നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം; ജില്ലാഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍(30/04/22)


കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (30/04/2022)

ചാലിയം ബീച്ച് ടൂറിസം – 8 കോടി രൂപയുടെ ഭരണാനുമതി

ചാലിയം ബീച്ച് ടൂറിസം പദ്ധതിക്കായി 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടൂറിസം പൊതുമരാമത്തു മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്.
ഓഷ്യാനസ് ചാലിയം എന്ന പേരിലുള്ള പദ്ധതി പൂർത്തിയാവുന്നതോടെ ചരിത്രപരമായി ഏറെ സവിശേഷതകളുള്ള ചാലിയം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറും.ചാലിയം പുലിമുട്ട് നവീകരണമാണ് പദ്ധതിയുടെ പ്രധാന ആകർഷണം.നടപ്പാത, സോളാർ പാനൽ, വൈദ്യുതീകരണം, ശുചി മുറികൾ, പ്രൊജക്റ്റ് ഓഫീസ്, ഫുഡ് ഷാക്കുകൾ , വിശ്രമ കേന്ദ്രങ്ങൾ, വാച്ച് ടവർ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഒന്നാം ഘട്ട പ്രവൃത്തികൾക്ക് നേരത്തെ 98,75,291 രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ടെന്റർ നടപടി പൂർത്തീകരിച്ച് കഴിഞ്ഞതായും പ്രവൃത്തി ഉടനെ ആരംഭിക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

തുറമുഖ വകുപ്പിൽ കുക്ക്: കൂടിക്കാഴ്ച മെയ് 4ന്

ജില്ലയിലെ തുറമുഖ വകുപ്പിൽ കുക്ക് കാറ്റഗറി നമ്പർ 425/2019 തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക്  മെയ് 4  രാവിലെ 10.15ന് കേരള പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ഫോൺ: 0495 2371971

കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം

വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമായി ജില്ലയിൽ പലയിടത്തുമായി നാശനഷ്ടങ്ങളുണ്ടായി. കച്ചേരി വില്ലേജിൽ കനകാലയ ബാങ്കിന് പടിഞ്ഞാറുവശം  വാടകയ്ക്കു താമസിക്കുന്ന ശിവപ്രകാശൻ, വേങ്ങേരി വില്ലേജ് കരുവിശ്ശേരി ദേശത്ത് തിരുത്തിയിൽ ക്ഷേത്രത്തിന് സമീപം മീനാക്ഷി ചിറ്റേനിപ്പാട്ട് പറമ്പ്, സുമതി അത്താണിക്കൽ, ഗിരിധരൻ പുതിയങ്ങാടി തുടങ്ങിയവരുടെ വീടിന് മുകളിൽ തെങ്ങ് വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.

എലത്തൂർ വില്ലേജ് മൊകവൂർ ദേശത്ത് വീടിന് മുകളിലേക്ക് തെങ്ങ്, മാവ് എന്നിവ വീണ് ഭാഗികനാശനഷ്ടങ്ങളുണ്ടായി. വിമല നരിക്കുനി താഴം, റീന കൊന്നക്കൽ, ബാലരാമൻ വെള്ളാങ്കുർ, വിജീ വെള്ളാങ്കൂർ എന്നിവരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.

ചെലവൂർ എഴുന്ന മണ്ണിൽ ഗംഗാധരന്റെ വീടും കോളി മരം, തെങ്ങ് എന്നിവ മുറിഞ്ഞ് വീണ് ഭാഗികമായി നശിച്ചു.

താമരശ്ശേരി താലൂക്കിൽ ആറ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. പുത്തൂർ വില്ലേജിൽ പിലാത്തോട്ടത്തിൽ റസിയയുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന് ഭാഗികമായ നാശനഷ്ടമുണ്ടായി. നെല്ലിപൊയിൽ, രാരോത്ത് വില്ലേജുകളിലും തെങ്ങ് വീണു വീടുകൾക്ക് ഭാഗിക നാശമുണ്ടായി. ഈങ്ങാപ്പുഴ വില്ലേജിൽ ചമൽ ദേശത്ത് ചോയിയോട് ഇടിമിന്നലിൽ വീടിന് നാശം സംഭവിച്ചു. പനങ്ങാട് വില്ലേജിൽ മരം വീണ് ഒരു വീടിനും ഇടിമിന്നലിൽ മറ്റൊരു വീടിനും നാശനഷ്ടം സംഭവിച്ചു.

കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി, ചേമഞ്ചേരി വില്ലേജുകളിൽ ഇടിമിന്നലിൽ ഒരോ വീടുകൾക്ക് ഭാഗിക തകരാർ സംഭവിച്ചു.

തിരുവാതിരക്കളിയിൽ മാറ്റുരച്ച് സബ് കലക്ടർ ചെൽസാസിനി

റവന്യൂ ജീവനക്കാരുടെ ജില്ല കലോത്സവത്തിൽ സബ് കലക്ടർ ചെൽസാസിനിയും ടീമും അവതരിപ്പിച്ച തിരുവാതിരക്കളി കാണികളെ ആവേശത്തിലാക്കി. സബ് കലക്ടറുടെ ഓഫീസിൽ നിന്നുള്ള എട്ട് പേരാണ് ടീമിലെ മറ്റ് അംഗങ്ങൾ. വർഷങ്ങൾക്ക് ശേഷം മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങി വേദിയിലെത്തിയപ്പോൾ അതിയായ സന്തോഷം തോന്നിയതായി മത്സരശേഷം സബ് കലക്ടർ പ്രതികരിച്ചു.

തിരക്ക് പിടിച്ച ജോലിത്തിരക്കിനിടയിൽ ഇത്തരത്തിലുള്ള  വിനോദ കലാപരിപാടികൾ ജോലി ചെയ്യാൻ കൂടുതൽ ഊർജസ്വലത നൽകുമെന്നും പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. അഞ്ച് ടീമുകൾ പങ്കെടുത്ത തിരുവാതിരക്കളി മത്സരത്തിൽ താമരശ്ശേരി താലൂക്കിലെ കെ.കെ. ബീനയും സംഘവും ഒന്നാം സ്ഥാനം നേടി.

നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണം – ജില്ലാ വികസന സമിതി യോഗം

വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. ആവശ്യമുള്ളിടത്ത് കരാറുകാരെ പുനക്രമീകരിക്കാനും തീരുമാനിച്ചു.

ജില്ലയിലെ വിവിധ നിർമാണ പ്രവൃത്തികൾ യോഗം അവലോകനം ചെയ്തു. റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിർമാണം വേഗത്തിലാക്കണം. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാക്കണം. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള ഇടങ്ങളിൽ ഇത് തടയാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. വേനൽ മഴയിൽ നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരം ഉടൻതന്നെ നൽകണമെന്നും യോഗം നിർദേശിച്ചു.

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ എ. നവീൻ ജീവതാളം പദ്ധതിയുമായി ബന്ധപ്പെട്ട് പവർപോയിൻറ് അവതരിപ്പിച്ചു. ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി നേരിടാനുള്ള പദ്ധതികളാണ് ജീവതാളം പ്രൊജക്ടിലൂടെ ആവിഷ്കരിക്കുന്നത്. സർക്കാർ വകുപ്പുകളിൽ ഭിന്നശേഷിക്കാർക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നൽകുന്നത് സംബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ സംസാരിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ എംഎൽഎമാർ, മന്ത്രിമാരുടെയും എം പി മാരുടെയും പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ,  ജില്ലാ പ്ലാനിംഗ് ഓഫീസർ പി ആർ മായ, എ ഡി എം  മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

റവന്യൂ ജീവനക്കാരുടെ കലോത്സവം; കലാമത്സരങ്ങളിൽ തിളങ്ങി ജീവനക്കാർ

ലാൻഡ് റവന്യൂ വകുപ്പ്  റവന്യൂ ജീവനക്കാർക്കായി സംഘടിപ്പിച്ച കലോത്സവത്തോടനുബന്ധിച്ച് എൻജിനീയേഴ്‌സ് ഹാൾ വേദിയിൽ ഭാരതനാട്യം, തബല, ഓട്ടൻതുള്ളൽ, തിരുവാതിര, നാടോടി നൃത്തം, ഒപ്പന എന്നീ മത്സരങ്ങൾ നടന്നു.

