കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (07/05/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ട്രസ്റ്റി നിയമനം

മലപ്പുറം ജില്ല, ഏറനാട് താലൂക്ക് തൂവ്വൂര്‍ വേട്ടേക്കാരന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേയ് 18 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495 2374547.

ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ

കേന്ദ്ര ടെക്‌സൈറ്റല്‍ മന്ത്രാലയത്തിനു കീഴിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ തളിപ്പറമ്പ് നാടുകാണിയിലെ സെന്ററില്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം. എഫ്.ഡി.ടി ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി പ്ലസ് ടു യോഗ്യതയുളള വിദ്യാര്‍ഥികള്‍ക്ക് www.atdcindia.co.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, തളിപ്പറമ്പ, കണ്ണൂര്‍ -670142 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാം. ഫോണ്‍ : 9961803757, 9744917200.

ഗതാഗതം നിരോധിച്ചു

ചാത്തമംഗലം – കുഴക്കോട് – വെളളനൂര്‍ – കൈതൂട്ടിമുക്കില്‍ റോഡില്‍ കള്‍വര്‍ട്ടിന്റെ നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ചാത്തമംഗലം മുതല്‍ വെളളനൂര്‍ വരെയുളള ഭാഗത്ത് മേയ് ഒന്‍പത് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചാത്തമംഗലം ഭാഗത്ത് നിന്ന് വെളളനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാത്തമംഗലത്ത് നിന്നും വേങ്ങേരിമഠം വഴി തിരിഞ്ഞു പോകണം.

ബീച്ച് അംബ്രല്ല അപേക്ഷ

ബീച്ച് അംബ്രല്ല ആവശ്യമുളള ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അവസാന തീയതി മേയ് 18. ഫോണ്‍ : 0495 2378222.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്: ജില്ലാതല വിതരണോദ്ഘാടനം 9 ന്

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കായുളള 2021ലെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ ജില്ലാതല വിതരണോദ്ഘാടനം മേയ് ഒന്‍പതിന് ഉച്ചയ്ക്ക മൂന്ന് മണിക്ക് കോഴിക്കോട് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം സി.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് റഫീഖ് വിശിഷ്ടാതിഥിയാകും.

പരീക്ഷാ തീയതിയിൽ മാറ്റം

കോഴിക്കോട് ജില്ലയില്‍ മാറ്റിവെച്ച അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ – II പേപ്പര്‍ പരീക്ഷ മേയ് ഒന്‍പതിന് രണ്ട് മുതല്‍ നാല് മണി വരെ ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് ഹൈസ്കൂളിൽ നടക്കും. ഉദ്യോഗാര്‍ഥികള്‍ പരീക്ഷക്കായി അവര്‍ക്ക് ലഭിച്ച പഴയ ഹാള്‍ടിക്കറ്റുമായി ഇതേ പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് 11 ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് മെയ് 11 ന് കോഴിക്കോട് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മണി മുതല്‍ ഒരു മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം.

‘ഇനി ഞാനൊഴുകട്ടെ’: മുക്കം കടവ് ചെറുപുഴ ശുചീകരണത്തിന് തുടക്കമായി

തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മുക്കം കടവ് ചെറുപുഴയുടെ ശുചീകരണം ആരംഭിച്ചു. ബഹുജന പങ്കാളിത്തതോടെ നടത്തുന്ന ശുചീകരണ പ്രവൃത്തി കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. ജലാശയങ്ങളെ മാലിന്യ മുക്‌തമായും വൃത്തിയായും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ബ്ലോക്ക് കോ-ഓഡിനേറ്റർ ഫാഷിദ് ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ ജിജിത സുരേഷ്, സത്യൻ മുണ്ടയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ ടീച്ചർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

എന്യുമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി

വേളം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായുള്ള സമഗ്ര സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി എന്യുമറേറ്റര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബു ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സന്‍ കെ തങ്കം അധ്യക്ഷയായി.

