വായ്പാ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (30/07/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
അപേക്ഷ ക്ഷണിച്ചു
2022-24 വര്‍ഷത്തിലെ ഡി.എല്‍.എഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ww. kozhikodedde.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പശു വളര്‍ത്തലില്‍ പരിശീലനം
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് നാലിന് രാവിലെ 10 മണിക്കാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. വിവരങ്ങള്‍ക്ക് 0491-2815454, 9188522713.
ഡിഗ്രി മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം
പാലക്കാട് അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജിലെ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്സി ഇലക്ട്രേണിക്‌സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ മാനേജ്‌മെന്റ് ക്വാട്ടയിലുള്ള 50 ശതമാനം സീറ്റിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്- 24, ബി.എസ്സി ഇലക്ട്രോണിക്‌സ്-12, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍-30 എന്നിങ്ങനെ ആകെ 66 സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് കോളേജില്‍ നേരിട്ടോ Ihrdadmissions.org എന്ന വെബ്‌സൈറ്റിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005029, 9495069307, 04923241766, 9447711279.
വായ്പാ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍ പെട്ടവര്‍ എന്നിവര്‍ക്കായി നടപ്പിലാക്കി വരുന്ന താരതമ്യേന കുറഞ്ഞ പലിശ നിരക്കിലുള്ള വിവിധ വായ്പാ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൃഷിഭൂമി വാങ്ങുന്നതിനുള്ള വായ്പ, സ്വയം തൊഴില്‍ വായ്പ, വ്യക്തിഗത വായ്പ, ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പ, ഉദ്യോഗസ്ഥര്‍ക്കുള്ള വാഹന വായ്പ, ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള വ്യക്തിഗത വായ്പ, വ്യവസായ വായ്പ, ഭവന നിര്‍മ്മാണ വായ്പ, ഭവനപുനരുദ്ധാരണ വായ്പ, ഭൂരഹിത ഭവനരഹിത വായ്പ, വിവാഹ വായ്പ, വിദ്യാഭ്യാസ വായ്പ എന്നീ പദ്ധതികളാണ് കോര്‍പ്പറേഷന്‍ നിലവില്‍ നടത്തി വരുന്നത്. (താഴ്ന്ന വരുമാനക്കാര്‍ക്കായുള്ള പദ്ധതികള്‍ക്ക് പ്രതിവര്‍ഷ വരുമാന പരിധി ഗ്രാമപ്രദേശങ്ങളില്‍ 98000, നഗരങ്ങളില്‍ 1,20,000 വരെ). അപേക്ഷാ ഫോറങ്ങളും വിശദവിവരങ്ങളും സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗവികസന കോര്‍പ്പറേഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ ലഭ്യമാണ്.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ കോഴിക്കോട് സിവില്‍സ്റ്റേഷന്‍, വെളളിമാടുകുന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, കുന്ദമംഗലം സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പുതുതായി തുടങ്ങുന്ന ക്രഷുകളിലേക്ക് കുഞ്ഞുങ്ങളുടെ പരിപാലനം, ശുചിത്വം, മാനസികോല്ലാസം, പ്രീ സ്‌ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍, മോണിട്ടറിങ്്് മുതലായവയ്ക്ക് ഗുണമേന്മയുളള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍/സ്ഥാപനങ്ങില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ഓഗസ്റ്റ് 9 ഉച്ചയ്ക്ക്്് ശേഷം 2 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. അന്നേ ദിവസം 2.30ന്
ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 237075
ഡോക്ടര്‍, ലാബ് ടെക്നിഷ്യന്‍ താല്‍കാലിക നിയമനം
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ മഴക്കാല രോഗങ്ങളെ തുടര്‍ന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിന് ഡോക്ടറുടെയും, ലാബ് ടെക്നീഷ്യന്റെയും തസ്തികയില്‍ താത്കാലിക നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ഡോക്ടര്‍ തസ്തികയിലേക്ക് ആഗസ്റ്റ് 4ന് രാവിലെ 10 നും ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഉച്ചക്ക് 12 നും വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539597573.
ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് കുന്ദമംഗലം പ്രൊജക്ട് ഓഫീസ് ഉപയോഗത്തിന് സപ്തംബര്‍ 1 മുതല്‍ 2023 മാര്‍ച്ച്് 3 വരെയുളള 7 മാസ കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക്്് നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. വാഹനത്തിന് 7 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാവരുത്. ടാക്‌സി പെര്‍മിറ്റ് നിലവിലുണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്്് 0495 2800682.
