കട്ടിയേറിയ ആയുധംകൊണ്ട് അടിയേറ്റു, തലയോട്ടി തകര്‍ന്നു; താമരശ്ശേരിയില്‍ മുഹമ്മദ് ഷഹബാസ് മരിച്ചത് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്


താമരശ്ശേരി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത് ക്രൂരമായ പീഡനത്തെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഷഹബാസിന്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു, നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

തലക്ക് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരണത്തിന് കീഴടങ്ങുന്നത്. തലച്ചോറിന് 70 ശതമാനത്തോളം ക്ഷതമേറ്റ് കോമയിലായിരുന്നു വിദ്യാര്‍ത്ഥി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ്. മൂന്ന് തവണയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതില്‍ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘര്‍ഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മര്‍ദനമേറ്റത്. വട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുമായെത്തിയായിരുന്നു മര്‍ദനം.

കേസില്‍ ആരോപണ വിധേയരായ അഞ്ച് വിദ്യാര്‍ത്ഥികളെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും. വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കും. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റേതാണ് തീരുമാനം. പ്രതികളായ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടില്ല.

വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കാന്‍ നിര്‍ദേശമുണ്ട്. പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും പരീക്ഷ എഴുതാന്‍ അനുവദിക്കുക. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ അഞ്ച് വിദ്യാര്‍ത്ഥികളും ഹാജരായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പത്തോ അതിലധികമോ ആളുകള്‍ ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

Summary: Postmortem report confirms that Mohammad Shahbaz died due to brutal beating in Thamarassery