പ്രവാസികളേ, ഇത് വായിച്ച് കണ്ണ് നിറയരുതേ… പ്രിയപ്പെട്ടവളെ വേർപിരിഞ്ഞ് കഴിയുന്ന പ്രവാസിയുടെ ചങ്കുതകർക്കുന്ന വേദന, പൊള്ളിക്കുന്ന വാക്കുകളായി ഇതാ; സ്കൈ ടൂർസ് & ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ വീണ്ടും കുറ്റ്യാടി സ്വദേശി കൊച്ചീസ്
കൊച്ചീസ്
വായിച്ചിരുന്നു പെണ്ണേ, നിന്റെ കത്ത്,
ആവുന്നെങ്കിൽ പ്രവാസിയുടെ ഭാര്യ ആവണം
എന്ന് പറഞ്ഞു നീ എഴുതിയ ചെറിയ കത്ത്…
ആ കത്ത് ഞാനടക്കമുള്ള പ്രവാസിയുടെ
നെഞ്ചൊന്ന് പിടപ്പിച്ചപ്പോൾ
ഞങ്ങളെ മനസ്സാ പെണ്ണേ
നീ കാണാതെ, അറിയാതെ പോയത്…
കാത്തിരുന്ന്, ഖഫീലിന്റെയോ മാനേജരുടെയോ
കയ്യും കാലും പിടിച്ചു കിട്ടുന്ന ലീവിന്
നാട്ടിലേക്ക് പുറപ്പെടുമ്പോൾ
നിന്റെയും മക്കളുടെയും തിളങ്ങുന്ന
കണ്ണ് കാണാനാ പെണ്ണേ,
പൈസ ഇല്ലെങ്കിൽ
കടം വാങ്ങിയിട്ടാണേലും
നാട്ടിലേക്കിനി ഒന്നും കൊണ്ട് പോവില്ല, എന്ന്
ജാഡക്ക് പറയുന്ന ഞങ്ങൾ
കൊണ്ട് വരാൻ പറ്റുന്നതിൽ കൂടുതൽ
സാധനങ്ങൾ വാങ്ങി വരുന്നത്…
നാട്ടിലെത്തിയാൽ വീടും തൊടിയും ചുറ്റിപ്പറ്റി
നിൽക്കുന്നത് കവലകളിൽ പോയി നിരങ്ങാൻ അറിയാഞ്ഞിട്ടോ ബൈക്കും എടുത്ത് ചുറ്റാൻ അറിയാഞ്ഞിട്ടോ, അല്ല പെണ്ണേ…
നാളെ തിരിച്ചു പോയാൽ
ഒറ്റമുറിക്കുള്ളിലെ ഇരുമ്പ് കട്ടിലിൽ കിടന്ന്
നിന്നോടും മക്കളോടും ഒപ്പം കഴിഞ്ഞ നിമിഷങ്ങൾ മനസ്സിൽ കണ്ട് കൊണ്ട് സന്തോഷിക്കാനാ…
ലീവ് തീരാറായി എന്ന് അറിയുന്ന നീ
അത് നീട്ടി കിട്ടുമോ എന്ന് ചോദിച്ചു കണ്ണ് നിറയ്ക്കുമ്പോൾ
ഒന്നും പറയാതെ മുറ്റത്തേക്ക് ഇറങ്ങി നടക്കുന്നത്
കണ്ണിലെ നനവ് നീ കാണാതിരിക്കാനാ പെണ്ണേ…
‘എപ്പാ വന്നതെന്നും, എപ്പാ പോന്നതെന്നും’
നാട്ടുകാരുടെ സ്ഥിരം ചോദ്യത്തിന്
സങ്കടം ഉള്ളിലൊതുക്കി ചിരിച്ചും കൊണ്ട്
മറുപടി കൊടുക്കുന്ന ഞങ്ങൾ…
ഇടവഴിയിൽ കാണുന്ന പല മുഖങ്ങളും
തിരിച്ചറിയാൻ കഴിയാതെ,
സ്വന്തം വീട്ടുകാർക്ക് വിരുന്നുകാരനായി,
മക്കൾക്ക് കളിപ്പാട്ടം കൊണ്ട് വരുന്ന അപരിചിതനായി, നാട്ടുകാർക്ക്, പത്രാസു കാണിക്കുന്ന ഗൾഫുകാരനായി അങ്ങനെ പലപേരിലും ഞങ്ങൾ ജീവിക്കുന്നു…
തിരിച്ചു പോരുമ്പോൾ അഴിച്ചു വെച്ച ഷർട്ട്
ഓർമ്മക്കായി നിങ്ങൾ എടുത്ത് വെക്കുമ്പോൾ
ഒരു കഷ്ണം തുണി പോലും
ഞങ്ങൾ തിരിച്ച് കൊണ്ട് വരാറില്ല…
പകരം നിങ്ങളോട് ഒന്നിച്ചു ചിലവഴിച്ച
ദിവസങ്ങളിലെ ഓർമയാണ് പെണ്ണേ
ഞങ്ങൾ പ്രവാസികളുടെ ഖൽബിലെ കുളിര്…
പടി ഇറങ്ങുമ്പോൾ, നിന്റെ കവിളിൽ മുത്തം തരുന്നത് എന്തിനാണ് എന്ന് അറിയോ പെണ്ണേ നിനക്ക്…?
