും മന്ത്രി പറഞ്ഞു.

പുതിയങ്ങാടി- അണ്ടിക്കോട്- അത്തോളി- ഉള്ള്യേരി റോഡിന്റെ അലൈൻമെന്റ് സ്കെച്ച് ഒക്ടോബർ അവസാനത്തോടെ നൽകുമെന്നും പ്രവർത്തി പുരോ​ഗതിയിലാണെന്നും ഉദ്യോ​ഗസ്ഥർ യോ​ഗത്തെ അറിയിച്ചു. ബാലുശ്ശേരി- കൂരാച്ചുണ്ട് റോഡ്, മലയോര ഹൈവേ നിർമ്മാണം, മുക്കം ടൗൺ സൗന്ദര്യവൽകരണം തുടങ്ങി ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലെ റോഡ്, പാലം പ്രവർത്തികൾ നിർദ്ദേശിച്ച ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.

റണ്ണിം​ഗ് കോൺട്രാക്‌ട് സംവിധാനം വളരെ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്. സൂപ്രണ്ടിം​ഗ് എഞ്ചിനീയറുടെ നേതൃത്വത്തിൽ എല്ലാ മാസവും ചുമതലയുള്ള ജില്ലകളിലെ റോഡുകൾ പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിന് പുറമെ ഒരു പ്രത്യേക പരിശോധന സംഘം എല്ലാ 45 ദിവസം കൂടുമ്പോഴും കാര്യങ്ങൾ പരിശോധിക്കും. ​ഒക്ടോബർ 15 ഓട് കൂടി 14 ജില്ലകളിലെയും പരിശോധന പൂർത്തിയാവും. നവംബർ 30, ഡിസംബർ 15, മാർച്ച് അഞ്ച്, ഏപ്രിൽ 20 എന്നീ നിലയിൽ പരിശോധന ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറ‍ഞ്ഞു.

ജില്ലയിലെ ഡി.ഐ.സി.സി ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. വാ‌ട്ടർ അതോറിറ്റി റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറി തലത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോ‌ട്ട് കൊണ്ടുപോവാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കെ‌ട്ടിടങ്ങൾ, പാലങ്ങൾ എന്നിവയുടെ പ്രവർത്തിയിൽ വർക്ക് ഷെ‍‍‍ഡ്യൂൾ തയ്യാറാക്കി മുന്നോട്ട് കൊണ്ടുപോവണം. പ്രവർത്തികളിൽ അലസത കാണിക്കുന്നവരുമായി ഒരുതരത്തിലും സന്ധിയുണ്ടാവില്ല. ഉദ്യോ​ഗസ്ഥർ പ്രവർത്തി നടക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി പുരോ​ഗതി വിലയിരുത്തണം. കോൺ‌‌ട്രാക്ടർമാർ പ്രവർത്തി കൃത്യമായി നടപ്പിലാക്കുന്നില്ലെങ്കിൽ ടെർമിനേഷൻ നടപടികളിലേക്ക് കടന്ന് പ്രവർത്തി റീടെണ്ടർ ചെയ്ത് എത്രയും വേ​ഗത്തിൽ പൂർത്തിയാക്കണമെന്നും മന്ത്രി പറ‍ഞ്ഞു.

ജില്ലാകലക്ടർ ​ഡോ.എൻ തേജ് ലോ​ഹിത് റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, അസി.കലക്ടർ സമീർ കിഷൻ, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർമാർ, ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കാക്കേരി പാലം പ്രവൃത്തി വിലയിരുത്തി

കുന്ദമംഗലം- ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാക്കേരി പാലത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. പാലം പ്രവൃത്തിയുടെ പുരോഗതി പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വിലയിരുത്തി.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ചന്ദ്രൻ തിരുവലത്ത്, യു.സി പ്രീതി, മെമ്പർ ടി ശിവാനന്ദൻ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ എം അശോക് കുമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ മിനി, എക്സിക്യൂട്ടീവ്  എഞ്ചിനീയർ ബി അജിത് കുമാർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ.വി ഷിനി, അസി. എഞ്ചിനീയർ എൻ ബൈജു തുടങ്ങിയവർ പങ്കെടുത്തു.

