സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (01/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ടെൻഡർ
വിനോദസഞ്ചാര വകുപ്പിന്റെ കീഴിലെ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ലോൺഡ്രി സേവനം നൽകുന്നതിനായി ഈ മേഖലയിൽ പരിചയ സമ്പന്നരായ വ്യകതികൾ / സ്ഥാപനങ്ങൾ മുതലായവരിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 14. വിശദവിവരങ്ങൾക്ക്: 0495 2382920, www.keralatourism.org
മരം ലേലം
മലാപ്പറമ്പ് സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിലെ മഹാഗണി മരം ജൂൺ ആറിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് പുനർലേലം ചെയ്യും. ക്വട്ടേഷൻ അന്ന് രാവിലെ 10 വരെ സമർപ്പിക്കാം. ഫോൺ: 0495 2373819.
റേഷൻ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കൽ നാലിനകം ചെയ്യണം
റേഷൻ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കാൻ ബാക്കിയുളള റേഷൻ കാർഡ് അംഗങ്ങൾ ജൂൺ നാലിനുളളിൽ നിർബന്ധമായും ലിങ്ക് ചെയ്യണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ, ജനസേവനാ കേന്ദ്രങ്ങൾ, റേഷൻ കടകൾ എന്നിവ വഴിയും സപ്ലൈ ഓഫീസിൽ നേരിട്ടെത്തിയും ആധാർ ബന്ധിപ്പിക്കാം.
താലൂക്ക് വികസന സമിതി യോഗം നാലിന്
ജൂൺ മാസത്തെ താലൂക്ക് വികസന സമിതി യോഗം നാലിന് രാവിലെ 11 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും.
കുറ്റ്യാടി ജലവൈദ്യുത പദ്ധതി: വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ
കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ നവീകരണ, ആധുനികവത്കരണവും ശേഷി വർദ്ധിപ്പിക്കൽ പ്രവൃത്തികളുടെ ഉദ്ഘാടനവും നാളെ (ജൂൺ 02) കക്കയം ഗവ. എൽ.പി സ്കൂളിൽ വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലെനിൽ നിർവഹിക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയാണ്.
ക്വട്ടേഷൻ
ബേപ്പൂർ തുറമുഖത്തെ കാന്റീൻ ഒരു വർഷത്തേക്കുള്ള നടത്തിപ്പിനായി പ്രിതിമാസ ലൈസൻസ് ഫീസടിസ്ഥാനത്തിൽ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ ഏഴ് ഉച്ചക്ക് 12 മണി. അന്നേ ദിവസം 3 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. ഫോൺ : 0495 2414863
ലോകക്ഷീരദിനം ആഘോഷിച്ചു
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഈ വർഷത്തെ ലോക ക്ഷീരദിനം ആഘോഷിച്ചു. കോഴിക്കോട് ബ്ലോക്ക് ക്ഷീരവികസന ഓഫീസർ എസ്. ഹിത. ക്ഷീരദിന പതാക ഉയർത്തി. ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ അക്ബർ ഷെരീഫ് സിവിൽ സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈ നട്ടു. ക്ഷീരദിന സന്ദേശം വ്യാപിപ്പിക്കുന്നതിനായി വകുപ്പ് ഉദ്യോഗസ്ഥർ കർഷക ഭവനങ്ങളിലും ക്ഷീരസംഘങ്ങളിലും സന്ദർശനം നടത്തി. ബ്ലോക്കുതല ക്ഷീരവികസന യൂണിറ്റ് ഓഫീസുകൾ, ജില്ലയിലെ 253 ക്ഷീര സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ക്ഷീരദിന പതാക ഉയർത്തുകയും മുതിർന്ന ക്ഷീരകർഷകരെ ആദരിക്കുകയും ചെയ്തു.
