ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/08/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സ്

കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിഷന് താല്പര്യമുള്ളവർ കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷകർ പ്ലസ് ടു പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495-2385861. www.sihmkerala.com.

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ തോടന്നൂർ ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2022 സെപ്റ്റംബർ മുതൽ 2023 മാർച്ച് വരെ കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റ് ഉള്ള വാഹനം (ജീപ്പ് /കാർ) വാടകയ്ക്ക് എടുക്കുവാൻ മത്സരാ അടിസ്ഥാനത്തിൽ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 31 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495-2592722.

ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26 ന് ഇറച്ചിക്കോഴി വളർത്തൽ എന്ന വിഷയത്തിൽ രാവിലെ 10 മുതൽ 4 മണി വരെ പരിശീലനം ഉണ്ടായിരിക്കും. താല്പര്യമുള്ളവർ 0495-2815454,9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വനിതകൾ ഗൃഹനാഥരായിട്ടുള്ളവരുടെ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2022-2023 സാമ്പത്തികവർഷത്തിലെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന / കേന്ദ്ര സർക്കാറിൽ നിന്നും സ്കോളർഷിപ്പുകൾ ലഭിക്കാത്ത 1 മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കും ഡിഗ്രി/പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ സഹിതം 2022 സെപ്റ്റംബർ 15 ന് മുൻപ് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

വിസിറ്റിംഗ് ഫാക്കൽറ്റി നിയമനം

കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ കംപ്യൂട്ടർ അപ്ലിക്കേഷൻ വിസിറ്റിങ് ഫാക്കൽറ്റിയെ തിരഞ്ഞെടുക്കുന്നതിനായി ആഗസ്റ്റ് 26 ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കമ്പ്യൂട്ടർ സയൻസിൽ 50 ശതമാനം മാർക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം, രണ്ടു വർഷത്തെ അധ്യാപന പരിചയം എന്നിവ ഉള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0495-2385861 www.sihmkerala.com.

ടെൻഡർ ക്ഷണിച്ചു

പയ്യോളി ടി.എസ്.ജി.വി.എച്ച്.എസ്.എസ് സ്‌കൂളിൽ സയൻസ് ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വകരിക്കുന്ന വിലാസം പ്രിൻസിപ്പൽ, ടി.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യോളി, വി.എച്ച്.എസ്.ഇ വിഭാഗം തിക്കോടി (പി.ഒ), 673529. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്റ്റംബർ 6. ഫോൺ- 9847868979.

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് എസ്.എസ്.എൽ. സി, പ്ലസ് ടു ഹിന്ദിയിൽ 50 ശതമാനം മാർക്ക് പാസായവർക്ക് അപേക്ഷിക്കാം. 15 നും 35 നും ഇടയിൽ പ്രായം ഉണ്ടായിരിക്കണം. സെപ്റ്റംബർ 3ന് മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0473-4296496, 8547126028.

ടെൻഡർ ക്ഷണിച്ചു

2022-23 സാമ്പത്തിക വർഷം ബാലുശ്ശേരി കോക്കല്ലൂർ അഡീഷണൽ ഐ.സി.ഡി.എസിനു വേണ്ടി ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള യാത്രകൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം (ജീപ്പ്/കാർ) വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30 ന് ഉച്ചയ്ക്ക് 12.30 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0496-2705228.

ഇ-ടെണ്ടർ ക്ഷണിച്ചു

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തേക്കുളള പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഇ-ടെണ്ടർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 30.കൂടുതൽ വിവരങ്ങൾക്ക്: 0495 2210289, www.etenders.kerala.gov.in.

അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നാൽപ്പതിനായിരം രൂപയോ അതിൽ താഴെയോ വാർഷിക വരുമാനമുള്ള കുടുംബത്തിലെ 2022-23 വർഷം 8 മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവാരമുള്ള ട്യൂട്ടോറിയൽ സ്ഥാപനത്തിൽ ചേർന്ന് ട്യൂഷൻ നൽകുന്നതിനും എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കോഴ്സുകൾക്ക് പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ട്യൂട്ടോറിയൽ സ്ഥാപനത്തിൽ ചേർന്ന് പഠിക്കുന്നതിനുമുള്ള ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ടൂട്ടോറിയൽ ഗ്രാന്റ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ സി ബ്ലോക്ക് നാലാം നിലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ട്രൈബൽ ഡിവലപ്മെന്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും കൂടുതൽ വിവരങ്ങൾക്ക് : 0495 2376364.

ഓണക്കിറ്റ് വിതരണം

വെൽഫയർ റേഷൻ പെർമിറ്റ് ഇല്ലാത്ത അതിഥി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക്, നാല് പേർക്ക് ഒരു കിറ്റ് എന്ന രീതിയില് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. ജില്ലയിൽ വെൽഫയർ പെർമിറ്റ്/ എൻ. എച്ച് കാർഡ് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങൾ സാമൂഹിക നീതി ഓഫീസിൽ നിന്നും സാക്ഷ്യപ്പെടുത്തിയ അപേക്ഷയും അന്തേവാസികളുടെ ലിസ്റ്റും ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളില് ഓഗസ്റ്റ് 27 – നകം സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളിൽ ബന്ധപ്പെടണം. ഫോൺ: 9188527402 (CRO – നോർത്ത്). 9188527401 (CRO സൌത്ത്). 9188527400 (കോഴിക്കോട്), 9188527403 (കൊയിലാണ്ടി), 9188527404 (വടകര), 9188527399 (താമരശ്ശേരി).

എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 29ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികളിലേക്ക് കൂടിക്കാഴ്ച നടത്തും.
കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ, ഇൻഷൂറൻസ് മാനേജർ യോഗ്യത ബിരുദം ), അപ്രന്റീസ് ട്രെയിനി (യോഗ്യത ബിരുദം / ഡിപ്ലോമ) പ്ലാനിംങ്ങ് അഡ്വൈസർ (യോഗ്യത പ്ലസ് ടു തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾക്ക് 0495-2370176. calicutemployabilitycentre facebook പേജ് സന്ദർശിക്കുക.


Also Read: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ ഇനി കൂടുതൽ സുരക്ഷിതമാകും, ടോക്കണൈസേഷന്റെ അവസാന തിയ്യതി പ്രഖ്യാപിച്ച് റിസർവ്വ് ബാങ്ക്; വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


ടെൻഡർ ക്ഷണിച്ചു

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന മരാമത്ത് പ്രവർത്തികൾക്ക് വേണ്ടി ടെൻഡർ ക്ഷണിച്ചു. ദർഘാസ് ഫോറങ്ങൾ ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാവുന്ന അവസാന തീയതി സെപ്റ്റംബർ 3 വൈകിട്ട് 6 മണിവരെ.ദർഘാസ് ഓൺലൈനായി തുറക്കുന്ന തീയതി സെപ്റ്റംബർ 6 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക്:0496-2590232. tender.lsgkerala.gov.in/ pages/display tender.php,www.etenders.Kerala.gov.in.

കടലോര നടത്തം സംഘടിപ്പിച്ചു

ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒഞ്ചിയം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി കടലോര നടത്തം സംഘടിപ്പിച്ചു. കെ കെ രമ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് അധ്യക്ഷനായി. ചടങ്ങിൽ കടലും കടൽ തീരവും ശുചീകരിക്കുവാനുള്ള പ്രതിജ്ഞ ചൊല്ലി.

ഹരിത കർമ്മസേന അംഗങ്ങൾ, കോസ്റ്റൽ പോലീസ്, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, വിദ്യാർത്ഥികൾ, അധ്യാപകർ, എൻഎസ്എസ് വളണ്ടിയേഴ്സ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റഹീസാ നൗഷാദ്, വാർഡ് മെമ്പർ ശാരദ വത്സൻ, പഞ്ചായത്ത് സെക്രട്ടറി ജൗഹർ വെള്ളികുളങ്ങര, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ ജോസ് ബാബു സ്വാഗതവും വാർഡ് മെമ്പർ കെ പി ജയരാജ് നന്ദിയും പറഞ്ഞു.

മാലിന്യ പരിപാലനം സ്മാർട്ടാവുന്നു; ഹരിത മിത്രവുമായി കൂടരഞ്ഞി പഞ്ചായത്ത്

മാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിയുമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്. ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പാഴ് വസ്തു ശേഖരണം, മാലിന്യ സംസ്കരണം എന്നിവ ഒരു മൊബൈൽ ആപ്പിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കുകയാണ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യ ശേഖരണം സമയബന്ധിതമായും കുറ്റമറ്റതായും ഈ ആപ്പ് വഴി നടപ്പാക്കാൻ കഴിയും.

മാലിന്യം ശേഖരിക്കുന്നതു മുതൽ സംസ്ക്കരിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തൽക്ഷണം നിരീക്ഷിക്കുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ഉപയോഗിച്ചാണ് ഹരിത മിത്രം മോണിറ്ററിങ് സിസ്റ്റം പ്രവർത്തിക്കുക. ഹരിതമിത്രം ആപ്പിലൂടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്‌ പറഞ്ഞു.

പ്രത്യേകമായി തയ്യാറാക്കിയ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ് വഴി ഓരോ വീടും ബന്ധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ക്യു ആർ കോഡ് പതിക്കുന്നുണ്ട്. ഹരിത സേന പ്രവർത്തകരുടെ മൊബൈൽ ആപ്പിൽ കുടുംബത്തിൻ്റെ വിവരങ്ങൾ നൽകും. വീട്ടുകാർക്കും മൊബൈൽ ആപ് വഴി പണം നൽകാനും കൂടുതൽ സേവനങ്ങൾ ആവശ്യപ്പെടാനും കഴിയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വമിഷൻ, നവകേരള മിഷൻ എന്നിവ ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

ഹരിത മിത്രം; പരിശീലനം നൽകി

ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം പരിശീലന പരിപാടി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേന അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.

ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പാഴ് വസ്തു ശേഖരണം, മാലിന്യ സംസ്കരണം എന്നിവ ഒരു മൊബൈൽ ആപ്പിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് ഹരിത മിത്രം.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റോസിലി ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.രവീന്ദ്രൻ, വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർമാരായ ബിജി പി.എസ്, ജോസ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. കെൽട്രോൺ പഞ്ചായത്ത് പ്രൊജക്റ്റ്‌ അസിസ്റ്റന്റ് എ. എസ്. അജ്ഞന പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.

വനിതാ കമ്മീഷൻ അദാലത്ത്: 30 പരാതികൾ തീർപ്പാക്കി

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 30 പരാതികൾ തീർപ്പാക്കി. തൊഴിലിടങ്ങളിൽ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളായിരുന്നു പരാതികളിൽ കൂടുതലും.

83 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. 5 പരാതികളിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കുവാൻ പോലീസിന് നിർദേശം നൽകി. 48 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.

ഗാർഹിക ചുറ്റുപാടിലുള്ള പരാതികളും സിവിൽ സ്വഭാവമുള്ള പരാതികളും ആർഡിഒ കോടതി പരിഗണിക്കേണ്ട പ്രശ്നങ്ങളും കമ്മീഷന് മുൻപാകെ ലഭിച്ചു. കമ്മീഷന്റെ അധികാര പരിധിയിൽ വരാത്തവ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന് കമ്മീഷൻ അറിയിച്ചു.