അവലോകന യോ​ഗം ചേർന്നു

2022 -23 സംരംഭക വർഷത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മണ്ഡല തല അവലോകന യോ​ഗം ചേർന്നു. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി ബാബുരാജ് അധ്യക്ഷത വഹിച്ചു.

സംരംഭക വർഷത്തിൽ കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ പുരോഗതി മേലടി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ വി.കെ സുധിഷ് കുമാർ അവതരിപ്പിച്ചു. നിർവ്വചിക്കപ്പെട്ട ടാർജറ്റിന്റെ 49% കെെവരിക്കാൻ കൊയിലാണ്ടി നിയോജകമണ്ഡലത്തിന് സാധിച്ചു. മണ്ഡലത്തിലുൾപ്പെട്ട പഞ്ചായത്തുകളിലെ സംരംഭകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്  പ്രസിഡന്റുമാർ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ സംരംഭങ്ങളുടെ സാധ്യതയും അവർക്ക് വേണ്ടി വ്യവസായ വാണിജ്യവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും യോ​ഗം ചർച്ച ചെയ്തു.

കൊയിലാണ്ടി  ടൗൺ ഹാളിൽ  നടന്ന യോ​ഗത്തിൽ കൊയിലാണ്ടി നഗരസഭ അധ്യക്ഷ കെ.പി സുധ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ, പയ്യോളി നഗരസഭ ഉപാധ്യക്ഷ സി.പി ഫാത്തിമ്മ, ജില്ല വ്യവസായ കേന്ദ്രം  ജനറൽ മാനേജർ പി ബിജു എബ്രഹാം എന്നിവർ സംസാരിച്ചു.  നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ, താലുക്ക് വ്യവസായ ഓഫിസർ ടി.വി അജിത്കുമാർ, വ്യവസായ വികസന ഓഫിസർമാരായ പി ബിന്ദു, ടി.വി ലത, നിയോജക മണ്ഡലം പരിധിയിലുള്ള വ്യവസായ വകുപ്പ് ഇന്റേൺമാർ തുടങ്ങിയവർ പങ്കെടുത്തു .

ക്വട്ടേഷൻ ക്ഷണിച്ചു 

ഭവന നിർമ്മാണ ബോർഡിന്റെ ഉടമസ്ഥതയിൽ കോവൂർ വെളളിമാട്കുന്ന് റോഡിൽ പ്രവർത്തിക്കുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിലെ നടത്തിപ്പിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 22. കൂടുതൽ വിവരങ്ങൾക്ക് : 0495 2369545

അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് പരിശീലകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഒക്ടോബർ 17 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0496 2612454, 9846167970

അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതി പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ കീഴിൽ വരുന്ന ഘടക പദ്ധതികൾ നടപ്പിലാക്കുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഒക്ടോബർ 20.
കൂടുതൽ വിവരങ്ങൾക്ക്: 0495-2371254

അറിയിപ്പ്

പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടിച്ചർ മാത്തമാറ്റിക്സ്(മലയാളം മീഡിയം)(കാറ്റഗറി നമ്പർ 069/2020) തസ്തികയിലേക്ക് 31.12.2021ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ ചെയ്തു കഴിഞ്ഞതിനാൽ പ്രസ്തുത റാങ്ക് പട്ടിക 29.09.22 തിയതിയിൽ ഇല്ലാതായെന്ന് പി എസ് സി അറിയിച്ചു.

പരിശീലനം നൽകും

മലമ്പുഴ  മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോത്ത് വളർത്തൽ എന്ന വിഷയത്തിൽ ഒക്ടോബർ 14 ന് പരിശീലനം നൽകുന്നു. മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ്  പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് :0491 2815454,9188522713

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്  ഗവ. ആർട്സ്  & സയൻസ്  കോളേജിൽ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിൽ  ഒ ബി എച്ച്  വിഭാഗത്തിൽ ഒരു ഒഴിവുണ്ട്.  അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാർത്ഥികൾ ഒക്ടോബർ 13 ന് ഉച്ച്ക്ക് 2 മണിക്ക് മുൻപായി വകുപ്പ് തലവന്  അപേക്ഷ സമർപ്പിക്കണം.