അപേക്ഷ ക്ഷണിച്ചു
നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിനു കീഴിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി./എസ്.ടിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി,ടൈപ്പ്‌റൈറ്റിംഗ് /കമ്പ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് കോഴ്‌സ് നടത്തുന്നു. പരിശീലന ക്ലാസ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവണ്ട്. എസ്.എസ്.എൽ.സി. യോഗ്യതയുളള, 38 വയസ്സിൽ താഴെ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ സിവിൽ സ്റ്റേഷൻ സി ബ്ലോക്കിൽ നാലാംനിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ഹാജരായി നേരിട്ട് അപേക്ഷ നൽകണം. അവസാന തീയതി ജൂൺ ഏഴ്. വിവരങ്ങൾക്ക് ഫോൺ : 0495-2376179
സൗജന്യ പരിശീലനം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിൽ പി എസ് സി /യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി ജൂൺ മുതൽ ഡിസംബർ വരെ റഗുലർ /ഹോളിഡേ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പരിശീലനം സൗജന്യമായിരിക്കും. താത്പര്യമുള്ളവർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കാം. അവസാന തീയതി ജൂൺ 20. വിവരങ്ങൾക്ക് ഫോൺ : 9446643499, 9846654930, 9474881853
സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്രവേശനം
ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്ലംബിംഗ് സാനിറ്റേഷൻ ആൻഡ് ഹോം ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റഫ്രിജറേഷൻ ആൻഡ് ഹോം എയർകണ്ടീഷനിങ്ങ്, വയർമാൻ ലൈസൻസിംഗ് കോഴ്‌സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026
സിവിൽ സർവീസ് അക്കാദമി പുതിയ ബാച്ചിന് പ്രവേശനോത്സവം
കോഴിക്കോട് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലത്തിനുള്ള വിദ്യാർഥികളുടെ പുതിയ ബാച്ച് പ്രവേശനോത്സവം സബ് കലക്ടർ വി ചെൽസാസിനി ഉദ്ഘാടനം ചെയ്തു. യു.പി.എസ്.സി പരീക്ഷയിൽ വിജയിച്ചതിന്റെ അനുഭവങ്ങളും വെല്ലുവിളികളും സബ് കലക്ടർ പങ്കുവെച്ചു. 2023 ജൂണിൽ നടക്കുന്ന സിവിൽ സർവീസ് പരീക്ഷയ്ക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനത്തിലൂടെ ഉദ്യോഗാർത്ഥികളെ സജ്ജരാക്കും. അക്കാദമി കോ-ഓഡിനേറ്റർ എം എ ഹരിദാസ് സ്വാഗതവും പി. രേഷ്ന നന്ദിയും പറഞ്ഞു.
റോഡ് ഉദ്ഘാടനം ചെയ്തു
വേളം ഗ്രാമപഞ്ചായത്ത് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കൈതയിൽ മുക്ക്- ചെറുവറ്റ റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സറീന നടുക്കണ്ടി അധ്യക്ഷയായി.
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ കാക്കൂർ പഞ്ചായത്ത്തല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
കാക്കൂർ ഗ്രാമപഞ്ചായത്ത് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. സംസ്ഥാനത്തെ നെൽവയലുകൾ സംരക്ഷിക്കാനും കാർഷികോത്പാദനം വർധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു.
കാർഷിക വികസന കർഷകക്ഷേമ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു.
ഘോഷയാത്ര, കാർഷിക പ്രശ്നോത്തരി, കൃഷി ചർച്ച, മുതിർന്ന കർഷകരുടെ കാർഷിക അനുഭവങ്ങൾ പങ്കുവെക്കൽ, കർഷകരെ ആദരിക്കൽ, സോയിൽ ഹെൽത്ത് കാർഡ് വിതരണം, ആത്മ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള ഇടവിള കിറ്റ് വിതരണം, പച്ചക്കറി വിത്ത് വിതരണം എന്നിവ നടന്നു.
