തലശ്ശേരി ഗവ കോളേജില്‍ സീറ്റൊഴിവ്; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (19/10/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
ലഹരി വിരുദ്ധ സന്ദേശ വിളംബര ജാഥ സംഘടിപ്പിച്ചു
കക്കോടി ഗ്രാമപഞ്ചായത്തില്‍ ലഹരി വിരുദ്ധ പ്രചരണാര്‍ത്ഥം സന്ദേശ വിളംബര ജാഥ സംഘടിപ്പിച്ചു. കക്കോടി പഞ്ചായത്ത് പരിസരത്തു നിന്ന് വാദ്യമേളം, വിവിധ സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകള്‍ എന്നിവയോടെ ആരംഭിച്ച വിളംബര ജാഥ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അവസാനിച്ചു. പൊതു പരിപാടി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് മുഖ്യാതിഥി ആയിരുന്നു.
കക്കോടി പഞ്ചായത്ത് സെക്രട്ടറി യു കെ രാജന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ചിത്ര കലാ പ്രതിഭകള്‍ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ചിത്രങ്ങള്‍ വരച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പുനത്തില്‍ മല്ലിക, കൈതമോളി മോഹനന്‍, താഴത്തയില്‍ ജുമൈലത്ത്, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി വിനോദ് സ്വാഗതവും, ടി കെ സുരേഷ് നന്ദിയും പറഞ്ഞു.
ഉദയം ഹോമിന് സഹായ ഹസ്തവുമായി ഇന്ത്യന്‍ ബാങ്ക്
ഉദയം ഹോമിലെ അന്തേവാസികള്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യന്‍ ബാങ്ക്. ഉദയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് പുതിയ വാഹനം വാങ്ങി നല്‍കിയിരിക്കുകയാണ് ബാങ്ക്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സി എസ് ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് വാഹനം വാങ്ങി നല്‍കിയത്. ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡി വാഹനത്തിന്റെ താക്കോല്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഗുപ്തയില്‍ നിന്ന് ഏറ്റുവാങ്ങി.
തെരുവില്‍ കഴിയുന്നവര്‍, ആശ്രയമില്ലാത്തവര്‍, വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ പദ്ധതിയാണ് ജില്ലയിലെ ഉദയം ഹോം. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസ് നടപ്പിലാക്കുന്ന ഉദയം ഹോമുകള്‍ ചേവായൂര്‍, മാങ്കാവ്, വെള്ളിമാട്കുന്ന്, വെള്ളയില്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഹോമില്‍ എത്തിച്ചേരുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം, താമസം, ഭക്ഷണം, ചികിത്സ, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നുണ്ട്.
തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്ക് അവ ലഭ്യമാക്കുക, സ്ഥിരം തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുക, കുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കുക, സാമൂഹ്യ പെന്‍ഷന്‍ പോലുള്ള സര്‍ക്കാര്‍- സര്‍ക്കാരിതര സേവനങ്ങള്‍ ഉറപ്പാക്കുക, തുടര്‍ വിദ്യാഭ്യാസവും തൊഴില്‍ നൈപുണി വികസനവും ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഉദയം ഹോമുകള്‍ ചെയ്തുവരുന്നു. നിലവില്‍ മൂന്ന് ഹോമുകളിലുമായി 280 ലേറെ താമസക്കാരുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം.
ചടങ്ങില്‍ ഇന്ത്യന്‍ ബാങ്ക് കോഴിക്കോട് സോണല്‍ മാനേജര്‍ വിജയ ബാലസുബ്രഹ്മണ്യന്‍, സോണല്‍ ഡെപ്യൂട്ടി മാനേജര്‍ വി പി ജയറാം, ഉദയം പ്രൊജക്റ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ രാഗേഷ്, ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഋഷിന്‍ ശങ്കര്‍, ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഉദയം പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ റയീസ ഫര്‍സാന സ്വാഗതവും ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി നന്ദിയും പറഞ്ഞു.
ജില്ലയിലെ ആദ്യ കാര്‍ഷിക ഡ്രോണ്‍ പ്രദര്‍ശനം 21 ന്
സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെ ആദ്യ ഡ്രോണ്‍ പ്രദര്‍ശനവും പ്രവര്‍ത്തന രീതി പരിചയപ്പെടുത്തലും മാവൂര്‍ പാടശേഖരത്തില്‍ നടക്കും.