അറിയിപ്പ്

മുൻഗണന റേഷൻ കാർഡുകൾക്കുളള ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 31 വരെ സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അർഹത സംബന്ധിച്ച് പഞ്ചായത്ത്/മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സെക്രട്ടറിമാർ തന്നെ സാക്ഷ്യപ്പെടുത്തണം.

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതി ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന്റെ  കീഴിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്സ് എക്സിക്യൂട്ടിവ്‌ എന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ എസ് സി, എസ് ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:  9072668543, 9072600013 .

ഹരിത ടീച്ചറും കുട്ട്യോളും പദ്ധതിക്ക് അഴിയൂർ പഞ്ചായത്തിൽ തുടക്കമായി

കുട്ടികളിൽ വ്യക്തി ശുചിത്വ ബോധം ഉറപ്പുവരുത്തുക, സ്കൂളുകളിലും വീടുകളിലും പരിസര ശുചിത്വം പാലിക്കുന്നതിന് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ  നടപ്പാക്കുന്ന ഹരിത ടീച്ചറും കുട്ട്യോളും പദ്ധതിക്ക്‌ അഴിയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ നിർവഹിച്ചു.

ജൈവ മാലിന്യങ്ങൾ ജൈവ വളമാക്കി സ്കൂളുകളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുക, അജൈവമാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം ഒഴിവാക്കി പകരം അവ തരംതിരിച്ച് പുനരുപയോഗത്തിന് സാധ്യമാണെന്ന തിരിച്ചറിവ് കുട്ടികൾക്ക് പകർന്നു നൽകുക, ഹരിത പ്രോട്ടോകോൾ പാലിച്ച് ചടങ്ങുകൾ നടത്തുക, പാഴ് വസ്തു തരംതിരിച്ച്  ഹരിത കർമ്മസേന അംഗങ്ങൾക്ക് കൈമാറുക തുടങ്ങിയ കാര്യങ്ങൾ കുട്ടികളിലൂടെ വീടുകളിൽ എത്തിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രമ്യ കരോടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി അരുൺകുമാർ ഗ്രീൻ അംബാസിഡർ പ്രഖ്യാപനം നടത്തി. ഹരിത കർമ്മ സേന കോഡിനേറ്റർ ഷിനി പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത്‌ അംഗങ്ങളായ പ്രമോദ് മാട്ടാണ്ടി, കെ.പി ഗോവിന്ദൻ, അശോകൻ ടി.ടി, സി.ഡി.എസ് മെമ്പർ പ്രസന്ന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഫയൽ തീർപ്പാക്കൽ അദാലത്ത്: അവലോകന യോഗം നടന്നു

സർക്കാർ വകുപ്പുകളിലെ ഫയൽ തീർപ്പാക്കൽ പുരോഗതി സംബന്ധിച്ച്  ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ  മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ  ജില്ലാതല അവലോകന യോഗം നടന്നു.

പൊതുജനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ഗൗരവതരത്തിൽ എടുക്കണമെന്നും വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ നടപടികൾ തുടരണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓഫീസുകളിൽ തീർപ്പാകാതെ കിടക്കുന്ന മുഴുവൻ ഫയലുകളും കാലതാമസം നേരിടാതെ തീർപ്പാക്കാനും മന്ത്രി നിർദ്ദേശിച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞം നല്ലരീതിയിൽ പൂർത്തിയാക്കിയ വകുപ്പുകളെ മന്ത്രി അഭിനന്ദിച്ചു. ജില്ലയിലെ വിവിധ വകുപ്പുകൾ തീർപ്പാക്കിയ ഫയലുകൾ, അവശേഷിക്കുന്ന ഫയലുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ  ധരിപ്പിച്ചു.

2022  മെയ് 31 വരെ തീർപ്പാക്കാൻ കഴിയാത്ത ഫയലുകൾ സെപ്റ്റംബർ 30 നകം തീർക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം. പരമാവധി കുടിശ്ശിക ഫയലുകൾ തീർപ്പാക്കാനായി അവധി ദിവസങ്ങളിലും പ്രവൃത്തി സമയം കഴിഞ്ഞും ഓഫീസുകൾ പ്രവർത്തിച്ചിരുന്നു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ  ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഡോ. എ ശ്രീനിവാസ് , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.