കൃഷി ഓഫീസർ നന്ദിത വി.പി. പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ മണങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം സർജാസ് കുനിയിൽ, സി.ഡി.എസ് ചെയർപേഴ്സൺ സുധ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്‌ദുൾ ഗഫൂർ സ്വാഗതവും അസ്സി. കൃഷി ഓഫീസർ എം.എം. പ്രസീദ നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് കെ.സി. ബാബു, പഞ്ചായത്ത് അംഗങ്ങൾ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കുരുന്നുകൾക്ക് പാൽമധുരവുമായി ക്ഷീരവികസന വകുപ്പ്
ലോക ക്ഷീരദിനത്തിൽ കുരുന്നുകൾക്ക് പാൽ ഉത്പന്നങ്ങൾ സമ്മാനമായി നൽകി ക്ഷീരവികസന വകുപ്പ്. ബാലുശ്ശേരി ക്ഷീരവികസന യൂണിറ്റാണ് അങ്കണവാടികളിൽ കുരുന്നുകൾക്ക് പാൽപേടയും പാൽപ്പായസവും നൽകിയത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ 29 ക്ഷീര സഹകരണ സംഘങ്ങളുടെയും ശിശുവികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് ബാലുശ്ശേരി ബ്ലോക്കിലെ തിരഞ്ഞെടുത്ത അറുപതോളം അങ്കണവാടികളിൽ പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ഉള്ളിയേരി പഞ്ചായത്തിലെ മുന്നൂറ്റൻകണ്ടി അങ്കണവാടിയിൽ ബ്ലോക്ക് പ്രസിഡന്റ് വി.കെ. അനിത നിർവഹിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു.
കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ ഹൈടെക്ക് ശുചിമുറി ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ നിർമിച്ച ഹൈടെക്ക് ശുചിമുറി പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ധനകാര്യ കമ്മീഷൻ ശുചിത്വ ഫണ്ട് ഉപയോഗിച്ച് 5.4 ലക്ഷം രൂപ ചിലവിൽ ആറ് ശുചിമുറികളാണ് ഒരുക്കിയിട്ടുള്ളത്.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിഷ ചേലപ്പുറത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ ഷിബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ്, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, ഹെഡ്മാസ്റ്റർ പി.ടി. രാജു, പി.ടി.എ പ്രസിഡന്റ് ഇ.സി. സാജിദ് തുടങ്ങിയവർ പങ്കെടുത്തു.
ആവേശമായി പഞ്ചായത്തുതല പ്രവേശനോത്സവം
മണലിലെഴുതി അക്ഷര വെളിച്ചത്തിലേക്ക് കടന്ന് കൊയിലാണ്ടി ജി.എഫ്.യു.പി സ്കൂളിലെ പ്രവേശനോത്സവം ആഘോഷപൂർവ്വം കൊണ്ടാടി. ഒന്നാം ക്ലാസിൽ എത്തിയ നവാഗതരെ അദ്ധ്യാപകരും, രക്ഷിതാക്കളും സീനിയർ വിദ്യാർത്ഥികളും മണലിൽ ആദ്യാക്ഷരം എഴുതിച്ചാണ് വരവേറ്റത്. ഒപ്പം സമ്മാനപ്പൊതികളും നൽകി.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശെൽവരാജ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ വി.കെ. സുധാകരൻ, വൈശാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കവിയും എഴുത്തുകാരനുമായ ശ്രീജിത്ത് ശ്രീവികാർ, സംഗീത അധ്യാപികമാരായ ഡോ. ദീപ്ന, സുസ്മിത ഗിരീഷ്, അവതാരികമാരായ അശ്വതി ബാലകൃഷ്ണൻ, അഥീന ബാബു, ഗായകൻ സുമേഷ് അത്തോളി എന്നിവർ വിവിധയിടങ്ങളിൽ നിന്ന് ഓൺലൈനായി ആഘോഷത്തിൽ പങ്കുചേർന്നു. പ്രധാനാധ്യാപകൻ സുരേഷ്കുമാർ സ്വാഗതവും സീനിയർ അധ്യാപിക യു. ഷമീന നന്ദിയും പറഞ്ഞു. തുടൻന്ന് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ചെണ്ടവാദ്യം ശ്രദ്ധേയമായി.
വേളം പഞ്ചായത്തിലെ പഞ്ചായത്ത്‌തല സ്കൂൾ പ്രവേശനോത്സവം ഗവ. അറമ്പോൽ എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗം ഫാത്തിമ കുട്ടികൾക്ക് പഠന കിറ്റ് നൽകി. ഘോഷയാത്ര, സ്വാഗത നൃത്തം തുടങ്ങി വിവിധ കലാപരിപാടികളോടെ ചടങ്ങ് മനോഹരമാക്കി. അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയർ പരിപാടിയിൽ പങ്കെടുത്തു.
മുക്കം ഉപജില്ലാ തല പ്രവേശനോത്സവം കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ച മൂന്ന് ക്ലാസ് മുറികളുടെയും ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി. മുൻ എം.എൽ.എ ജോർജ് എം. തോമസ് മുഖ്യാതിഥിയായി. എസ്.ആർ.ജി കൺവീനർ ജീവദാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ, എ.ഇ.ഡി.പി ഓംകാരനാഥൻ, കുന്ദമംഗലം ബി.പി.സി കെ.എം. ശിവദാസൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
തുറയൂര്‍ പഞ്ചായത്ത്തല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തുറയൂര്‍ ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. രാമകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ നജ്‌ല അഷ്റഫ്, അബ്ദുൽ റസാഖ് കുറ്റിയില്‍, ഹെഡ്മാസ്റ്റര്‍ രാമദാസ് മാസ്റ്റര്‍, ബി.ആര്‍.സി ട്രെയ്നര്‍ രാഹുല്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് സി.കെ. ഷാജു, അധ്യാപകരായ രതി, വനജ തുടങ്ങിയവര്‍ സംസാരിച്ചു.
ബാലുശ്ശേരി ബ്ലോക്ക്തല പ്രവേശനോത്സവം കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത അധ്യക്ഷത വഹിച്ചു. വർണ്ണശബളമായ ആഘോഷങ്ങളോടെയാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് വരവേറ്റത്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഉമ മഠത്തിൽ, പി.എൻ. അശോകൻ, ശ്രീജ, ജനപ്രതിനിധികൾ, സ്കൂൾ പ്രിൻസിപ്പൽ എൻ.എം. നിഷ, പ്രധാനാധ്യാപിക മോളി നാഗത്ത്, എ.ഇ.ഒ അബ്ദുൽ റസാഖ്, എസ്.എസ്.കെ ബ്ലോക്ക് പ്രൊജക്റ്റ് കോ- ഓർഡിനേറ്റർ ഡിക്ട മോൾ തുടങ്ങിയവർ പങ്കെടുത്തു.
ചാലിയം ജി.എൽ.പി സ്കൂളിൽ നടന്ന കടലുണ്ടി ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. സുഷമ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സുലൈമാൻ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം തിരുവള്ളൂർ ഗവ. യു.പി സ്കൂൾ പൈങ്ങോട്ടായിയിൽ പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഹംസ വാഴേരി അധ്യക്ഷത വഹിച്ചു. സ്ഥിരം കമ്മറ്റി ചെയർപേഴ്സൺ കെ.വി. ഷഹനാസ് ഉപഹാരങ്ങൾ കൈമാറി. ബവിത്ത് മലോൽ, പി.എം. ബാലൻ, കെ.കെ. ചന്ദ്രൻ, കെ. ഷിനീത്, പി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ സ്കൂൾ പ്രവേശനോത്സവം വട്ടോളി ഗവ. യു.പി സ്കൂളിൽ നടന്നു. പരിപാടി കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജിലേഷ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.പി. സജിത, ഹേമ മോഹനൻ, എ.ഇ.ഒ ടി. ബിന്ദു, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത്തല പ്രവേശനോത്സവം കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പരിപാടി കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷയായി. സ്കോളർഷിപ്പ് ജേതാക്കൾക്ക് എം.എൽ.എ ഉപഹാരങ്ങൾ സമർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹൻ ദാസ്, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
മണിയൂർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പതിയാരക്കര എം.എൽ.പി സ്കൂളിൽ വെച്ച് നടന്നു. മണിയൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി.എം. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരനും കവിയുമായ വിമീഷ് മണിയൂർ മുഖ്യപ്രഭാഷണം നടത്തി. ബാന്റ് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.