ഒക്ടോബര്‍ 21 ന് രാവിലെ ഒന്‍പതിന് പി.ടി.എ. റഹീം എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും.
കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കും, എഫ്.പി.ഒ.കള്‍ക്കും സബ്സിഡി നിരക്കില്‍ ഡ്രോണുകള്‍ നല്‍കുന്നതാണ് പദ്ധതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ കാര്‍ഷിക ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വളപ്രയോഗം, കീടനിയന്ത്രണം, ഏരിയല്‍ സര്‍വ്വേ എന്നീ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാം. പദ്ധതിയില്‍ മറ്റ് കാര്‍ഷിക യന്ത്രങ്ങളും 40% മുതല്‍ 80% വരെ സബ്സിഡിയില്‍ ലഭ്യമാവും.
ക്വട്ടേഷന്‍ ക്ഷണിച്ചു
മലാപ്പറമ്പില്‍ ഗവ.വനിതാ പോളിടെക്‌നിക് കോളേജിലെ പ്രധാന കെട്ടിടത്തിന്റെ പഴയ കഴുക്കോല്‍, പട്ടിക എന്നിവ ഒക്‌ടോബര്‍ 27ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്ത് വില്‍പന നടത്തുന്നു. 27,153/-രൂപയാണ് സാധനങ്ങളുടെ അടിസ്ഥാന വില. ക്വട്ടേഷനുകള്‍ ഒക്‌ടോബര്‍ 27 ന് രാവിലെ 10.30 വരെ ഓഫീസില്‍ സമര്‍പ്പിക്കാം. നിരത ദ്രവ്യം 500 രൂപ പ്രിന്‍സിപ്പല്‍, ഗവ. വനിതാ പോളിടെക്‌നിക് കോളേജ്, കോഴിക്കോട് എന്ന പേരില്‍ എടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് ആയി ക്വട്ടേഷനില്‍ ഉള്‍ക്കൊള്ളിക്കണം. ലേല സമയത്തിന് അര മണിക്കൂര്‍ മുമ്പ് നിരത ദ്രവ്യമായി 500 രൂപ ഓഫീസില്‍ കെട്ടി വെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495- 2370714.
തീര ജനസമ്പര്‍ക്ക സഭകള്‍ (പരാതി പരിഹാര അദാലത്ത്) നവംബറില്‍
കോഴിക്കോട് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന തീര ജനസമ്പര്‍ക്കസഭകള്‍ (പരാതി പരിഹാര അദാലത്ത്) നവംബറില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 25 മുതല്‍ 31 വരെ സ്വീകരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും തീരപ്രദേശത്ത് ലഭിക്കേണ്ടുന്ന സേവനങ്ങളുടെ പുരോഗതി വിലയിരുത്തി പരിഹാര നിര്‍ദ്ദേശത്തിനായി നടപ്പിലാക്കിയ പദ്ധതിയാണിത്. അപേക്ഷകള്‍ ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര, മത്സ്യഭവനുകള്‍, വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ 2022 ഒക്ടോബര്‍ 25 മുതല്‍ 31 വരെ സ്വീകരിക്കും. അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി മറുപടി ലഭ്യമാക്കാന്‍ നവംബര്‍ അഞ്ച് വരെ സമയം നല്‍കും. നവംബര്‍ രണ്ടാം വാരം ആദ്യ അദാലത്ത് വടകരയില്‍ നടക്കും. തുടര്‍ന്ന് കൊയിലാണ്ടി, വെസ്റ്റ്ഹില്‍, ബേപ്പൂര്‍ എന്നിവിടങ്ങളിലും തീര ജനസമ്പര്‍ക്ക സഭകള്‍ സംഘടിപ്പിക്കും.