നാളെ ഒരു പക്ഷേ ആണിയടിച്ച പെട്ടിയിലാണ് മടക്കമെങ്കിൽ പിന്നെ ഒരുമ്മ തരാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ എന്ന് ഓർത്തിട്ടാണ് പെണ്ണേ…
പടിയിറങ്ങിപ്പോവുന്ന ഞങ്ങളുടെ കണ്ണ് നിറഞ്ഞു
നീ കാണില്ല പെണ്ണേ,
കാരണം അപ്പോഴേക്കും ഞങ്ങടെ മനസ്സ് ഞങ്ങൾ കരിങ്കല്ല് ആക്കി മാറ്റിയിട്ടുണ്ടാവും…
നിന്റെ കയ്യിലടിച്ചു ചെയ്ത സത്യങ്ങൾ എല്ലാം പാലിച്ചാലും
വല്ലപ്പോഴും ഒരു സിഗരറ്റിന് തീ കൊളുത്തുന്നത്
നിന്നെയും മക്കളെയും പിരിഞ്ഞതിന്റെ
വിഷമം മാറ്റാനാ പെണ്ണേ…
തിരിച്ചു വന്നാൽ തടി മെലിഞ്ഞുപോയി എന്ന് പറഞ്ഞു നിങ്ങടെ കൈ കൊണ്ട് വിളമ്പിത്തരുമ്പോൾ ആണ് പെണ്ണേ, മരുഭൂമിയിലെ ചൂടിൽ വെന്തുരുകിയ
ഞങ്ങടെ ശരീരം ഒന്ന് പുഷ്ടിപ്പെടുന്നത്…
ഒഴിവ് കിട്ടുന്ന സമയത്തെല്ലാം മാറിൽ തലചായ്ച്ചു നിങ്ങൾ മയങ്ങുമ്പോൾ, ഇടനെഞ്ചിലേക്ക് നിങ്ങടെ കണ്ണുനീരിന്റെ ചൂട് പടരുമ്പോൾ, ഞങ്ങടെ കണ്ണ് നനയാത്തത് പെയ്തൊഴിയാൻ കണ്ണുനീർ ബാക്കി ഇല്ലാത്തത് കൊണ്ടാണെന്ന് നീ മനസ്സിലാക്കണം പെണ്ണേ…
പരോൾ പോലെ അനുവദിച്ചു കിട്ടുന്ന അവധി കഴിഞ്ഞു തിരിച്ചുപോരുമ്പോൾ,
പോവാതിരുന്നൂടെ എന്നും
നാട്ടിൽ എന്തേലും പണിക്കു പൊയ്ക്കൂടേ
എന്നും നിങ്ങൾ ചോദിക്കുമ്പോൾ,
മനസ്സിൽ ഞങ്ങളും ചോദിക്കാറുണ്ട് പെണ്ണേ,
ആർക്ക് വേണ്ടിയാണ് ഞങ്ങളീ കടല് കടക്കുന്നത് എന്ന്…
പ്രവാസിയാകാൻ വിധിക്കപ്പെട്ടതിന്റെ പേരിൽ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടെങ്കിലും,
അറിയാതെ ഈ പ്രവാസത്തെ ഇഷ്ടപ്പെടുന്നത്
തന്റെ കുടുംബം അല്ലലില്ലാതെ
കഴിയുന്നത് കാണാനാ പെണ്ണേ…
‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
ആഗ്രഹമുണ്ട് പെണ്ണേ,
നല്ലൊരു മകനായി,
നല്ലൊരു ഭർത്താവായി,
നല്ലൊരു ഉപ്പയായി,
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി, ജീവിച്ചു മരിക്കാൻ…
അതിനി പ്രവാസിയായിട്ടെങ്കിൽ അങ്ങനെ, നാടനായിട്ടെങ്കിൽ അങ്ങനെ…
ചോരയും നീരും നഷ്ടപ്പെട്ട്,
ജരാനരകൾ ബാധിച്ച്
രോഗവും പേറി
ചണ്ടിയായ ശരീരവും കൊണ്ട്
ഞങ്ങൾ കടല് കടന്ന് വരുമ്പോൾ
മനസ്സില് പോലും പറയല്ലേ പെണ്ണേ,
ഇത്രയും കാലം നിങ്ങൾ എന്ത് ഉണ്ടാക്കി എന്ന്…
ഉള്ളം നീറുന്ന, വേദന മാത്രം തിന്ന് ജീവിച്ച
ഈ ശരീരം അത് താങ്ങി എന്ന് വരില്ല…
ഈ ആഴ്ചയിലെ ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ ഓർമ്മക്കുറിപ്പ് പങ്കുവച്ചത് കൊച്ചീസ് എന്നറിയപ്പെടുന്ന കുറ്റ്യാടി സ്വദേശി കൊച്ചീസ് മുഹമ്മദ്. ബഹ്റൈനിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം.