എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (27/05/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

മുട്ടക്കോഴി വളർത്തൽ’ പരിശീലനം ജൂൺ രണ്ടിന്

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുട്ടക്കാഴി വളർത്തൽ’ എന്ന വിഷയത്തിൽ ജൂൺ രണ്ടിന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മുതൽ നാല് മണി വരെ പരിശീലനം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർ ആധാർ കാർഡ് കൊണ്ടു വരണം. പങ്കെടുക്കുന്നവർ 0491-2815454 എന്ന നമ്പറിലേക്ക് വിളിക്കുകയോ 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസ്സേജ് അയച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി. വിശദാംശങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ജൂൺ 30. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ്സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 ഫോൺ: 04712325101, 91 8281114464. ഇ- മെയിൽ: [email protected], [email protected]

ഗവ. വനിത ഐ.ടി.ഐ യിൽ സീറ്റൊഴിവ്

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ- 8593829398, 8281723705

ലഹരി വിരുദ്ധ ബോധവത്കരണം വിവിധ പദ്ധതികളുമായി നഷാ മുക്ത് ഭാരത് അഭിയാൻ

ജില്ലയിൽ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള വിവിധ പദ്ധതികളുമായി നഷാ മുക്ത് ഭാരത് അഭിയാൻ. താലൂക്ക് തലങ്ങളിൽ പദ്ധതിയുടെ ഭാഗമായി യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്തും. ലഹരിക്കെതിരെ സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ അവബോധ പരിപാടികൾ സംഘടിപ്പിക്കും. ലഹരി വിമോചന ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ഫലപ്രദമാക്കും, കോളേജ് ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് ബോധവത്കരണത്തോടൊപ്പം നിയമ നിർവഹണവും കർശനമാക്കും.

ജില്ലയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കാൻ പോലീസ്, എക്‌സൈസ് വകുപ്പുകളുടെ ഏകോപനം ശക്തമാക്കി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കും. പൊതു ഇടങ്ങളിലെ ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന് നടപടികൾ ശക്തമാക്കും, നഷാ മുക്ത് ഭാരത് അഭിയാൻ പ്രചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ നടപ്പിലാക്കിയ ബോധവത്കരണ പരിപാടികൾ തുടരും.

‘പുതു ലഹരിയിലേക്ക്’ എന്ന പേരിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പുകയില വിരുദ്ധദിനം, ലഹരി വിരുദ്ധദിനം തുടങ്ങിയ ദിവസങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും പുതുതലമുറയെ ലഹരി പദാർഥങ്ങളുടെ അപകടങ്ങൾ ബോധ്യപ്പെടുത്തുന്നതിന് ലഹരിവിരുദ്ധ ബൈക്ക് റാലികൾ വിദ്യാർഥികൾക്ക് ഓൺലൈൻ ഓഫ്ലൈൻ മത്സരങ്ങൾ, അധ്യാപകർക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ ലഹരിവിരുദ്ധ വാഹന പ്രചാരണ പരിപാടികൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

ലോക പുകയിലരഹിത ദിനാചരണം: ഉപന്യാസ രചന, ഡിജിറ്റൽ പോസ്റ്റർ, റീൽസ് മത്സരങ്ങൾ

ലോക പുകയിലരഹിത ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംസ്ഥാനതലത്തിൽ നടത്തുന്ന ഉപന്യാസ രചന, റീൽസ്, ഡിജിറ്റൽ പോസ്റ്റർ മത്സരങ്ങൾ നടത്തുന്നു.

ഉപന്യാസരചനാ മത്സരത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം. ‘പുകയിലയും പരിസ്ഥിതി ആഘാതവും’ എന്ന വിഷയത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള 400 വാക്കുകളിൽ കവിയാത്ത എഴുതി തയ്യാറാക്കിയ രചനകൾ സ്‌കാൻ ചെയ്തോ ഫോട്ടോ എടുത്തോ മെയിൽ ചെയ്യേണ്ടതാണ്. പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ, സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂൾ മേൽവിലാസം, പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് സ്‌കൂൾ അധികൃതരുടേയോ രക്ഷിതാവിന്റെയോ സാക്ഷ്യപത്രം എന്നിവ രചനയോടൊപ്പം സമർപ്പിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപയും, പ്രോത്സാഹനമായി രണ്ടു പേർക്ക് 1000 രൂപ വീതവും സർട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും.