നവാഗതർക്കുള്ള പഠനോപകരണ കിറ്റ് വിതരണം പഞ്ചായത്ത് അംഗം എം. രമേശൻ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പ്രവേശനോത്സവ ഗാനസംഗീതശില്പവും, കൈരളി ടി.വി. മാമ്പഴം ഫെയിം ആർദ്രയുടെ ഗാനാലാപനവും നടന്നു. പൂർവ വിദ്യാർഥിയും സ്റ്റാൻഡ്അപ് കൊമേഡിയനുമായ നാഫിയുടെ കോമഡി ഷോയും വേദിയിൽ അരങ്ങേറി. ഹെഡ്മിസ്ട്രസ് കെ. സുഹ്റ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. മുഹമ്മദ് വാഹിദ് നന്ദിയും പറഞ്ഞു.
സമം- സഫലം ബാലുശ്ശേരി ഗേൾസ് സ്കൂളിലെ പ്രവേശനോത്സവം
പ്രവേശനോത്സവം ആഘോഷമാക്കി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. നാൽപ്പത് വർഷത്തെ ചരിത്രം തിരുത്തിയാണ് ഇന്നലെ (ജൂൺ 1) മുതൽ ആൺകുട്ടികളും വിദ്യാലയത്തിൽ പഠിക്കാൻ എത്തിയത്. സമം- സഫലം എന്ന പേരിലാണ് സ്കൂളിലേക്കുള്ള ആൺകുട്ടികളുടെ പ്രവേശനം ആഘോഷമാക്കിയത്. 13 ആൺകുട്ടികളാണ് ഇക്കുറി പ്രവേശനം നേടിയത്.
അഡ്വ. കെ.എ. സച്ചിന്‍ ദേവ് എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഈ ലോകം പുതുതലമുറയുടേതാണെന്നും അത് ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ സ്കൂൾ പരിസരം ഹരിതാഭമാക്കുന്ന ആരാമം പദ്ധതിയും ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റംല മാടംവള്ളികുന്നത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, പ്രൻസിപ്പൽ ആര്‍. ഇന്ദു, ഹെഡ്മിസ്ട്രസ് വി. രജനി, പി.ടി.എ പ്രസിഡന്റ് കെ. ഷൈബു, ജനപ്രതിനിധികൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസരംഗത്ത് സുസ്ഥിരവികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി; മണ്ഡലതല പ്രവേശനോത്സവം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസരംഗത്ത് സുസ്ഥിരവികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മ്യൂസിയം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പരസ്‌പര സ്നേഹവും സാഹോദര്യവും ദേശസ്നേഹവുമുള്ള ഒരു തലമുറയുടെ സൃഷ്ടിപ്പാണ് കേരളത്തിലെ ഓരോ പൊതുവിദ്യാലയങ്ങളുടെയും ലക്ഷ്യം. സ്കൂൾ പ്രവേശനോത്സവത്തിന്റെ മണ്ഡലതല ഉദ്ഘാടനം ചാലപ്പുറം ഗവ. ഗണപത് ഗേൾസ് സ്കൂളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പാഠപുസ്തകം, യൂണിഫോം എന്നിവ സൗജന്യമായി ലഭ്യമാക്കുക, വൈവിധ്യവും പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം ലഭ്യമാക്കുക തുടങ്ങി പൊതുവിദ്യാഭ്യാസരംഗത്തു സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് സർക്കാർ കാഴ്ചവെക്കുന്നത്. കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് വിദ്യാഭ്യാസപ്രക്രിയയെ നവീകരിക്കുവാനും നൂതന സാങ്കേതികവിദ്യകളുപയോഗിച്ചു കൊണ്ട് മികച്ച പഠനാനുഭവങ്ങൾ കുട്ടികൾക്ക് നൽകുവാനും കേരളത്തിലെ വിദ്യാഭ്യാസമേഖലക്ക് സാധിച്ചിട്ടുണ്ട്. 