പ്രവാസി മിത്രം പദ്ധതി, കേരോദ്യാനം പദ്ധതി, വടകരയുടെ സമഗ്രവികസനം വിഭാവനം ചെയ്യുന്ന പദ്ധതികള്‍ മുന്നോട്ടുവെച്ച് എല്‍.ഡി.എഫ്; വികസന നയരേഖ
വടകര: പ്രവാസികളുടെ സഹകരണത്തോട് കൂടി വടകരയുടെ സമഗ്രവികസനം വിഭാവനം ചെയ്യുന്ന പ്രവാസി മിത്രം പദ്ധതി മുന്നോട്ടുവെച്ച് എല്‍.ഡി.എഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം കമ്മറ്റി പുറത്തുവിട്ട വികസനരേഖയിലാണ് ഇക്കാര്യം പറയുന്നത്.
ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ, വത്സന്‍ പനോളി, എം.കെ.ഭാസ്‌കരന്‍, ടി.കെ.രാജന്‍ മാസ്റ്റര്‍, സി.ഭാസ്‌കരന്‍, സി.കെ.നാണു, കെ.ടി.കുഞ്ഞിക്കണ്ണന്‍, ഒ.രാജന്‍ മാസ്റ്റര്‍, വി.ഗോപാലന്‍ മാസ്റ്റര്‍, ടി.എന്‍.കെ.ശശീന്ദ്രന്‍, സി.എച്ച് ഹമീദ്, സമദ് നരിപ്പറ്റ, അഡ്വ ലതിക ശ്രീനിവാസ്, പി.സുരേഷ് ബാബു, എടയത്ത് ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ലിമെന്റ് മണ്ഡലം കമ്മറ്റി ഓഫീസില്‍ വെച്ച് വികസന രേഖ പ്രകാശനം ചെയ്തു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിധിനിര്‍ണായകമായ തെരെഞ്ഞെടുപ്പാണ് പതിനെട്ടാം ലോകസഭയിലേക്ക് നടക്കുന്നത്. ഇന്ത്യയുടെ പരമാധികാരവും മതനിരപേക്ഷ ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനയും സംരക്ഷിക്കാനുള്ള ജീവന്‍മരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കോര്‍പ്പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടിനെ ദേശീയാധികാരത്തില്‍ നിന്ന് പുറന്തള്ളാനും ഒരു മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനുമുള്ള ഈ പോരാട്ടത്തില്‍ നിര്‍ണ്ണായകമായ പങ്കാണ് ഇടതുപക്ഷത്തിന് നിര്‍വഹിക്കാനുള്ളത് എന്ന് വികസന രേഖയുടെ ആമുഖത്തില്‍ പറയുന്നു.
വടകരയുടെ സമഗ്രമായ വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ് എല്‍.ഡി.എഫിന്റെ വികസന രേഖ. കാര്‍ഷിക മേഖലയുടെ നവീകരണം, ജലഗതാഗതം, ഗതാഗതാ സൗകര്യങ്ങളുടെയും ടൗണ്‍ ഷിപ്പുകളുടെയും വികസനം,തൊഴില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍, മത്സ്യ മേഖലയുടെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ സര്‍വ്വതല സ്പര്‍ശിയായ വികസനം മുന്നോട്ട് വെക്കുന്നതാണ് എല്‍.ഡി.എഫിന്റെ വികസന രേഖ.
പ്രവാസികളുടെ ആശയപരവും സാമ്പത്തികവുമായ സഹകരണത്തോട് കൂടി വടകരയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്ന പ്രവാസി മിത്രം പദ്ധതി, നാളികേര കര്‍ഷകരുടെ പുരോഗതിക്കായി കേരോദ്യാനം പദ്ധതി, ചരിത്ര പരവും സാംസ്‌കാരികവുമായ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ടൂറിസം മേഖലയെ കൂടി ഉള്‍പ്പെടുത്തി സാംസ്‌കാരിക ഇടനാഴി എന്നിങ്ങനെ നിരവധിയായ പുതിയ പദ്ധതികള്‍ വികസന രേഖയില്‍ പറയുന്നു.
കഴിഞ്ഞ 15 വര്‍ഷക്കാലമായി അടിസ്ഥാന വികസന രംഗത്തും മനുഷ്യവിഭവശേഷി വികസന രംഗത്തുമുള്ള കേന്ദ്ര പദ്ധതികളൊന്നും വടകരയില്‍ നടപ്പാക്കിയിട്ടില്ല. യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാനുതകുന്ന കേന്ദ്ര പദ്ധതികളും വടകരയില്‍ എത്തിയിട്ടില്ല .ഇത്തരത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി കേന്ദ്രത്തിന്റെ വികസനങ്ങളൊന്നും ലഭിക്കാത്ത മണ്ഡലമാണ് വടകര. എന്നാല്‍ കഴിഞ്ഞ 8 വര്‍ഷം കൊണ്ട് 1716 കോടിയുടെ നിക്ഷേപങ്ങളാണ് മണ്ഡലത്തില്‍ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്നും നയരേഖയില്‍ പരാമര്‍ശിക്കുന്നു.