തൊഴിലിടങ്ങളിലെ പരാതി പരിഹാര സെല്ലിന്റെ അഭാവത്തെ കുറിച്ച്‌ കമ്മീഷൻ ചൂണ്ടിക്കാണിച്ചു. കോഴിക്കോട് ജില്ലയിലെ സ്കൂളുകളിലെ
പരാതി പരിഹാര സെല്ലിന്റെ കാര്യക്ഷമമല്ലാത്ത പ്രവർത്തനത്തെ കുറിച്ചും കമ്മീഷൻ പരാമർശം നടത്തി. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നിയമം അനുശാസിക്കുന്ന സംവിധാനങ്ങളുടെ അഭാവത്തെ കുറിച്ചും കമ്മീഷൻ പറഞ്ഞു. തൊഴിലിടങ്ങളിൽ പരാതി പരിഹാര സെല്ലുകൾ രൂപികരിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വനിത ശിശു വികസന വകുപ്പിനോട്‌ പറഞ്ഞിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.

അഭിഭാഷകരായ പി എ അഭിജ, സി കെ സീനത്ത്, പി മിനി, ടി ജിഷ, കൗൺസിലർമാരായ എം സബിന, സി അവിന, കെ സുദിന, സുനിഷ റിനു തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.

ഹൈടെക് ശുചി മുറിയും, സ്കൂൾ ചുറ്റുമതിലും ഉദ്ഘാടനം ചെയ്തു

കഴുത്തൂട്ടിപുറായി ജി.എൽ.പി.സ്കൂളിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ഹൈടെക് ശുചി മുറിയുടെയും, സ്കൂൾ ചുറ്റുമതിലിൻ്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. ശുചിത്വമിഷൻ ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ ചിലവഴിച്ചാണ് ഹൈടെക് ശുചിമുറി നിർമ്മിച്ചത്. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.56ലക്ഷം രൂപ ചിലവഴിച്ചാണ് ചുറ്റുമതിൽ നിർമ്മിച്ചിട്ടുള്ളത്.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി. റിയാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, ഹെഡ്മാസ്റ്റർ ടി.കെ.ജുമാൻ, സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് എ.കെ.റാഫി, പി.ടി.എ വൈസ് പ്രസിഡൻ്റ് ശിഹാബ് തൊട്ടിമ്മൽ, എസ്.എം.സി.ചെയർമാൻ വി.വി.നൗഷാദ് മറ്റു ജനപ്രതിനിധികൾ അധ്യാപകർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

‘സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്’ ജില്ലയായി കോഴിക്കോട്

‘കോഴിക്കോടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി പ്രഖ്യാപിച്ചു. അക്കൗണ്ടുള്ള എല്ലാവര്‍ക്കും ഒരു ഡിജിറ്റല്‍ ഇടപാട് സൗകര്യമെങ്കിലും ഒരുക്കിക്കൊടുത്താണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് എന്ന നേട്ടം സ്വന്തമാക്കിയത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി മുഹമ്മദ് റഫീഖ് പ്രഖ്യാപനം നടത്തി.

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ഡിജിറ്റല്‍ ബാങ്കിങിലേക്ക് മാറുന്നതിലേക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണ്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോട്ടയത്തും തൃശൂരും സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് നടപ്പാക്കിയത് വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലയിലും പദ്ധതി നടപ്പാക്കിയത്.

വ്യക്തിഗത ഇടപാടുകാർക്കിടയിൽ ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിങ്‌, ഇന്റർനെറ്റ് ബാങ്കിങ്‌, യുപിഐ, ആധാർ അധിഷ്ഠിത പണമിടപാട് സേവനങ്ങളും സംരംഭകർക്കും വ്യവസായികൾക്കുമിടയിൽ നെറ്റ് ബാങ്കിങ്‌, ക്യുആർ കോഡ്, പിഒഎസ് മെഷീൻ തുടങ്ങിയ സേവനങ്ങളും പ്രചരിപ്പിച്ച് ബാങ്കിങ്‌ ഇടപാടുകൾ 100 ശതമാനം ഡിജിറ്റലൈസ് ചെയ്യാനുള്ള യജ്ഞമാണ് ജില്ലയിലെ ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ നേതൃത്വത്തിൽ പരിസമാപ്തിയിലെത്തിയത്.

പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും മേഖല റൂറല്‍ ബാങ്കും കേരള ബാങ്കും സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ഉള്‍പ്പെടെ ജില്ലയില്‍ 34 ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ ബാങ്കുകളിലുള്ള 38 ലക്ഷം അക്കൗണ്ടുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ സൗകര്യം എങ്കിലും നല്‍കിയാണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് കടന്നത്.

ച‌ടങ്ങിൽ എസ്.എൽ.ബി.സി കൺവീനർ ആൻഡ് ജനറൽ മാനേജർ കനറാ ബാങ്ക് എസ്.പ്രേംകുമാർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആർ.ബി.ഐ ജനറൽ മാനേജർ സിഡ്രിക് ലോറൻസ്, കനറാ ബാങ്ക് റീജ്യണൽ ഹെഡ് ഡോ. ടോംസ് വർ​ഗീസ്, തിരുവനന്തപുരം ആർ.ബി.ഐ അസിസ്റ്റന്റ് ജനറൽ മാനേജർ പ്രദീപ് കൃഷ്ണൻ മാധവ്, റിട്ടയേർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ മോഹനൻ കോറോത്ത് എന്നിവർ സംസാരിച്ചു. ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരൻ സ്വാ​ഗതവും ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ ജോർജ്ജ് നന്ദിയും പറഞ്ഞു.

പുത്തൻ പ്രൗഡിയിൽ ഫറോക്ക് പഴയ പാലം

നവീകരണം പൂർത്തിയാക്കിയ ഫറോക്കിലെ പഴയ ഇരുമ്പു പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. അറ്റകുറ്റ പണികൾക്കായി അടച്ചിട്ട പാലം ആഗസ്ത് 27ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തുറന്നു കൊടുക്കും.

കമാനങ്ങൾ തകർന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ നവീകരണത്തിനായി 90 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പ്രവൃത്തി പൂർത്തിയാക്കി പാലം തുറക്കുന്നതോടെ നഗരത്തിലെ പ്രധാന ഗതാഗതക്കുരുക്കിന് പരിഹാരമാകും.

പുനരുദ്ധാരണത്തിന്റെ ഭാഗമായി പാലത്തിന്റെ കവാടത്തിൽ പുതിയ ഇരുമ്പ് കമാനം സ്ഥാപിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാനാണ് ഇരു കവാടത്തിലും കരുത്തുറ്റ സുരക്ഷാകമാനം.വാഹനങ്ങൾ ഇടിച്ചു തകർന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടുകൾ പുതുക്കി പണിതിട്ടുണ്ട്. തുരുമ്പെടുത്ത കമാനങ്ങളിലും കാലുകളിലും അറ്റകുറ്റപ്പണി നടത്തി. പാലത്തിന്റെ ഇരുവശത്തുമായി പൂട്ടുകട്ട പാകിയ നടപ്പാത സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഫറോക്ക് നഗരത്തെ ചെറുവണ്ണൂരുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാലം ജൂൺ 27നാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. നിലവിലെ കേടുപാടുകൾ തീർക്കുന്നതിനൊപ്പം പാലത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്ത രീതിയിൽ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് നവീകരണം പൂർത്തിയാക്കുന്നത്.

പഴമയുടെ പ്രതാപം പേറുന്ന ഫറോക്ക് പഴയ പാലം 1883 ലാണ് നിർമ്മിച്ചത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഓർമ്മകൾ അടയാളപ്പെടുത്തുന്ന സ്മാരകം കൂടിയായ പാലം 2005 ലാണ് പുനർനിർമ്മിച്ചത്.