1339 ഹൈടെക് വിദ്യാലയങ്ങൾ, 45000 ത്തിലധികം ഹൈടെക് ക്ലാസ്സ്‌മുറികൾ, ഒന്നു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കു 11954 ലാപ്ടോപ്പുകൾ, 69949 പ്രൊജക്റ്ററുകൾ എന്നിവയടങ്ങിയ സാങ്കേതികമികവ് പുലർത്തുന്ന കേരളത്തിലെ വിദ്യാലയങ്ങൾ ലോകത്തിനു തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് കോർപറേഷൻ കൗൺസിലർ ഉഷാദേവി ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രശസ്ത വയലിനിസ്റ്റായ കെ.സി. വിവേക്, തബലിസ്റ്റായ വി.പി. അർജുൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ ഇരുവർക്കും മന്ത്രി ഉപഹാരം നൽകി. പ്രധാനാധ്യാപിക ടി.എൻ. സുജയ, യു.ആർ.സി സൗത്ത് ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ വി. പ്രവീൺ കുമാർ, യു.ആർ.സി സൗത്ത് ട്രെയിനർ പി. സുഭാഷ്, പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ എ.കെ. മധു സ്വാഗതവും യു.ആർ.സി സൗത്ത് ട്രെയിനർ സുവർണ ചന്ദ്രോത്ത് നന്ദിയും പറഞ്ഞു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി വി.പി. അർജുന്റെ തബലയുടെ അകമ്പടിയോടെ യുവതലമുറയിലെ സംഗീത പ്രതിഭയായ കെ.സി. വിവേക് നടത്തിയ വയലിൻ സോളോ അവതരണം കുട്ടികൾക്ക് നവ്യാനുഭവമായി. തുടർന്ന് അനീഷ് ബാബു കൊയിലാണ്ടി അവതരിപ്പിച്ച നാടൻപാട്ടും, കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ജില്ലയിലെ മറ്റ് സ്കൂളുകളിലെ പ്രവേശനോത്സവ ചടങ്ങുകളിലും മന്ത്രി പങ്കെടുത്തു. പൊക്കുന്ന് ഗവ. ഗണപത് യു.പി. സ്കൂളിൽ നടന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ ക്‌ളസ്റ്റർ തല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ അധ്യക്ഷയായി. വാർഡ് കൗൺസിലർ ഈസ അഹമ്മദ്, വാർഡ് അംഗം വെള്ളരിക്കൽ മുസ്തഫ, പി.ടി.എ പ്രസിഡന്റ് ടി.പി. മുനീർ, എസ്.എം.സി ചെയർപേഴ്സൺ ഷൈനി ഗിരീഷ്, എസ്.എസ്.ജി. ചെയർമാൻ എം.പി. രാധാകൃഷ്ണൻ, സി.ആർ.സി കോ- ഓർഡിനേറ്റർ രാഖില, അധ്യാപികമാരായ ഹേമലത, സോജി, രാജേശ്വരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി. റഷീദ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് പി.പി. അക്ബർ നന്ദിയും പറഞ്ഞു.