ഭാരതനട്യത്തിൽ കൊയിലാണ്ടി താലൂക്കിൽ നിന്നുള്ള ദിവ്യശ്രീ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കടുത്ത മത്സരം നടന്ന തിരുവാതിരക്കളിയിൽ താമരശ്ശേരി താലൂക്കിലെ കെ.കെ ബീനയും സംഘവും ഒന്നാം സ്ഥാനം നേടി. സബ് കലക്ടർ ചെൽസാസിനിയും ടീമും അവതരിപ്പിച്ച തിരുവാതിരക്കളിയും ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയും ടീമും അവതരിപ്പിച്ച ഒപ്പനയും മത്സരാർത്ഥികളെ ആവേശത്തിലാക്കി.

തിരക്ക് പിടിച്ച ജോലിക്കിടയിൽ ഇത്തരത്തിലുള്ള വിനോദപരിപാടികൾ ജോലി ചെയ്യാൻ കൂടുതൽ ഊർജസ്വലത നൽകുമെന്നും പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും സബ് കലക്ടർ ചെൽസാസിനി പ്രതികരിച്ചു.

ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം എല്ലാവരും വളരെ ആസ്വദിച്ചാണ് പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ഏപ്രിൽ 22 ന് വിളംബരഘോഷയാത്രയോടു കൂടി ആരംഭിച്ച കലോത്സവത്തിലൂടെ ഓഫീസിലെ മറ്റു തിരക്കുകളിൽ നിന്ന് മാറി ടെൻഷൻ ഫ്രീ ആകാൻ  ജീവനക്കാർക്ക് സാധിച്ചുവെന്ന് ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ അനിതകുമാരി പറഞ്ഞു. എല്ലാവരും മത്സര ബുദ്ധിയോടെയാണ് പരിപാടികളെ സമീപിക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞാണ് കലാപരിപാടികൾക്കായുള്ള പരിശീലനം നടത്തിയത്. ഇത്തരം അവസരം ഒരുക്കി തന്നതിൽ സർക്കാരിനോട് നന്ദി പറയുന്നു. എല്ലാ വർഷവും ഇത്തരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഉദ്യോഗസ്ഥർക്കിടയിലെ കലാവാസനയെ പരിപോഷിപ്പിക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഒപ്പന മത്സരത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയും സംഘവും ഒന്നാം സ്ഥാനം നേടി. കലക്ടറേറ്റിലെ പ്രമീളയും സംഘവും അവതരിപ്പിച്ച നാടോടി നൃത്തം (ഗ്രൂപ്പ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഓട്ടൻ തുള്ളൽ, തബല, നാടോടിനൃത്തം (സിംഗിൾ) എന്നീ ഇനങ്ങളിൽ ഓരോ മത്സരാർത്ഥി വീതമാണ് പങ്കെടുത്തത്. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. ഹിമ നാടോടിനൃത്തം (സിംഗിൾ) മത്സരത്തിൽ പങ്കെടുത്തു.

റവന്യൂ വകുപ്പിലെയും അനുബന്ധ വകുപ്പുകളിലെയും ജീവനക്കാരുടെ കലാസാംസ്‌കാരിക മേഖലകളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനതലത്തിൽ നടത്തുന്ന കലോത്സവത്തിനു മുന്നോടിയായാണു ജില്ലയിൽ റവന്യൂ കലോത്സവം നടത്തുന്നത്. വിവിധ ഇനങ്ങളിലെ മത്സര വിജയികൾ മെയ് അവസാനവാരം തൃശൂരിൽ വെച്ചു നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.

