മലയാളത്തിലെ ഹിറ്റ് സംവിധായകന്‍, ചിരിയുടെ ഗോഡ്ഫാദര്‍, നര്‍മ്മത്തില്‍ ചാലിച്ച ചില സത്യങ്ങളുമായി കൊയിലാണ്ടിയോട് സംവദിച്ച ആ ദിവസം; സിദ്ധിക്കിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രശാന്ത് ചില്ല
പ്രശാന്ത് ചില്ല
ഒരു ഫോണ്‍ വിളിയില്‍ തുടങ്ങിയ സൗഹൃദത്തിന് വര്‍ഷങ്ങള്‍ക്ക് അപ്പുറത്തുള്ള ബന്ധം അനുഭവപ്പെട്ട പ്രിയ സംവിധായകന്‍. രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹത്തെ അടുത്ത് പരിചയപ്പെടാന്‍ സാധിച്ചത്. അതിന്റെ ഭാഗമായി എന്റെ സുഹൃത്തിന്റെ ഷോര്‍ട്ട് ഫിലിമിന്റെ റിലീസുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. വാട്‌സ്ആപ് ഉപയോഗിക്കാത്ത അദ്ദേഹം ജിമെയില്‍ വഴിയാണ് മറുപടി നല്‍കിയിരുന്നത്. കാള്‍ ചെയ്ത് കാര്യങ്ങള്‍ സംസാരിക്കാന്‍ ആദ്യമൊരു ടെക്സ്റ്റ് മെസ്സേജ് ആണ് അദേഹത്തിന്റെ ലൈന്‍.
അയക്കുന്ന മെസ്സേജ് കണ്ടാല്‍ അദ്ദേഹത്തിന്റെ കാള്‍ വരും.
അങ്ങനെ നേരത്തെ സൂചിപ്പിച്ച ഷോര്‍ട് ഫിലിം സിദ്ധിഖ് സാറിന്റെ എഫ് ബി പേജിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാന്‍ ഒരു മടിയുമില്ലാതെ സഹകരിച്ചു.
പിന്നീട് ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ ചലച്ചിത്ര സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കൊയിലാണ്ടിയുടെ മണ്ണില്‍ വച്ച് അദ്ദേഹത്തിന് നല്‍കുവാന്‍ സാധിച്ചത് ക്യു എഫ് എഫ് കെയെ സംബന്ധിച്ച് അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു.
2023 ഏപ്രില്‍ 30ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ ഈ വര്‍ഷത്തെ ചലച്ചിത്ര സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം അങ്ങക്കാണ് എന്ന സന്തോഷം അദ്ദേഹവുമായി പങ്കുവെച്ചപ്പോള്‍ ഞാന്‍ അതിനൊക്കെ അര്‍ഹനാണോ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്.
പിന്നീട് സാധാരണ ചലച്ചിത്ര സംഭാവന പ്രായമായവര്‍ക്ക് കൊടുക്കുന്നതല്ലേ, എനിക്ക് അത്രയും പ്രായമായോ പ്രശാന്തേ എന്നൊരു ചോദ്യവും കൂടി നര്‍മ്മഭാവത്തില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. അതിനുശേഷം അദ്ദേഹം രണ്ടുമൂന്നു തവണ ഡേറ്റ് കണ്‍ഫര്‍മേഷനുമായി ബന്ധപ്പെട്ടിരുന്നു.
ദുബായില്‍ പെരുന്നാള്‍ ആഘോഷിച്ച ശേഷം പ്രോഗ്രാമിന്റെ തലേ ദിവസമാണ് നാട്ടിലെത്തിയത്. കൊച്ചിയില്‍ നിന്നും കാര്‍മാര്‍ഗ്ഗം പരിപാടിക്ക് മുന്നേ കൊയിലാണ്ടിയിലെത്തിയ അദ്ദേഹം നയാ പൈസ പോലും ഞങ്ങളോട് പ്രതിഫലമായി വാങ്ങിച്ചിട്ടില്ല.
പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ആയിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയത്. നര്‍മ്മത്തില്‍ ചാലിച്ച ചില സത്യങ്ങളും സദസ്സുമായി അദ്ദേഹം പങ്കുവെച്ചു. അവാര്‍ഡിന് പരിഗണിക്കാന്‍ ഉതകുന്ന സിനിമയൊന്നും ചെയ്തിട്ടില്ലെന്നും ചില പ്രധാനപ്പെട്ട അവാര്‍ഡുകള്‍ കയ്യെത്തും ദൂരത്ത് തെന്നി മാറിപോയെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൊയിലാണ്ടിയുടെ മണ്ണില്‍ വെച്ചാണ് ആദ്യമായി ഒരു സമഗ്ര സംഭാവന പുരസ്‌ക്കാരം ലഭിച്ചതെന്നും അതിന് ക്യു എഫ് എഫ് കെ യോട് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
മാധ്യമ, ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം പുരസ്‌കാരങ്ങള്‍ വേദിയില്‍ വെച്ച് നല്കാനും അദ്ദേഹം സമയം കണ്ടെത്തി.
തിരിച്ചു കൊച്ചിയിലെത്തിയ ശേഷം ഇങ്ങോട്ട് വിളിച്ച് അദ്ദേഹം ക്ഷേമാന്വേഷണങ്ങള്‍ നടത്തിയിരുന്നു. ആ സൗഹൃദം പുതുക്കുവാന്‍, സംസാരിക്കാന്‍ സ്വാതന്ത്ര്യത്തോടെ പലപ്പോഴും സാധിച്ചിരുന്നു. ചലച്ചിത്ര ലോകത്തിന് വലിയൊരു നഷ്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
പ്രിയപ്പെട്ട സംവിധായകന്‍ ഇനി ഓര്‍മ്മയില്‍ നല്ലൊരു ചിത്രമായി നിലനില്‍ക്കും.