കള്ളക്കേസില്‍ നിന്ന് ഒളിച്ചോടി ഗള്‍ഫിലേക്ക്; കൂട്ടുകാരുടെ യാത്രയപ്പില്ലാത്ത ആദ്യ യാത്രയുടെ ഓര്‍മ | സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ പി.കെ. അശോകന്‍ എഴുതുന്നു



പി.കെ. അശോകന്‍

മിക്ക പ്രവാസികളെയും പോലെ ഗള്‍ഫ് എനിക്കും സമ്മിശ്ര അനുഭവമാണ് നല്‍കിയത്. ചിലപ്പോള്‍ നൊമ്പരപ്പെടുത്തും, മറ്റ് ചിലപ്പോള്‍ ഒരുപാട് സന്തോഷമാണ് അത് കൊണ്ടുവരിക. എന്റെ ആദ്യ ഗള്‍ഫ് യാത്ര തന്നെ സംഭവ ബഹുലമായിരുന്നു. ഇരുപത്തി ഒന്നാം വയസില്‍, 1982 ജനുവരി മാസത്തിലാണ് ഞാന്‍ ആദ്യമായി ഗള്‍ഫിലേക്ക് യാത്രയാകുന്നത്. സഹോദരങ്ങളുടെ വിവാഹവും പഠിത്തവും വീട്ടിലെ സാഹചര്യങ്ങളുമാണ് അങ്ങനെയൊരു തീരുമാനമെടുപ്പിച്ചത്. കുറുവങ്ങാടുള്ള ഒരു സുഹൃത്ത് വഴി വിസ റെഡി ആയി. ജനുവരിയില്‍ ഗള്‍ഫില്‍ പോവണം എന്ന് പദ്ധതിയായി.

അന്ന് ഞാന്‍ നാട്ടില്‍ അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന കാലമാണ്. ഗള്‍ഫില്‍ പോവുമ്പോള്‍ സ്വാഭാവികമായി സഖാക്കളുടെ ഒരു ഗംഭീര യാത്രയയപ്പ് കിട്ടേണ്ടതാണ്. എന്നാല്‍ അപ്രതീക്ഷിതമായി ചില കാര്യങ്ങള്‍ സംഭവിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വിദ്യാര്‍ഥികളുടെ ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചതുമായി പ്രതിഷേധം കൊടുമ്പിരി കൊള്ളുന്ന കാലമാണ്. സ്‌കൂള്‍കുട്ടികള്‍ക്ക് 10 പൈസയും കോളജ് വിദ്യാര്‍ഥികള്‍ 25 പൈസയുമായി ചാര്‍ജ് കൂട്ടിയതിനെതിരെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. സമരത്തോട് അനുഭാവമുണ്ടായിരുന്നെങ്കിലും വിദ്യാര്‍ഥി ജീവിതം അവസാനിച്ചതിനാല്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല.

പി.കെ. അശോകന്‍ – ചെറുപ്പകാലത്തെ ഫോട്ടോ.


സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടി പംക്തിയിലെ മറ്റു കുറിപ്പുകള്‍ വായിക്കൂ…


കൊയിലാണ്ടിയില്‍ നിന്ന് പാലക്കുളത്ത് വീട്ടിലേക്ക് കൂട്ടുകാര്‍ക്കൊപ്പം സൈക്കിളില്‍ പോവുകയായിരുന്നു. 17-ാം മൈല്‍സില്‍ എത്തിയപ്പോള്‍ ഒരു കെ.എസ്.ആര്‍.ടി.സി. ബസിന് ചുറ്റും ആള്‍ക്കൂട്ടം. ഞങ്ങള്‍ സൈക്കിള്‍ സൈഡാക്കി ബസിന് അടുത്ത് നിന്ന ഒരാളോട് കാര്യം തിരക്കി. വിദ്യാര്‍ഥി സമരത്തിന്റെ ഭാഗമായി ആരോ ഒരാള്‍ ബസിന് കല്ലെറിഞ്ഞത്രേ. ശബരിമല ഡ്യൂട്ടി കഴിഞ്ഞു വരുന്ന പൊലീസുകാരും ബസിലുണ്ടായിരുന്നു. ബസിന് ചുറ്റും കൂടിയ ആളുകളുടെ കൂട്ടത്തില്‍ വിദ്യാര്‍ഥികളുടെ ‘ലുക്കില്‍’ ഞാനും സുഹൃത്തുക്കളും. പൊലീസുകാരന്‍ ഇറങ്ങിവന്ന് ഞങ്ങളെ ചൂണ്ടി ഇവരാണ് കല്ലെറിഞ്ഞതെന്ന് പറഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന 4 പേരും അപ്പൊ തന്നെ ഓടിപ്പോയി. തെറ്റ് ചെയ്യാത്തതിനാല്‍ എനിക്ക് ഓടിപ്പോവാന്‍ തോന്നിയില്ല. അതിനിടെ കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തി. ബസില്‍ നിന്നിറങ്ങിയ പൊലീസുകാരന്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് എന്നെ പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

