എഫ്.ഡി.ജി.ടി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

വാഹന ഗതാഗതം നിരോധിച്ചു 

അറപ്പീടിക കണ്ണാടിപ്പൊയിൽ കൂട്ടാലിട റോഡിൽ  കി. മി 8 /000 മുതൽ 8 /700 വരെ  കലുങ്കുകളുടെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി പ്രവൃത്തി തീരുന്നതുവരെ ഈ  റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

അറപ്പീടിക വഴി കൂട്ടാലിടയിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കടുളിതാഴം-കരുവളളിക്കുന്ന് വഴിയും, ചെറിയ വാഹനങ്ങൾ ഹെൽത്ത് സെന്റ് പുതിയോത്ത് മുക്ക് വഴിയും  തിരിഞ്ഞു പോകേണ്ടതാണ്

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചേമഞ്ചേരി പഞ്ചായത്തിൽ അതി ദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും തിരുവങ്ങൂർ പ്രാഥമികാരോ​ഗ്യ കേന്ദ്രവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് പരിധിയിലെ അതി ദരിദ്രരെ കണ്ടെത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിലേക്ക് എത്താൻ സാധിക്കാത്ത കിടപ്പുരോ​ഗികൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി ആവശ്യമായ പരിശോധനകൾ നേരത്തെ നൽകിയിരുന്നു. അലോപ്പതി ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.

പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.പി.ടി അനി പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം ഷീല, ഗ്രാമ പഞ്ചായത്തംഗം വിജയൻ കണ്ണഞ്ചേരി, പഞ്ചായത്ത് സെക്രട്ടറി ടി.അനിൽകുമാർ, ജെ.എച്ച്.ഐ എ.കെ.രാമചന്ദ്രൻ  തുടങ്ങിയവർ സംസാരിച്ചു.

അഗ്രോ ക്ലിനിക് സംഘടിപ്പിക്കുന്നു

കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ നവംബര്‍ 11 ന് രാവിലെ 10.30 ന് അഗ്രോ ക്ലിനിക് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍  04952935850, 9188223584 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കര്‍ഷകര്‍ക്കാണ് മുന്‍ഗണന. വിളയുടെ രോഗ കീടബാധിതമായ ഭാഗം രോഗ നിര്‍ണയത്തിനായി കൊണ്ടുവരാവുന്നതാണ്.

എഫ്.ഡി.ജി.ടി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്‌നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ജി.ഐ.എഫ്.ഡി യിലെ എഫ്.ഡി.ജി.ടി കോഴ്‌സിലേക്കുള്ള  ഒന്നാം സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ നാലിന് രാവിലെ 9.30 മുതല്‍ 10.30 വരെ നടക്കും. പേര് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാവുന്നതാണ്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്) എന്നിവ സഹിതം പേര് രജിസ്റ്റര്‍ ചെയ്യുകയും അഡ്മിഷനില്‍ പങ്കെടുക്കേണ്ടതുമാണ്.

ലൈസന്‍സി സ്ഥിര നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

കൊയിലാണ്ടി താലൂക്കിലെ നാല് റേഷന്‍ കടകളില്‍ ലൈസന്‍സി സ്ഥിര നിയമനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. സംവരണവിഭാഗങ്ങള്‍ക്കായി വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ്ഗ, വികലാംഗ സംവരണ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍, സഹകരണസംഘങ്ങള്‍, വനിതാ കൂട്ടായ്മകള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. അപേക്ഷകള്‍ നവംബര്‍ 25 ന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. പയ്യോളി 19-ാം ഡിവിഷനില്‍ തച്ചന്‍കുന്ന്(ഭിന്നശേഷി), ഉള്ള്യേരി അഞ്ചാം വാര്‍ഡ് തെരുവത്ത്കടവ് (പട്ടികജാതി), കൊയിലാണ്ടി മുനിസിപ്പാലിറ്റി 43-ാം ഡിവിഷന്‍ കൊല്ലം ബീച്ച്(ഭിന്നശേഷി), ചേമഞ്ചേരി 19-ാം വാര്‍ഡ് പൂക്കാട്(പട്ടികജാതി) എന്നിവിടങ്ങളിലാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക്- ജില്ലാ സപ്ലൈ ഓഫീസ്- 0495-2370655, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്- 0496-2620253.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് എ ഇ ആന്റ് ഐ വിഭാഗത്തിലേക്ക് പ്ലാറ്റ്‌ഫോം/ഡയസ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 17 ഉച്ച്ക്ക് രണ്ട് മണി. വെബ്‌സൈറ്റ് www.geckkd.ac.in. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495-2383210, 0495-2383220.