തീയതികള്‍ മാറ്റി
കോഴിക്കോട് ഗവ. ഫിസിക്കല്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 20 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് www.joinindianarmy.nic.in വഴിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തീയതി ഓഗസ്റ്റ് 5ല്‍ നിന്നും സെപ്റ്റംബര്‍ 3 ലേക്ക് ദീര്‍ഘിപ്പിച്ചു. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ അവരുടെ ഇ മെയിലിലേക്ക് സെപ്റ്റംബര്‍ 9 മുതല്‍ 14 വരെ അയയ്ക്കും.
മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള നാളെ
മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും, ഇതരവകുപ്പുകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യമേള നാളെ (ജൂലായ് 31) പയ്യോളി തിക്കോടിയന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. മേലടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രാവിലെ ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കെ. മുരളീധരന്‍ എം.പി നിര്‍വഹിക്കും. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും.
മേളയില്‍ അലോപ്പതി, ആയൂര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ ഉണ്ടാകും. അലോപ്പതിയില്‍ ഗൈനക്, കാര്‍ഡിയോളജി, ഇ.എന്‍.ടി തുടങ്ങി വിവിധ വിഭാഗങ്ങളുടെ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാകും. സൗജന്യ മരുന്നു വിതരണത്തോടൊപ്പം സ്വകാര്യ ലാബുമായി സഹകരിച്ച് ജീവിത ശൈലി രോഗങ്ങളുള്‍പ്പെടെയുള്ളവ സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, ഐ.സി.ഡി.എസ് തുടങ്ങി വിവിധ വകുപ്പുകളുടെ പ്രദര്‍ശന-വിപണന സ്റ്റാളുകളും മേളയിലുണ്ടാകും.
തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട്; നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ 47 പേര്‍ക്ക് കൂടി ജില്ലാ ഭരണകൂടത്തിന്റെ കരുതല്‍
ഇന്നലെ വരെ ഒരു മേല്‍ക്കൂരയുടെ തണലോ കരുതലോ ഇല്ലാതിരുന്ന 47 പേര്‍ക്ക് ഇനി തെരുവില്‍ അലയേണ്ടിവരില്ല. നഗരത്തില്‍ അലഞ്ഞു നടന്നിരുന്ന 47 പേരെയാണ് ജില്ലാ ഭരണകൂടം കരുതല്‍ കരങ്ങളായ ഉദയം ഹോമിലേക്ക് മാറ്റിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരം, പുതിയ ബസ് സ്റ്റാന്റ് തുടങ്ങിയ പരിസരപ്രദേശങ്ങളില്‍ കിടന്നുറങ്ങിയവരെയാണ് ഉദയം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി തെരുവില്‍ കിടന്നുറങ്ങുന്നവരെയും നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കുമായി ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഉദയം പ്രോജക്ട് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസിന്റെ സഹായത്തോടെ നടന്ന പ്രവര്‍ത്തനത്തിന് ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി, സ്പെഷല്‍ ഓഫിസര്‍ ഡോ. ജി രാഗേഷ്, ഉദയം പ്രൊജക്റ്റ് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സജീര്‍ പി മറ്റു ഉദയം സ്റ്റാഫുകള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നഗരത്തിന്റെ തിരക്കില്‍ ആരോരുമില്ലാതെ അലഞ്ഞു നടന്നിരുന്ന അശരണര്‍ക്ക് തുണയാവുകയാണ് ജില്ലാ ഭരണകൂടം. ചേവായൂര്‍, വെള്ളിമാടുകുന്ന്, മാങ്കാവ്, വെസ്റ്റ്ഹില്‍, എന്നിവിടങ്ങളിലായി 400 ഓളം ആളുകളെ പാര്‍പ്പിക്കാനുള്ള സംവിധാനമാണ് ഉദയം ഹോമുകളിലുള്ളത്. ആരോരുമില്ലാത്തവര്‍ക്ക് ഒരു വീടിന്റെ കരുതലും സ്നേഹവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ഉദയം ഹോമിന്റെ നടത്തിപ്പിന് ഉദാരമതികളുടെ സഹായം സ്വീകരിക്കുന്നുണ്ട്. ഉദയം ബാങ്ക് അക്കൗണ്ടുകളിലേക്കോ ഉദയം ഹോമുകളിലേക്കോ പണമായും വസ്തുക്കളായും സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യാവുന്നതാണ്. വിവരങ്ങള്‍ക്ക് 9207391138 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ജില്ലയിലെ വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍
ജില്ലയിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ബാലുശ്ശേരി, കുറ്റ്യാടി, കക്കട്ടില്‍ടൗണ്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കുന്നത് അവസാന ഘട്ടത്തിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണ്ഡലങ്ങളിലെ പൊതുമരാമത്ത് റോഡുകളുടെ നിലവിലെ പ്രവൃത്തി പുരോഗതി യോഗത്തില്‍ വിലയിരുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചുറ്റുമതില്‍ നിര്‍മ്മാണ പ്രവൃത്തി വരുന്ന നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നു കലക്ടര്‍ നിര്‍ദേശം നല്‍കി.