ജനപ്രതിനിധികളും ഭരണകൂടവും ജനങ്ങളുമൊന്നിച്ചു പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം സാധ്യമാവുന്നത് -മന്ത്രി എ. കെ. ശശീന്ദ്രൻ

ഓഫീസ് ഫയൽ അദാലത്ത് – കോർപറേഷൻതല ഉദ്ഘാടനം നടന്നു

ജനപ്രതിനിധികളും ഭരണകൂടവും ജനങ്ങളുമൊന്നിച്ചു പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം സാധ്യമാവുന്നതെന്ന് വനം വന്യജീവി വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ. കോഴിക്കോട് മുനിസിപ്പൽ കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫയൽ അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിനോടനുബന്ധിച്ചാണ് ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പൽ കോർപറേഷനിലുമായി ഫയലുകൾ തീർപ്പാക്കാനായി അദാലത്ത് സംഘടിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഉദ്ഘാടനചടങ്ങിനു മുൻപായി തീർപ്പാക്കിയ മൂന്നു ഫയലുകൾ മന്ത്രി അപേക്ഷകർക്ക് നൽകി. തീർപ്പാകാത്ത നാലായിരത്തോളം അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.  ഇന്ന് തീർപ്പാകാത്ത പരാതികൾ മെയ് 4, 5 തീയതികളിൽ പരിഗണിക്കും.

കോർപറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. ചടങ്ങിനിടെ തീർപ്പാക്കിയ മൂന്നു ഫയലുകൾ മേയർ ബന്ധപ്പെട്ട അപേക്ഷകർക്കു കൈമാറി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ പി ദിവാകരൻ, പി. സി. രാജൻ, പി. കെ. നാസർ, ഡോ. എസ്. ജയശ്രീ, ഒ.പി.ഷിജിന, സി. രേഖ, കൃഷ്ണകുമാരി, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവർ പങ്കെടുത്തു.

ആനയെ എഴുന്നള്ളിപ്പ്: രജിസ്‌ട്രേഷൻ വിട്ടുപോയ ആരാധാനലയങ്ങൾക്ക് വീണ്ടും അവസരം

നാട്ടാനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉത്സവങ്ങൾ പൂരങ്ങൾ, വരവുകൾ എന്നിവയുടെ രജിസ്‌ട്രേഷൻ 2015-ൽ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയിൽ മോണിറ്റർ ചെയ്യാൻ  വിട്ടുപോയ ഉത്സവങ്ങൾ, പൂരങ്ങൾ, വരവുകൾ എന്നിവ രജിസ്റ്റർ ചെയ്യാൻ വീണ്ടും അവസരം. 2022 മെയ് 31 വരെയാണ് സമയം നീട്ടി നൽകിയത്. കൊയിലാണ്ടി, വടകര താലൂക്കുകളിൽപ്പെട്ട ആരാധനാലയങ്ങൾ വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്കും കോഴിക്കോട് താലൂക്കിലെ ആരാധനാലയങ്ങൾ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്കും അപേക്ഷ നൽകണം.
കൂടതൽ വിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും:
കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ – 8547603816/8547603817,  വടകര  സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ  – 8547603822/8547603824, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസർ – 0495 2416900.

[bot1]

ശാസ്ത്രീയ സംഗീതത്തിൽ മികവു തെളിയിച്ച് സബ് കലക്ടർ; റവന്യൂ കലോത്സവത്തിൽ മാറ്റുരക്കുന്ന പ്രകടനവുമായി ജീവനക്കാർ

ലാൻഡ് റവന്യൂ വകുപ്പ്  റവന്യൂ ജീവനക്കാർക്കായി സംഘടിപ്പിച്ച കലോത്സവത്തിൽ വിവിധ കലാ മത്സരങ്ങളിൽ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച് ജീവനക്കാർ. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ശാസ്ത്രീയ സംഗീത മത്സരത്തിൽ സബ് കളക്ടർ ചെൽസാസിനി ഒന്നാം സ്ഥാനം നേടി. വെള്ളൈ കലൈയുടുത്ത് എന്ന് തുടങ്ങുന്ന ആദി താളത്തിലെ ഗാനമാണ് സബ് കളക്ടർ ആലപിച്ചത്. ബിലഹരി രാഗത്തിൽ ഗാനം ആലപിച്ച നരിക്കുനി വില്ലേജ് ഓഫീസർ അനുപമരാജ് രണ്ടാം സ്ഥാനവും  കരസ്ഥമാക്കി.

കവിതാ പാരായണത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. ഹിമയും മത്സരിച്ചത് ജീവനക്കാർക്ക് വെല്ലുവിളിയായി. മധുസൂദനൻ നായരുടേയും വയലാറിന്റെയും കുമാരനാശാന്റെയും മുരുകൻ കാട്ടാക്കടയുടേയും പ്രശസ്തമായ കവിതകൾ നിറഞ്ഞു നിന്ന വനിതാ വിഭാഗത്തിലെ കവിതാ പാരായണ മത്സര വേദിയിൽ 11 മത്സരാർത്ഥികളെ പിന്തള്ളി കളക്ടറേറ്റിലെ പി. പ്രീതി ഒന്നാം സ്ഥാനം നേടി. ബ്ലെസി പി. അഗസ്റ്റിൻ ( താലൂക്ക് ഓഫീസ്, കോഴിക്കോട്) രണ്ടാം സ്ഥാനവും, അനുപമ രാജ് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗം കവിതാലാപനത്തിൽ സതീഷ് കുമാർ (താലൂക്ക് ഓഫീസ്, കോഴിക്കോട്), പി.വി. സജീഷ് (വി.എഫ്.എ, താമരശ്ശേരി താലൂക്ക്), പ്രഭാഷ് (കളക്ടറേറ്റ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മാപ്പിളപ്പാട്ട് മത്സരം- പുരുഷ വിഭാഗത്തിൽ ജഹാഷ് അലി ( താലൂക്ക് ഓഫീസ്, കോഴിക്കോട് ), പി.കെ. മുരളീധരൻ (എൽ.എ, താലൂക്ക് ഓഫീസ് കോഴിക്കോട്), പ്രഭാഷ് (കളക്ടറേറ്റ് ) എന്നിവരും വനിതാ വിഭാഗത്തിൽ ബ്ലെസി പി. അഗസ്റ്റിൻ ( താലൂക്ക് ഓഫീസ്, കോഴിക്കോട്), ദിവ്യശ്രീ (വി.എഫ്.എ, ഉള്ള്യേരി ), ഷൈമ (ബൈൻഡർ എ.ഡി സർവ്വേ) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ശാസ്ത്രീയ സംഗീതത്തിൽ എം. കുമാർ വത്സൻ, എം. സുജാത, ഐശ്വര്യ മനോജ് എന്നിവരും കവിതാ പാരായണത്തിൽ എൻ. ബീന, സലോമി അഗസ്റ്റിൻ, വസുമതി എന്നിവരും മാപ്പിളപ്പാട്ടിൽ അബ്ബാസ് കൊണ്ടോട്ടി, സുലൈഖ ചേളാരി, സി.കെ. റഷീദ് മോങ്ങം എന്നിവരും വിധികർത്താക്കളായി. ഈ വേദിയിൽ ഇന്ന് (മെയ് ഒന്ന്) ലളിതഗാനം, മിമിക്രി, മോണോ ആക്ട് മത്സരങ്ങൾ അരങ്ങേറും.

ദർഘാസ്

സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിലേക്ക് ആവശ്യമായ 3 കെവിഎ ഓൺലൈൻ യുപിഎസ് വിത്ത് ബാറ്ററി വിതരണം ചെയ്യാൻ താല്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂൺ 15 ഉച്ചക്ക് ഒരു മണിവരെ. ദർഘാസ് ജോയിന്റ് ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയം, കോഴിക്കോട് – 9 എന്ന വിലാസത്തിൽ അയക്കണം. ഫോൺ : 0495 2373819.