ജല പരിശോധന ലാബുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ക്ക് അവസരം

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് അവസരം. ഇതിനായി മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചുകൊണ്ടുളള വിശദമായ ടെണ്ടര്‍ പരസ്യം www.haritham.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായി 313 ലാബുകളാണ് സ്ഥാപിക്കേണ്ടത്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 23.

അപേക്ഷ ക്ഷണിച്ചു

വിള അധിഷ്ഠിത കൃഷിയില്‍ നിന്നും കൃഷിയിടാധിഷ്ഠിത കൃഷിയിലേക്ക് മാറുന്നതിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കൃഷിയിടാധിഷ്ഠിത സമീപന പദ്ധതിയിലേക്ക് അപക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള ഫാം പ്ലാന്‍ പരിശീലനം ലഭിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കും. ഒരു കൃഷിഭവന്റെ കീഴില്‍ വരുന്ന എല്ലാ കൃഷി കൂട്ടങ്ങളെയും സമഗ്രമായി സംയോജിപ്പിച്ചു കൊണ്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. താത്പര്യമുള്ള കര്‍ഷകര്‍ അതത് കൃഷിഭവനുകളില്‍ നവംബർ 11 – നകം അപേക്ഷ നല്‍കേണ്ടതാണെന്ന്  ജില്ലാ കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

ആധാര്‍-വോട്ടര്‍ ഐ.ഡി ലിങ്കിങ് എല്ലാ ബൂത്തുകളിലും

ആധാര്‍-വോട്ടര്‍ ഐ.ഡി ലിങ്കിങ്ങുമായി ബന്ധപ്പെട്ട് നവംബര്‍ ആറ്, 12, 13 തിയ്യതികളില്‍ ജില്ലയിലെ എല്ലാ ബൂത്തുകളിലും  മെഗാ ക്യാമ്പുകൾ നടക്കും. വോട്ടര്‍മാര്‍ ഐ.ഡി നമ്പര്‍, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയുമായി അവരവരുടെ ബൂത്തുകളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി.  30 പേര്‍ക്കാണ് പ്രവേശനം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി keralamediaacademy.org വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചീനിയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ മോഡിഫൈഡ് റഫ്നസ്സ് ഇൻഡിക്കേറ്റിങ് മെഷീൻ, മെർലിൻ വാങ്ങുന്നതിന് വേണ്ടി മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ സ്വീകരിക്കുന്ന തീയതി നവംബർ 17  ഉച്ച്ക്ക് 2 മണി.അന്നേ ദിവസം 2.30 ന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്   0495 2383220, 0495 2383210

എഫ്.ഡി.ജി.ടി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്‌നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ജി.ഐ.എഫ്.ഡി യിലെ എഫ്.ഡി.ജി.ടി കോഴ്‌സിലേക്കുള്ള  ഒന്നാം സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ നാലിന് രാവിലെ 9.30 മുതല്‍ 10.30 വരെ നടക്കും. പേര് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാവുന്നതാണ്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്) എന്നിവ സഹിതം പേര് രജിസ്റ്റര്‍ ചെയ്യുകയും അഡ്മിഷനില്‍ പങ്കെടുക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 0495-2370714

ടി. പി രാജീവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി. പി രാജീവിന്റെ നിര്യാണത്തിൽ വിവിധ മേഖലകളിൽ ഉള്ളവർ അനുശോചനം രേഖപ്പെടുത്തി. സർക്കാരിന് വേണ്ടി കൊയിലാണ്ടി ഭൂരേഖ തഹസിൽദാർ ഹരീഷും മുഖ്യമന്ത്രിക്ക് വേണ്ടി എ ഡി എം സി മുഹമ്മദ് റഫീക്കും റീത്ത് സമർപ്പിച്ചു.

പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി; ബോധവത്കരണ ക്ലാസ് വ
നാളെ (നവംബർ 4)മുക്കത്ത്  നടക്കും

പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയെക്കുറിച്ച് (പി.എം.ഇ.ജി.പി ) അവബോധം നല്‍കുന്നതിന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. പരമാവധി 50 ലക്ഷം രൂപ വരെ അടങ്കല്‍ തുക വരുന്ന വ്യവസാ യസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 35% വരെ സബ്സിഡി നല്‍കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയെക്കുറിച്ച്(പി.എം.ഇ.ജി.പി ) നൽകുന്ന ക്ലാസ് മുക്കത്തുള്ള ഇ.എം.എസ്. ഓഡിറ്റോറിയത്തില്‍ നാളെ (നവംബര്‍ 4)രാവിലെ 10 മണിക്ക് നടക്കും.

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാ ടനം ചെയ്യുന്ന സെമിനാ‍റില്‍‍ ലിന്റോ ജോസഫ് എം.എൽ.എ മുഖ്യാതിഥിയാവും.  ഖാദി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ ബോധവത്ക്കരണ ക്ലാസ് നടത്തും. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ അഗ്രഹിക്കുന്നവർക്ക് ക്ലാസിൽ പങ്കെടുക്കാം.

അഴിയൂർ പഞ്ചായത്തിൽ കേരളോത്സവം നവംബർ 12 മുതൽ

അഴിയൂർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവം നാല് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടകസമിതി യോഗത്തിലാണ് തീരുമാനം. നവംബർ 12,13 തീയതികളിൽ കായിക മത്സരങ്ങളും 19,20 തീയതികളിൽ കലാ മത്സരങ്ങളും നടത്താൻ യോഗത്തിൽ തീരുമാനിച്ചു. അപേക്ഷകൾ നവംബർ 5 വൈകുന്നേരം 5 മണി വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.

യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, പഞ്ചായത്ത്‌ സെക്രട്ടറി അരുൺകുമാർ.ഇ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, പഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ യുവജന സംഘടന പ്രതിനിധികൾ, വിവിധ ക്ലബ്ബ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

ഓമശ്ശേരിയിൽ ജൈവ വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു

മണ്ണും പച്ചപ്പും പ്രകൃതിയും സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി ഓമശ്ശേരി പഞ്ചായത്തിൽ ജൈവ വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു. കൂടത്തായി കൊല്ലപ്പടിയിൽ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പത്ത്‌ സെന്റ്‌ സ്ഥലത്താണ് ജൈവ ഉദ്യാനം ഒരുക്കുന്നത്. വിവിധ ഇനത്തിൽപെട്ട ചെടികൾ, ഔഷധ സസ്യങ്ങൾ, സംരക്ഷിത മരങ്ങൾ, ശലഭോദ്യാനം, പൂച്ചെടികൾ, മീൻ കുളം തുടങ്ങിയ സംവിധാനങ്ങളോടെയാണ്‌ ജൈവ വൈവിധ്യ ഉദ്യാനം നിർമ്മിക്കുന്നത്‌.