വടകര പുതുപ്പണത്ത് പട്ടികവര്‍ഗ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ ടെണ്ടര്‍ ഉടന്‍ ഓപ്പണ്‍ ചെയ്യും. ഇതിലേക്കായി 4.82 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ രണ്ടു ഐ.ടി.ഐ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡില്‍ പൊളിച്ചുമാറ്റല്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. പാച്ചാക്കില്‍ തോട് നവീകരണ പ്രവൃത്തി ഉടന്‍ പുനഃരാരംഭിക്കും.
പേരാമ്പ്ര മണ്ഡലത്തിലെ 10 ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ജലഗുണനിലവാര പരിശോധനാ ലാബ് നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. 5 സ്‌കൂളുകളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചതായും ബാക്കിയുള്ള പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പേരാമ്പ്ര സബ് ട്രഷറി കെട്ടിട നിര്‍മ്മാണം 90 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചു. പേരാമ്പ്ര താലൂക്ക് ഗവ. ആശുപത്രി കെട്ടിട നിര്‍മ്മാണ ഡി.പി.ആര്‍
കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലന്നും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
റീ ബില്‍ഡ് കേരള പദ്ധതിയുടെ കീഴിലുള്ള മടപ്പള്ളി അണ്ടര്‍പ്പാസ് വെള്ളിക്കുളങ്ങര കാഷ് റോഡ് പദ്ധതിയില്‍ ടെന്‍ഡര്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സെക്രട്ടറി ജില്ലാ വികസന സമിതി യോഗത്തില്‍ വിശദീകരിച്ചു. ആധുനിക ചികിത്സാ സൗകര്യം, ബോധവത്ക്കരണം തുടങ്ങി 18 ഓളം ലക്ഷ്യങ്ങള്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി വഴി നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.കെ.രമ, പി.ടി.എ റഹിം, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍ മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാദാപുരം ഗ്രാമപഞ്ചായത്ത് കടലാസ് രഹിതമാകുന്നു; ജനപ്രതിനിധികള്‍ക്ക് ഐ.ടി ശില്‍പശാല നടത്തി
നാദാപുരം ഗ്രാമപഞ്ചായത്ത് കടലാസ് രഹിതമാക്കുന്നതിനും ഇ ഗവേര്‍ണസിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന 213 സേവനങ്ങളെക്കുറിച്ച് ജന പ്രതിനിധികള്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനുമായി ഐ.ടി ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയര്‍ ശില്‍പശാലയില്‍ പരിചയപ്പെടുത്തി.