കിണാശ്ശേരി ഗവ. വി.എച്ച്.എസ്.എസ് സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിലും മന്ത്രി പങ്കെടുത്തു. വാർഡ് കൗൺസിലർ ഷാഹിദ സുലൈമാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായ പൂർവ്വവിദ്യാർത്ഥി ശൈഹ നവാഗത വിദ്യാർഥികൾക്ക് മാർഗ്ഗനിർദ്ദേശ ക്ലാസെടുത്തു. എൻ.എം.എം.എസ് സ്കോളർഷിപ്പ് വിജയിയായ മുഹമ്മദ് മഷ്ഹൂദ്, യോഗ്യത നേടിയ മറ്റു 12 വിദ്യാർത്ഥികൾ, സബ്ജൂനിയർ ഹോക്കി കേരള ടീം അംഗമായ ഫാബിൽ ഹുസൈൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
വാർഡ് കൗൺസിലർ ഈസ അഹമ്മദ്, എസ്.എം.സി ചെയർമാൻ ഷിജിത്ത് ഖാൻ, കിണാശ്ശേരി ജി.വി.എച്ച്.എസ്.എസ് സ്കൂൾ പ്രിൻസിപ്പൽ ഷിദ, പി.ടി.എ പ്രസിഡന്റ് ഹബീബ് റഹ്മാൻ, സീനിയർ അസിസ്റ്റന്റ് റെജീന ഹസൻകോയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.കെ. റീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു.
പരപ്പിൽ എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി ഒന്നാം ക്ലാസിലേക്ക് പുതുതായി വന്ന ഫൈസ എന്ന കുട്ടിയെ ആദ്യാക്ഷരങ്ങൾ കോർത്തൊരുക്കിയ മാല കഴുത്തിലണിയിച്ച് സ്കൂളിലേക്ക് വരവേറ്റു. സ്കൂളിൽ ഇത്തവണ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 217 കുട്ടികളാണ്.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് റംഷീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ. നാജിദ സ്വാഗതം പറഞ്ഞു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.പി. അബ്ദുൽ റഷീദ്, എം.വി. നജീബ്, പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാതല സ്കൂൾ പ്രവേശനോത്സവം വർണാഭമായി; മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു
പല നിറത്തിലുള്ള ബലൂണുകളും റിബ്ബണുകളുമായി അലങ്കരിച്ച വർണാഭമായ സ്കൂൾ മുറ്റം. മൈലാഞ്ചിച്ചുവപ്പണിഞ്ഞ കുഞ്ഞിക്കൈകളുമായി ഒപ്പന കളിച്ചും, കളരിപ്പയറ്റിന്റെ ചുവടുകൾ വെച്ചും, താളത്തിൽ ദഫ് മുട്ടിയും, കോൽക്കളി കളിച്ചും രസിക്കുന്ന കുരുന്നുകൾ. കളിചിരികളും കൊഞ്ചലുകളുമായി മാതാപിതാക്കളോടൊപ്പം സ്കൂളിലെത്തുന്ന കുരുന്നുകളെ മധുരം നൽകി വരവേൽക്കുന്ന അധ്യാപകർ. ചിത്രശലഭങ്ങളായും, വർണ്ണപ്പൂക്കളായും കുഞ്ഞുങ്ങൾ നിരന്നപ്പോൾ സ്കൂൾ അങ്കണം ഉത്സവലഹരിയിലായി. കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ പ്രവേശനോത്സവം നടന്ന ഗവ. എൽ.പി സ്കൂൾ കച്ചേരിക്കുന്നിലെ കാഴ്ചകളാണിത്. പ്രവേശനോത്സവം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
പാഠപുസ്തകങ്ങളിൽ നിന്നും നേടുന്നതു മാത്രമല്ല, കളിയും ചിരിയും വായനയും നിരീക്ഷണവുമെല്ലാം ചേർന്നതാവണം വിദ്യാഭ്യാസമെന്ന് മന്ത്രി പറഞ്ഞു. ക്ലാസ് മുറികൾക്കപ്പുറമുള്ള അറിവുകൾ കുട്ടികളിലേക്ക് പകരാൻ അധ്യാപകർ ശ്രമിക്കണം. വിദ്യാർത്ഥികൾക്ക് ഒരു പുതിയ അധ്യയനവർഷം ആശംസിച്ച മന്ത്രി മറ്റുള്ളവരുടെ പ്രയാസങ്ങളെ മനസ്സിലാക്കി അവർക്ക് താങ്ങാവുന്ന, ആരെയും ബോധപൂർവ്വം വേദനിപ്പിക്കാത്ത ഒരു നല്ല മനുഷ്യനാവാനും തെറ്റ് കണ്ടാൽ അത് തെറ്റാണെന്ന് തിരിച്ചറിയുന്ന യുക്തി നേടാനും വിദ്യാഭ്യാസം സഹായിക്കട്ടെയെന്നും ആശംസിച്ചു.