പിന്നോക്ക സമുദായ ക്ഷേമം: നിയമസഭ സമിതി യോഗം
കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച് ഒക്ടോബര്‍ 27 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിനുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും അവര്‍ നേരിടുന്ന വിദ്യാഭ്യാസ സാമൂഹ്യപരമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും നിവേദനങ്ങള്‍ സ്വീകരിക്കും. തുടര്‍ന്ന് പിന്നോക്ക വിഭാഗ വികസനം, ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം റവന്യൂ എന്നീ വകുപ്പുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
പൊതു തെളിവെടുപ്പ് 22 ന്
കൂടരഞ്ഞി വില്ലേജില്‍, കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍ 2159, 2160, 2162 എന്നീ സര്‍വ്വെ നമ്പറില്‍ 5.2794 ഹെക്ടര്‍ സ്ഥലത്ത് ജോണ്‍സണ്‍ ജോര്‍ജ്ജ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് ഒക്‌ടോബര്‍ 22 ന് രാവിലെ 11.00 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖല ആഫീസിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്കുളള ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. സോമസുന്ദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദേവു ഉണ്ണി അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസിലെ വിമുക്തി കൗണ്‍സിലര്‍ ജിജി രാമചന്ദ്രന്‍ ബോധവല്‍കരണ ക്ലാസെടുത്തു. പി.കെ ഷിജു സ്വാഗതവും ആഭരണ തൊഴിലാളി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ എസ് അജിത് കുമാര്‍ നന്ദിയും പറഞ്ഞു.
സീറ്റ് ഒഴിവ്
തലശ്ശേരി ഗവ കോളേജില്‍ ബി കോം കോഴ്‌സില്‍ എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒക്‌ടോബര്‍ 22 ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2966800.
വൈഫൈ നിറവില്‍ ചുള്ളിക്കാപറമ്പ് അങ്കണവാടി
വര്‍ണക്കൂട്ട് പദ്ധതിയുടെ ഭാഗമായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് ആലുങ്ങല്‍ അങ്കണവാടിയില്‍ വൈ ഫൈ കണക്ഷന്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ആലുങ്ങല്‍ അങ്കണവാടിയില്‍ ആരംഭിച്ച പദ്ധതി പഞ്ചായത്തിലെ മറ്റ് 25 അങ്കണവാടികളിലും നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു. കുട്ടികളുടെപഠന മികവ് ഉയര്‍ത്തുക, കഴിവുകള്‍ പരിപോഷിപ്പിക്കുക, ഉന്നത പരീക്ഷകള്‍ എഴുതാന്‍ അവരെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ കുട്ടികള്‍ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കും ഏറെ ഉപകാരപ്രദമാവും.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.ടി റിയാസ് അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലിസ, അങ്കണവാടി ടീച്ചര്‍ താഹിറ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെങ്ങിന്‍ തോപ്പില്‍ ശീമക്കൊന്ന:പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കേര രക്ഷാവാരത്തോടനുബന്ധിച്ച് തെങ്ങിന്‍ തോപ്പില്‍ ശീമക്കൊന്ന വെച്ചു പിടിപ്പിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് നിര്‍വ്വഹിച്ചു. ഗുണമേന്മയുള്ള ജൈവ വളം കൃഷിയിടത്തില്‍ ലഭ്യമാക്കുന്നതിനായി കൂടരഞ്ഞി കേര സമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.
കൂമ്പാറ ജോണി പുളിമൂട്ടില്‍ എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് തോമസ് മാവറ, വാര്‍ഡ് മെമ്പര്‍മാരായ സീന ബിജു, ജറീന റോയ്, കാര്‍ഷിക വികസന സമിതി അംഗം കെ. എം. അബ്ദുറഹിമാന്‍, കേര സമിതി പ്രസിഡന്റ് കെ.വി. ജോസഫ് കല്ലിങ്കക്കുടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വില്യാപ്പള്ളിയില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍
വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്റെയും ക്യൂ ആര്‍ കോഡ് പതിക്കലിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ.ബിജുള നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഭിഷ അധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ക്യൂ ആര്‍ കോഡ് പതിപ്പിച്ചുകൊണ്ടാണ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കെല്‍ട്രോണ്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈശാഖ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രജിത കൊളിയോട്ട, കെ. കെ.സിമി, വാര്‍ഡ് മെമ്പര്‍മാരായ ഗോപാലന്‍ മാസ്റ്റര്‍, വിദ്യാധരന്‍, രാഗിണി, വിഇഒ ദയാകരന്‍, ശുചിത്വമിഷന്‍ ആര്‍ പി വൈഷ്ണവ്, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിജുനേഷ്, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ലഹരിവിരുദ്ധ ജാഗ്രത സദസ് സംഘടിപ്പിച്ചു
ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ലഹരി വിരുദ്ധ ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം സിന്ധു സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.
റിട്ടയേര്‍ഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സി കരുണാകരന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടന്നു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം ഷീല, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി വത്സല, ടി.പി മുരളീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനില്‍കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍ നന്ദിയും പറഞ്ഞു.