ജനപ്രതിനിധികളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന രീതി മനസിലാക്കുന്നതിനും സിറ്റിസണ്‍ പോര്‍ട്ടല്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് ഐ.ടി പാഠശാല സംഘടിപ്പിച്ചത്. രണ്ടാംഘട്ടത്തില്‍ വാര്‍ഡുതല കണ്‍വീനര്‍മാര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും സിറ്റിസണ്‍ പോര്‍ട്ടല്‍ പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ശില്‍പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീദ ഫിര്‍ദൗസ്, മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദ് നന്ദിയും പറഞ്ഞു. കുന്നുമ്മല്‍ ബ്ലോക്ക് ടി.എ ഇ.കെ സീന, കില ഫാക്കല്‍ട്ടി കെ ഷാജി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ.പി ഷീമ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
‘എല്ലാരും മികവിലേക്ക്’ അധ്യാപക ശില്‍പശാല സംഘടിപ്പിച്ചു
മണിയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ അധ്യാപക ശില്‍പശാല സംഘടിപ്പിച്ചു. മണിയൂര്‍ ജവഹര്‍ നവോദയ വിദ്യാലയ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാലയ്ക്ക് പൗലോസ് മാസ്റ്റര്‍, ജേതാവ് നൗഫല്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളില്‍ ഭാഷാ പഠനത്തിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പരിഹാരമാര്‍ഗങ്ങള്‍ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ശില്‍പശാല സംഘടിപ്പിച്ചത്. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. പി.ഇ.സി കണ്‍വീനര്‍ ബീന പുത്തുര്‍ അധ്യക്ഷത വഹിച്ചു. നവോദയ പ്രിന്‍സിപ്പല്‍ പി.എം സുരേഷ് ആശംസ അറിയിച്ചു. ബിനീഷ് മാസ്റ്റര്‍ സ്വാഗതവും ഇ.എം ദിനേശ് നന്ദിയും പറഞ്ഞു.
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ദശവൃക്ഷം പദ്ധതി
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച ജൈവ ചത്വരത്തിലെ ദശവൃക്ഷം പദ്ധതിക്ക് തുടക്കമായി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്ലാനിങ്ങ് ബോര്‍ഡ് ഉപാധ്യക്ഷന്‍ മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സീക്ക് പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഇ വിഷ്ണു പ്രണവ് പദ്ധതി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍, സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാന്‍, മെമ്പര്‍മാരായ ബവിത്ത് മലോല്‍, പി.സി ഹാജറ, പി.പി രാജന്‍, രമ്യ പുലക്കുന്നുമ്മല്‍, ബി.ഡി.ഒ പ്രദീപ് കുമാര്‍, സെക്രട്ടറി പി.ജി സിന്ധു, ജില്ലാ ജൈവ വൈവിധ്യ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ മഞ്ജു, ഹരിതകേരളം പ്രതിനിധി രുദ്രപ്രിയ, ബി.എം.സി കണ്‍വീനര്‍ ടി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് വജ്രജൂബിലി: വിജ്ഞാനോത്സവം- മേഖലാതല സ്വാഗതസംഘമായി
സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലിയുടെ ഭാഗമായി നടത്തുന്ന വിജ്ഞാനോത്സവം പരിപാടിയുടെ കോഴിക്കോട് മേഖലാ തല സ്വാഗത സംഘം രൂപീകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഗസ്റ്റ് മൂന്നാം വാരം വിവിധ പരിപാടികളോടെ ജില്ലയില്‍ വിജ്ഞാനോത്സവം സംഘടിപ്പിക്കാന്‍ തീരുമാനമായി.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാനത്തെ ആദ്യമേഖലാതല യോഗമാണ് മേയറുടെ ചേംബറില്‍ നടന്നത്. കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ ഉള്‍പ്പെടുത്തിയാണ് കോഴിക്കോട് മേഖലാ വിജ്ഞാനോത്സവം. കോഴിക്കോട് ടൗണ്‍ ഹാള്‍, മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജ് എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിജ്ഞാനോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരങ്ങള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സെമിനാറുകള്‍, സിംപോസിയങ്ങള്‍ എന്നിവ സംഘടിപ്പിക്കും. കൂടാതെ സാംസ്‌കരിക സമ്മേളനങ്ങള്‍, കലാ പരിപാടികള്‍ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് നടത്തുന്നത്.
ജ്ഞാനസമൂഹനിര്‍മിതി എന്ന സര്‍ക്കാര്‍ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് സംഘടിപ്പിക്കാനുദ്ദേശിക്കുന്നതെന്ന് സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് പറഞ്ഞു.
മേയര്‍ ഡോ.ബീന ഫിലിപ്പ് ചെയര്‍പേഴ്‌സണും സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ഡോ. എ.കെ അബ്ദുല്‍ ഹക്കിം കണ്‍വീനറുമായുള്ള സംഘാടക സമിതിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍ എന്നിവര്‍ അംഗങ്ങളാണ്. മേയര്‍ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രേഖ സി, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ്ജ്, അസിസ്റ്റന്റ് എഡിറ്റര്‍ ആര്‍. അനിരുദ്ധന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് എഡിറ്റര്‍ ജയകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.