വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വിഷയങ്ങളില്‍ പരിശീലനം; പോസിറ്റീവ് കമ്യൂണ്‍ ഇഗ്‌നൈറ്റ് പദ്ധതിക്ക് വന്മുഖം ഹൈസ്‌കൂളില്‍ തുടക്കം


നന്തി ബസാര്‍: പോസിറ്റീവ് കമ്യൂണ്‍ സ്റ്റുഡന്‍സ് ഫോറത്തിന് കീഴില്‍ നടത്തുന്ന ഇഗ്‌നൈറ്റ് (സ്‌കൂള്‍ ദത്തെടുക്കല്‍ ) പ്രോഗ്രാമിന് കടലൂര്‍ വന്മുഖം ഹൈസ്‌കൂളില്‍ തുടക്കമായി. പരിശീലകരുടെയും കൗണ്‍സിലര്‍മാരുടെയും, മന:ശാസ്ത്രജ്ഞന്മാരുടെയും കേരളത്തിലെ വലിയ കൂട്ടായ്മയാണ് പോസിറ്റീവ് കമ്യൂണ്‍ സ്റ്റുഡന്‍സ് ഫോറം.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം തുടര്‍ച്ചയായി ജീവിത നൈപുണികള്‍, ലീഡര്‍ഷിപ്പ്, കരിയര്‍, ഗോള്‍ സെറ്റിംഗ്‌സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ നിര്‍വ്വഹിച്ചു.


പോസിറ്റീവ് കമ്യൂണ്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഷര്‍ഷാദ് പുറക്കാട് മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് റഷീദ് കൊളരാട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടകര ചാപ്റ്റര്‍ ചെയര്‍മാന്‍ സായി പ്രകാശ് പദ്ധതി വിശദീകരണം നടത്തി. സ്റ്റുഡന്‍സ് ഫോറം ഡയരക്ടര്‍ ദീപ പ്രദീപ്, എം.പിടിഎ പ്രസിഡണ്ട് ജിസ്‌ന ജമാല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ രാജന്‍ പി.സി സ്വാഗതവും അക്കാദമിക് കോര്‍ഡിനേറ്റര്‍ നൗഷാദ് കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.