പഞ്ചായത്തിലെ അഭ്യസ്തവിദ്യരെയും തൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ള 18 മുതല്‍ 59 വയസ്സുവരെയുള്ളവരെയും കണ്ടെത്തി, തൊഴില്‍ മുഖത്ത് എത്തിക്കുന്നതിന് വിവിധങ്ങളായ വൈദഗ്ധ്യ പരിശീലനങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുക. കേരള നോളജ് ഇക്കോണമി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതിയുടെ പ്രവര്‍ത്തിക്കുക.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍നടന്ന പരിപാടിയില്‍ പഞ്ചായത്തംഗങ്ങളായ കെ കെ മനോജന്‍, സുമ മലയില്‍, ബീന കോട്ടേമ്മല്‍, പഞ്ചായത്ത് അസി.സെക്രട്ടറി അനില്‍കുമാര്‍, കില ഫാക്കല്‍റ്റി പി എം കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്റെ തൊഴില്‍ എന്റെ അഭിമാനം-ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിച്ചു.

എന്റെ തൊഴില്‍ എന്റെ അഭിമാനം മിഷന്റെ ഭാഗമായി എടച്ചേരി സി.ഡി.എസിലെ എന്യൂമറേറ്റര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിദ്യാസമ്പന്നരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം നോളജ് എക്കണോമി മിഷന്റെ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും വിശദീകരിക്കും.

സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി. ബിന്ദു അധ്യക്ഷത വഹിച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍ ഗംഗാധരന്‍ മാസ്റ്റര്‍, കമ്മ്യൂണിറ്റി അംബാസിഡര്‍ വര്‍ഷ എന്നിവര്‍ ക്ലാസ് നയിച്ചു. പഞ്ചായത്ത് അംഗം ശ്രീജിത്ത,് ഉപസമിതി കണ്‍വീനര്‍ എന്‍.ടി ഷൈമ, അസിസ്റ്റന്റ് സെക്രട്ടറി അനൂപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തെളിനീരൊഴുകും നവകേരളം: ജലസമിതി രൂപീകരിച്ചു

തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി എലത്തൂര്‍ വാര്‍ഡില്‍ ജലസമിതി രൂപീകരിച്ചു.കൗണ്‍സിലര്‍ മനോഹരന്‍ മാങ്ങാറിയില്‍ അധ്യക്ഷത വഹിച്ചു. ഹരിതകേരളം റിസോഴ്‌സ് പേഴ്‌സണ്‍ പി.എസ് സുദിന പദ്ധതി വിശദീകരിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി കല്ലോത്ത്- മാട്ടുവയല്‍ പറമ്പ് തോട് ശുചീകരിക്കും. ഇതിന്റെ ഭാഗമായി 11 ന് രാവിലെ 9 മണിക്ക് ജലനടത്തം സംഘടിപ്പിക്കാനും തുടര്‍ന്ന് ജലസഭ നടത്താനും യോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, ജെ.എച്ച്.ഐ മാരായ സി.എസ് ഷിജി, കെ.കെ ഷൈനി, സംഘടനാ പ്രതിനിധികള്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജാഗ്രതാ പരിശീലനം നല്‍കി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുക്കാന്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വനിതകള്‍ക്ക് ജാഗ്രതാ പരിശീലനം നല്‍കി. കോഴിക്കോട് ജില്ലാ പഞ്ചായത്തും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്.

പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി. ജില്ലാ കൗണ്‍സിലര്‍ ഡോ: ടി ബി ഭാര്‍ഗവന്‍, ജില്ലാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി എന്നിവര്‍ ക്ലാസ് എടുത്തു.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജ്മ വാണിമേല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തെളിനീരൊഴുകും നവകേരളം: ജലഗുണനിലവാര പരിശോധനാ പരിശീലനം സംഘടിപ്പിച്ചു

തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍ ജലഗുണനിലവാര പരിശോധനാ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടിയും പരിശീലനക്കിറ്റ് വിതരണവും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഡോ.ജയശ്രീ നിര്‍വഹിച്ചു.