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ പഞ്ചായത്ത്‌ ഭരണസമിതി നിർമ്മിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. പഞ്ചായത്ത്‌തല ജൈവ വൈവിധ്യ പരിപാലന സമിതിയുടെ (ബി.എം.സി) തീരുമാന പ്രകാരം പഞ്ചായത്തിലെ കണ്ണങ്കോട്‌ മലയിൽ ഒരേക്കർ സ്ഥലത്ത്‌ സംരക്ഷിത വന വൽക്കരണവും നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുൽ നാസർ പറഞ്ഞു.

പ്രാദേശിക ജൈവ വൈവിധ്യത്തിന്‌ പ്രാധാന്യം നൽകുന്ന തരത്തിൽ തനതായ സസ്യങ്ങളും  സംരക്ഷണ പ്രാധാന്യമുള്ളതുമായ സസ്യജാലങ്ങൾക്കും ഉദ്യാനത്തിൽ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഭാഷാ വാരാഘോഷം: സർക്കാർ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ നാളെ (നവംബര്‍ 4 ന്)

സ്‌കൂള്‍- കോളേജ്  വിദ്യാര്‍ത്ഥികള്‍ക്കായും വ്യത്യസ്ത മത്സരങ്ങള്‍

ഭരണ ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നാളെ (നവംബര്‍ 4 ന്) സർക്കാർ ജീവനക്കാര്‍ക്കായി തര്‍ജ്ജമ മത്സരം, ഭരണ ഭാഷാ ക്വിസ്, സ്‌കൂള്‍, കോളേജ്, വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരങ്ങള്‍ എന്നിവ നടക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ നാല് മണി വരെ തര്‍ജ്ജമ മത്സരം, ഭരണഭാഷാ ക്വിസ് മത്സരം, എന്നിവ  നടത്തും. വൈകുന്നേരം നാല് മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി രചനാ മത്സരവും ഉണ്ടായിരിക്കും.

നവംബര്‍ അഞ്ചിന് ഉച്ചക്ക് ശേഷം 3:30 ന് വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, രചനാ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ്, പ്രിൻസിപ്പലിന്റെ കത്ത് എന്നിവ സഹിതം [email protected] എന്ന മെയിൽ ഐ.ഡിയിൽ രജിസ്റ്റർ ചെയ്യണം. പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് നേരിട്ട് എത്താവുന്നതുമാണ്.

നല്ലൂർ ശിവക്ഷേത്രം നവീകരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

ചരിത്ര പ്രാധാന്യമുള്ള നല്ലൂർ ശിവക്ഷേത്രം പൈതൃക പദ്ധതിക്കായി ഒരു കോടി രൂപയുടെ ഭരണാനുമതിയായതായി ടൂറിസം പൊതുമരാമത്ത്  യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഊരാളുങ്കൾ ലേബർ കോൺടാക്ട് സൊസൈറ്റി ആണ് പദ്ധതി തയ്യാറാക്കിയത്. കുളം നവീകരണം, പാത്ത് വേ , ലൈറ്റിങ്, തുടങ്ങിയ പ്രവൃത്തികൾ ഇതിൽ ഉൾപ്പെടും.

നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി എത്രയും വേഗം ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. 12 മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കും.

തിരുവമ്പാടിയിൽ വാതക ശ്മശാനം നാടിന് സമർപ്പിച്ചു

മലയോര മേഖലയായ തിരുവമ്പാടി പഞ്ചായത്തിൽ വാതക ശ്മശാനം നാടിന് സമർപ്പിച്ചു. 63 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള വാതക ശ്മശാനം തുറന്ന് കൊടുത്തത്.
തിരുവമ്പാടിയിലെ കോളനി നിവാസികൾ ഉൾപ്പെടെ നൂറു കണക്കിന് കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന ശ്മശാനമാണിത്.

തിരുവമ്പാടി ബസ് സ്റ്റാന്റ് ഓപ്പൺ സ്റ്റേജിൽ നടന്ന ചടങ്ങിൽ
ലിന്റോ ജോസഫ് എം.എൽ.എ ശ്മശാനം നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യാതിഥിയായി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Summary: prd press release on October 3