വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായി കൊയിലാണ്ടി നഗരമധ്യത്തിലെ കുഴി; വെട്ടിച്ച് പോകാനുള്ള ശ്രമങ്ങള്‍ ഗതാഗതക്കുരുക്കും മറ്റ് വാഹനങ്ങളെ തട്ടാനുള്ള അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു
കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി നഗരമധ്യത്തിലെ ജങ്ഷനിലെ കുഴി വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാവുന്നു. ഒരാഴ്ച മുമ്പാണ് റോഡില്‍ പതിച്ച കട്ട ഇളകി കുഴി രൂപപ്പെട്ടത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയായിട്ടും കുഴി നികത്താനുള്ള നടപടി ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
നഗരത്തിലെ തിരക്കേറിയ ജങ്ഷനിലാണ് ഈ കുഴിയെന്നതിനാല്‍ അപകട ഭീഷണി വര്‍ധിക്കുകയാണ്. ചെറുവാഹനങ്ങള്‍ കുഴിയില്‍ വീഴാനും അപകടപ്പെടാനും സാധ്യത ഏറെയാണ്. വാഹനങ്ങള്‍ ഈ കുഴി വെട്ടിച്ച് നീങ്ങിപ്പോകുന്നത് ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നുമുണ്ട്. ബാലുശ്ശേരി, പേരാമ്പ്ര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ഈ കുഴി ചുറ്റിപ്പോകേണ്ട സ്ഥിതിയാണ്.
എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ അകപ്പെട്ട് അപകടമുണ്ടായതോടെ പോലീസ് താല്‍ക്കാലികമായി ഇവിടെ അപായ സൂചന സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത കൂടുതലാണ്.