ഹരിതകേരളം റിസോഴ്‌സ് പേഴ്‌സണ്‍ എ. രാജേഷ് ജലഗുണനിലവാര പരിശോധന, ജി.ഐ.എസ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ സംബന്ധിച്ച പരിശീലനം നല്‍കി. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സുദിന, തൊഴിലുറപ്പ് എ.ഇ ശ്യാമിലി എന്നിവര്‍ നേതൃത്വം നല്‍കി. 63-ഓളം കുടുംബശ്രീ എഡിഎസുമാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

ഹെല്‍ത്ത് ഓഫീസര്‍ ഡോ.മിലു മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരായ ശ്രീജ, അംബിക, ജാസ്മിന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ ടി.കെ പ്രകാശന്‍ സ്വാഗതവും വെറ്റിനറി സര്‍ജന്‍ രേഷ്മ നന്ദിയും പറഞ്ഞു.

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ – പഞ്ചായത്തുതല ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 10ന്

2022-23 സംരംഭക വര്‍ഷമായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള ആളുകള്‍ക്ക് മേയ് മാസത്തില്‍ പൊതുബോധവത്കരണം നടത്തും. പൊതുബോധവത്കരണ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മെയ് 10ന് രാവിലെ 10.30 ന് കാക്കൂര്‍ വ്യാപാര ഭവന്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എൻ തേജ്റെ ലോഹിത് റെഡ്ഡി, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.ഷാജി തുടങ്ങിയവർ പങ്കെടുക്കും.

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി കേരളത്തില്‍ ചുരുങ്ങിയത് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് മൂന്ന് മുതല്‍ നാല് ലക്ഷം വരെയുള്ള ആളുകള്‍ക്ക് തൊഴില്‍ നൽകാനാകുമെന്ന് സർക്കാർ കണക്കാക്കുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. താത്പര്യമുള്ളവർക്ക് സംരംഭങ്ങള്‍ക്ക് ആവശ്യമുള്ള ലൈസന്‍സും ലോണും സബ്‌സിഡിയും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ് ക്യാമ്പയിനുകള്‍ വഴി ലക്ഷ്യമിടുന്നത്.

കുറ്റ്യാടിയില്‍ ജലസഭ സംഘടിപ്പിച്ചു

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു. വടയം കരിങ്കല്‍ പാലം തോട് മുതല്‍ കുറ്റ്യാടിപ്പുഴ വരെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജലനടത്തം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ് അധ്യക്ഷനായി.

പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് തോടുകള്‍ ശുചീകരിക്കുന്നത്. പരിപാടിയില്‍ പഞ്ചായത്ത് സെക്രട്ടറി ഒ ബാബു, പി സി രവീന്ദ്രന്‍, എ സി അബ്ദുല്‍ മജീദ്, സബിന മോഹന്‍, സികെ സുമിത്ര എം പി കരീം തുടങ്ങിയവര്‍ പങ്കെടുത്തു.

ലോഗോ പ്രകാശനം ചെയ്തു

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നിപ പ്രതിരോധവുമായി ബന്ധപ്പെട്ടു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. കോണ്‍ഫറന്‍സിന്റെ ലോഗോ ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറുഖിനു നല്‍കി പ്രകാശനം ചെയ്തു.

ഏകാരോഗ്യം എന്ന വിഷയം പ്രമേയം ആകുന്ന പരിപാടി മെയ് 12നു ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വനം-വന്യ ജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാഥിതിയാകും. കോണ്‍ഫറന്‍സില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആരോഗ്യം, വനം, മൃഗ പരിപാലനം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ടി. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കാണ്മാനില്ല

ഫോട്ടോയില്‍ കാണുന്ന പ്രജീഷ് സി, 34 വയസ്സ്,  S/o. രവീന്ദ്രന്‍, ചെനങ്ങര വീട്, പാറന്നൂര്‍ പി.ഒ, നരിക്കുനി, കോഴിക്കോട് എന്നയാളെ മാര്‍ച്ച് 16 മുതൽ കാണാതായിട്ടുണ്ട്. അബുദാബിയില്‍നിന്നും കരിപ്പൂര്‍ വഴി കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ കാലത്ത് 7.10 മണി സമയത്ത് ടാക്‌സി കാറില്‍ ഇറങ്ങിയ ശേഷമാണ് കാണാതായത്. അടയാള വിവരം: ഉയരം 179 cm, വെളുത്ത നിറം, മെലിഞ്ഞ ശരീരം.

ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെപ്പറയുന്നന നമ്പരുകളിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു.

കോഴിക്കോട് സിറ്റി ടൗണ്‍ സബ് ഡിവിഷന്‍ അസി. കമ്മീഷണർ: 9497990114
കസബ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടർ (എസ്.എച്ച്.ഒ): 9497987178
കസബ പോലീസ് സ്‌റ്റേഷന്‍ സബ്-ഇന്‍സ്‌പെക്ടർ: 9497924205
കോഴിക്കോട് സിറ്റി കസബ പോലീസ് സ്‌റ്റേഷന്‍:  0495 2722286

‘ഞങ്ങളും കൃഷിയിലേക്ക്’; ജില്ലാതല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമദ് റിയാസ് നിര്‍വഹിച്ചു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക അതുവഴി സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

യുവജനസംഘടനകള്‍ പദ്ധതി ഏറ്റെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇപ്പോള്‍തന്നെ സുരക്ഷിത ഭക്ഷണത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടിരിക്കുന്ന വീടുകളും, റസിഡന്‍സ് അസോസിയേഷനുകളും ഗ്രാമങ്ങളുമുണ്ട്. ഉത്പാദനം വര്‍ധിപ്പിച്ച് കേരളത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് കൃഷിവകുപ്പിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. സാങ്കേതികവിദ്യകളും കൃഷിരീതികളും പദ്ധതികളും കര്‍ഷകരിലേക്കെത്തിക്കണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ സമയബന്ധിതമായി ചെയ്തു കൊടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പുതുതലമുറക്ക് പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കേണ്ട ആവശ്യകതയെക്കുറിച്ച് മേയര്‍ സംസാരിച്ചു. ശരിയായ പച്ചക്കറിയുടെ രുചിയും മണവും തിരിച്ചറിഞ്ഞ് വളരാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും മേയര്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കര്‍ഷകനായ ചന്ദ്രനെ മന്ത്രി ആദരിച്ചു. സംസ്ഥാനതല കര്‍ഷക അവാര്‍ഡ് ജേതാക്കളെ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന കലാജാഥ കേഴിക്കോട് കോര്‍പറേഷന്‍ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഒ.പി. ഷിജിന ഫ്‌ളാഗ് ഓഫ് ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പ്രതിജ്ഞ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബി.ജെ. സീമ സദസിന് ചൊല്ലിക്കൊടുത്തു. പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടന്നു.

കേരള സീഡ് ഡെവലപ്മെന്റ് അതോറിറ്റിയിലെ കൃഷി അഡീ. ഡയറക്ടര്‍ എലിസബത്ത് പുന്നൂസ് പദ്ധതി വിശദീകരിച്ചു. കേരളത്തിലാകെ 10,000 ഹെക്ടര്‍ ജൈവകൃഷി, 10,000 കൃഷി കൂട്ടങ്ങള്‍, 140 ഹരിത പോഷക കാര്‍ബണ്‍ തൂലിത ഗ്രാമങ്ങള്‍, ഒരുലക്ഷം തൊഴില്‍ദിനങ്ങള്‍ തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. പഞ്ചായത്തു തലത്തിലും വാര്‍ഡ് തലത്തിലും കൃഷി കൂട്ടങ്ങള്‍ രൂപവത്കരിച്ച് ഉത്പാദനം, സംഭരണം, വിപണനം, മൂല്യവര്‍ധന എന്നിവ ശക്തിപ്പെടുത്തും. കര്‍ഷകന്റെ വരുമാനം കൂട്ടുക, മണ്ണ്, ജല, ജൈവസമ്പത്തുകളെ സംരക്ഷിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.

ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും കാര്‍ഷിക വികസന സമിതി അംഗങ്ങളും കര്‍ഷകരും പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സപ്ന നന്ദിയും പറഞ്ഞു.

[bot1]