റീൽസ് മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. ‘പുകയിലയും കാലാവസ്ഥാ വ്യതിയാനവും ‘ എന്ന വിഷയത്തിൽ 30 സെക്കൻഡിൽ കവിയാത്ത റീൽസ് മത്സരാർഥിയുടെ പേര്, വയസ്സ്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം അയക്കുക. ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 15000, 10000, 7500 രൂപയും പ്രോത്സാഹനമായി രണ്ടുപേർക്ക് 2500 രൂപ വീതവും സർട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും.

ഡിജിറ്റൽ പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കുന്നതിനും പ്രായ പരിധിയില്ല.’പുകയിലയും പരിസ്ഥിതി ആഘാതവും’ എന്ന വിഷയത്തിൽ ജെ.പി.ഇ.ജി ഫോർമാറ്റിൽ 3 എംബിയിൽ കവിയാത്ത ഡിജിറ്റൽ പോസ്റ്ററുകളാണ് അയക്കേണ്ടത്. ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10000, 7500, 5000 രൂപയും പ്രോത്സാഹനമായി രണ്ടുപേർക്ക് 1000 രൂപ വീതവും സർട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും.

സമ്മാനാർഹമായ റീലുകളുടെയും ഡിജിറ്റൽ പോസ്റ്ററുകളുടെയും ഉടമസ്ഥാവകാശം ആരോഗ്യ കുടുംബക്ഷേമ വകുപ്പിനായിരിക്കും. രചനകൾ അയക്കേണ്ട ഇ- മെയിൽ വിലാസം: [email protected]. അവസാന തീയതി: 2022 ജൂൺ അഞ്ചിന് വൈകീട്ട് അഞ്ച് മണി. ഫോൺ: 9447472562, 9447031057

ആസാദി കാ അമൃത് മഹോത്സവ്: പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുന്നു

ആസാദി കാ ആമൃത് മഹോത്സവിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പദ്ധതികളുടെ ഗുണഭോക്താക്കളുമായി മെയ് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി സംവദിക്കും. പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കിസ്സാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ഉജ്ജ്വല യോജന, പോഷൺ അഭിയാൻ, പ്രധാനമന്ത്രി മാതൃവന്ദന യോജന, സ്വച്ച് ഭാരത് മിഷൻ, ജലജീവൻ മിഷൻ, അമൃത്, പ്രധാനമന്ത്രി എസ് വി എ നിധി സ്‌കീം, ഒരു രാജ്യം ഒരു റേഷൻ കാർഡ്, പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ അന്നാ യോജന, ആയുഷ്മാൻ ഭാരത് പിഎം ജൻ ആരോഗ്യ യോജന, ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ, പ്രധാനമന്ത്രി മുദ്ര യോജന എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ. മന്ത്രിമാർ, എംപി മാർ, എംഎൽഎ മാർ, കോർപ്പറേഷൻ മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ എല്ലാ മേഖലയിലും പരിവർത്തനം ആവശ്യമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ; സി.ഡബ്ല്യൂ.ആർ.ഡി.എമ്മിൽ ദ്വിദിന സിമ്പോസിയത്തിന് തുടക്കമായി

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ജലവിഭവമുൾപ്പെടെ എല്ലാ മേഖലയിലും പരിവർത്തനം ആവശ്യമാണെന്ന് തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ. ‘കേരളത്തിലെ നദീതടങ്ങളുടെ ജലസ്രോതസ്സുകളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗ മാറ്റത്തിന്റെയും ജലശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ’ എന്ന വിഷയത്തിൽ സി.ഡബ്ല്യൂ.ആർ.ഡി.എമ്മിൽ സംഘടിപ്പിക്കുന്ന ദ്വിദിന സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലങ്ങൾ അടുത്തിടെ ഏറ്റവും കൂടിയതോതിൽ അനുഭവിക്കേണ്ടിവന്ന സംസ്ഥാനമാണ് കേരളം. കാലവർഷത്തിലുൾപ്പെടെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മാറ്റം വന്നുകൊണ്ടിരിക്കുന്നതായി കാണാം. പ്രളയവും വരൾച്ചയും മാറിമാറി വരുന്നതായും നമുക്കറിയാം. അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന്റെ വാർഷിക ആവർത്തനങ്ങളും സംസ്ഥാനത്ത് സംഭവിക്കുന്നുണ്ട്. ഇത്തരം പ്രകൃതിദുരന്തങ്ങൾ നമ്മു‌ടെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പഠനവിധേയമാക്കുന്ന ഈ പദ്ധതിയും സമാന ഗവേഷണ പദ്ധതികളും ആഗോളവും പ്രാദേശികവുമായ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനായുള്ള നമ്മുടെ യാത്രയിൽ ശക്തമായ പ്രവർത്തനങ്ങൾ രൂപപ്പെടുത്താനുള്ള വഴികാട്ടിയായി വർത്തിക്കും. രണ്ടുദിവസമായി നടക്കുന്ന ചർച്ചായോഗം പശ്ചിമഘട്ട മേഖലയിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള നമ്മുടെ ബോധ്യം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

‘തദ്രി മുതൽ കന്യാകുമാരി വരെയുള്ള നദികളിലെ ജലസ്രോതസ്സുകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ നാഷണൽ കമ്മിറ്റി ഓൺ ക്ലൈമറ്റ് ചേഞ്ചി(ഐ.എൻ.സി.സി.സി)ന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഐ.ഐ.ടി ബോംബെ, സി.ഡബ്ല്യൂ.ആർ.ഡി.എം കാലിക്കറ്റ്, എൻ.ഐ.ടി സൂറത്ത്കൽ എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് ഗവേഷണ പദ്ധതി നടത്തുന്നത്. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന ആഘാതങ്ങൾ, ജലസ്രോതസ്സുകളിൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ സിമ്പോസിയത്തിൽ ചർച്ച ചെയ്യും. രണ്ടുദിവസങ്ങളിലായി നടക്കുന്ന സിമ്പോസിയത്തിൽ നാലു സെഷനുകളിലായി അനുബന്ധ വിഷയങ്ങളിൽ ചർച്ചകളും പാനൽ ഡിസ്കഷനും സംഘടിപ്പിക്കും. രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള പ്രൊഫസർമാരും ശാസ്ത്രജ്ഞരും സെഷനുകൾ നയിക്കും.

ചടങ്ങിൽ പ്രൊജക്ട് വെബ്സൈറ്റിന്റെയും, സി.ഡബ്ല്യു.ആർ.ഡി.എം വെബ്സൈറ്റിൽ ലഭ്യമാക്കുന്ന റൂഫ് ടോപ് റെയിൻ വാട്ടർ ഹാർവെസ്റ്റിങ് കാൽക്കുലേറ്ററിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം ‘നീരറിവ്’ എന്ന പേരിൽ പുറത്തിറക്കിയ പുസ്കത്തിന്റെ പ്രകാശനവും സ്ഥാപനത്തിന് പുതുതായി അനുവദിച്ച ഇലക്ട്രിക് കാറിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിർവഹിച്ചു.

സി.ഡബ്ല്യു.ആർ.ഡി.എം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ അധ്യക്ഷനായി. ഐ.ഐ.ടി ബോബെയിലെ പ്രൊഫ. ടി.ഐ. എൽദോ കാലാവസ്ഥാ വ്യതിയാന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജലശക്തി മന്ത്രാലയത്തിന്റെ ഗംഗാ പുനരുജ്ജീവന പദ്ധതി ഡയറക്ടർ രവി ഭൂഷൺ കുമാർ, ഐ.എൻ.സി.സി.സി മെമ്പർ സെക്രട്ടറി ഡോ. ആർ.പി. പാണ്ഡെ എന്നിവർ ഓൺലൈനിൽ സംസാരിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം രജിസ്ട്രാർ ഇൻ ചാർജ് ഡോ. പി.എസ്. ഹരികുമാർ സ്വാഗതവും സീനിയർ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ നന്ദിയും പറഞ്ഞു.