ചടങ്ങിൽ തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. പരസ്‌പര സ്നേഹവും സാഹോദര്യവും ദേശസ്നേഹവുമുള്ള ഒരു തലമുറയുടെ സൃഷ്ടിപ്പാണ് കേരളത്തിലെ ഓരോ പൊതുവിദ്യാലയങ്ങളുടെയും ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിശിഷ്ടാതിഥിയായിരുന്നു. കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല, വാർഡ് കൗൺസിലർമാരായ ഓമന മധു, ഈസ അഹമ്മദ്, ഡി.ഐ.ഇ.ടി. കോഴിക്കോട് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, മുൻ ഡി.ഡി.ഇ. ആന്റ് കരിക്കുലം കമ്മിറ്റി മെമ്പർ വി.പി. മിനി, കോഴിക്കോട് സിറ്റി എ.ഇ.ഒ. എം. ജയകൃഷ്ണൻ, ബി.പി.സി.യു.ആർ.സി. സൗത്ത് വി. പ്രവീൺ കുമാർ, പി.ടി.എ. പ്രസിഡന്റ് എൻ. പ്രസാദ്, എസ്.എം.സി ചെയർമാൻ കെ. സുധേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എസ്.എസ്.കെ. ജില്ലാ കോ- ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം സ്വാഗതവും ഹെഡ്മാസ്റ്റർ കെ.കെ. സൈനുദ്ദീൻ നന്ദിയും പറഞ്ഞു.
സാധാരണക്കാരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന വികസന സമീപനമാണ് സർക്കാരിന്റേത്- മന്ത്രി എ.കെ. ശശീന്ദ്രൻ; പുതിയാപ്പ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ ബ്ലോക്ക്
സാധാരണക്കാരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന വികസന സമീപനമാണ് സർക്കാരിന്റേതെന്ന് വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ. വികസനത്തിലൂടെ ജനക്ഷേമം, ജനക്ഷേമത്തിലൂടെ വികസനം എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. പുതിയാപ്പ കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശത്തെ ജനങ്ങളുടെ സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ ‘മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും’ എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയാപ്പ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നത്. തീരദേശ വികസന കോർപ്പറേഷൻ മുഖേന 1.38 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്.
പദ്ധതിയിൽ ഉൾപ്പെടുത്തി 357.84 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വെയ്റ്റിങ് ഏരിയ, ഹെൽത്ത് ഇൻസ്പെകടറുടെ ഓഫീസ്, ഇമ്മ്യൂണൈസേഷൻ മുറി, നഴ്സുമാരുടെ മുറി, വാക്സിൻ മുറി, സ്റ്റോറുകൾ, സർവീസ് റൂം, ശുചിമുറി എന്നിവയുണ്ടാകും. മുകളിലത്തെ നിലയിൽ നഴ്സുമാരുടെ മുറി, ഹാൾ, ശുചിമുറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ആശുപത്രിക്കാവശ്യമായ ഫർണിച്ചറുകളും പദ്ധതിയിലുൾപ്പെടുത്തി സജ്ജമാക്കും.
ചടങ്ങിൽ മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോർപ്പറേഷൻ റീജ്യണൽ മാനേജർ അബ്ദുൽ മജീദ് പോത്തന്നൂരാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഡോ. ജയശ്രീ, ഒ.പി. ഷിജിന, കൗൺസിലർമാരായ വി.കെ. മോഹൻദാസ്, വി.പി. മനോജ്, ഇ.പി. സഫീന, എസ്.എം. തുഷാര, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ.എ നീതു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സുനീഷ് ജോർജ് നന്ദിയും പറഞ്ഞു.