എന്നെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നതറിഞ്ഞ് കാര്യം അന്വേഷിക്കാനെത്തിയ ആന്തോട്ട് ഹംസയെയും പൊലീസ് പിടിച്ച് വച്ചു. സിലോണ്‍ അബൂബക്കര്‍ എന്ന സഖാവ് അബൂബക്കര്‍ അന്ന് സ്‌റ്റേഷനിലെത്തി എനിക്ക് ധൈര്യം പകര്‍ന്ന്ത് എനിക്ക് മറക്കാനാവില്ല. എനിക്കെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്തു. അങ്ങനെ എന്റെ ആദ്യത്തെ ഗള്‍ഫ് യാത്ര മുടങ്ങി. പിന്നീട് ജാമ്യത്തിലിറങ്ങി തലശ്ശേരി വരെ ട്രെയിനിലും അവിടുന്ന് ബോംബൈയ്ക്ക് ബസിലും രഹസ്യമായി യാത്ര ചെയ്ത് അവിടുന്ന് ഫ്‌ളൈറ്റ് കയറിയാണ് ഞാന്‍ ഗള്‍ഫിലേക്ക് തിരിച്ചത്. അങ്ങനെ 1982 ഫെബ്രുവരി നാലാം തിയ്യതി ഞാന്‍ ബഹ്‌റൈനില്‍ എത്തി. കൂട്ടുകാരുടെയും കുടുംബക്കാരുടെയും സഖാക്കളുടെയും യാത്രയയപ്പില്ലാതെ ഒരു ഒളിച്ചോട്ടം. പിന്നീട് 2012 വരെ നീണ്ട 30 വര്‍ഷം ആ പ്രവാസ ജീവിതം തുടര്‍ന്നു.

പി.കെ. അശോകനും ഭാര്യ ശൈലജയും ബഹ്റൈനില്‍


പി.കെ.അശോകൻ എഴുതിയ ഈ ഓർമ്മക്കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…


ആ കേസ് പിന്നീട് ഒന്നര വര്‍ഷക്കാലം നീണ്ടുനിന്നു. ആദ്യ യാത്രയില്‍ എനിക്ക് കിട്ടാതിരുന്ന സഖാക്കളുടെ യാത്രയയപ്പ് പിന്നീട് ഗള്‍ഫില്‍ പോയി തിരിച്ചുവന്ന് വീണ്ടും തിരിച്ചു പോകുമ്പോള്‍ സുഭാഷ് വായനശാലയില്‍ നിന്നു ലഭിച്ചത് ഹൃദ്യമായ അനുഭവമായി ഇന്നും മനസിലുണ്ട്. പിന്നീട് ഗള്‍ഫില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ ശ്രീലങ്കന്‍ ക്ലബ്ബില്‍ നിന്ന് പ്രവാസി സുഹൃത്തുക്കള്‍ നല്‍കിയ യാത്രയയപ്പാണ് മനസില്‍ നിക്കുന്ന മറ്റൊരു യാത്രയയപ്പ് അനുഭവം.


പ്രവാസിയുടെ കൊയിലാണ്ടി എന്ന പംക്തിയിലേക്ക് നിങ്ങള്‍ക്കും എഴുതാം | ഇവിടെ ക്ലിക്ക് ചെയ്യൂ…


പി.കെ. അശോകന്‍
1982-ല്‍ ബഹ്‌റൈനില്‍ എത്തി. 2021 വരെ 30 വര്‍ഷം പ്രവാസ ജീവിതം. കൊയിലാണ്ടി കൊല്ലം മന്ദമംഗലം സ്വദേശി. കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ പ്രസിഡന്റ്. ബഹ്റൈനിലെ മലയാളികളുടെ സംഘടനയായ പ്രതിഭയുടെ ഭാരവാഹിയിയി ദീർഘകാലം പ്രവർത്തിച്ചു.