”ചൊവ്വാഴ്ചയാണ് അവര്‍ പറഞ്ഞത്, ചേച്ചീ നാളെ മുതല്‍ ഇവിടെ വരേണ്ട, പാര്‍സലൊന്നും ഇനി ഉണ്ടാവില്ലയെന്ന്” റെയില്‍വേ പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയതോടെ ഏക ആശ്രയമായിരുന്ന ജോലി നഷ്ടപ്പെട്ടതിന്റെ ഞെട്ടലില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ ഗീത


കൊയിലാണ്ടി: ‘ചൊവ്വാഴ്ച വൈകുന്നേരം വണ്ടി പാര്‍സല്‍ അയക്കാനായി ഓഫീസിലെത്തിയപ്പോഴാണ് അവിടെയുണ്ടായിരുന്ന കുട്ടി പറഞ്ഞത് ചേച്ചീ നാളെ മുതല്‍ ഇവിടെ നിന്നും പാര്‍സല്‍ അയക്കാനാവില്ല, വരികയുമില്ല, കാത്തിരിക്കേണ്ട എന്ന്’ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കാനുള്ള തീരുമാനം തന്നെ സംബന്ധിച്ച് അത്രത്തോളം അപ്രതീക്ഷിതമായിരുന്നെന്നാണ് ഇവിടെ പോര്‍ട്ടറായി ജോലി ചെയ്യുന്ന ഗീത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

പതിനഞ്ച് വര്‍ഷത്തിലേറെയായി ഗീത കൊയിലാണ്ടിയില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്നു. ”മുമ്പൊക്കെ ഒരുപാട് ചരക്കുകള്‍ വരുമായിരുന്നു. ഈറോഡ്, തിരുപ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും പാര്‍സലുകള്‍ വരുമായിരുന്നു. രണ്ട് മൂന്ന് വര്‍ഷമായി അതൊക്കെ നിര്‍ത്തിയിട്ട്. ഇപ്പോള്‍ ആകെ വരുന്നത് മംഗലാപുരത്തുനിന്നും കൊയിലാണ്ടി അങ്ങാടിയിലെ വ്യാപാരികള്‍ക്കായുള്ള വലയാണ്. അത് രണ്ട് മൂന്ന് ദിവസം കൂടുമ്പോള്‍ മൂന്നാല് കെട്ട് വരും. ഇതിന് പുറമേ ബംഗളുരു, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കൊക്കെ വണ്ടി അയക്കാനുള്ളത് കയറ്റാനുണ്ടാകും. അതുംകൂടി അവസാനിപ്പിച്ചതോടെ ഇനിയെന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയാണ്.” ഗീത പറയുന്നു.

ഗീത ഉള്‍പ്പെടെ രണ്ട് പോര്‍ട്ടര്‍മാരാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നത്. പയ്യോളി സ്വദേശിയായ പ്രദീപനാണ് രണ്ടാമത്തെയാള്‍. ബുധനാഴ്ചയ്ക്കുശേഷം ഇരുവരും സ്റ്റേഷനിലെത്തി ഈ പ്രശ്‌നത്തിന് എന്ത് പരിഹാരമെന്ന് അന്വേഷിച്ചും പരാതിപ്പെട്ടുമൊക്കെ സമയം നീക്കുകയാണ്. വാഹനങ്ങളൊക്കെ ട്രെയിനില്‍ കയറ്റി അയക്കാനുള്ള എല്‍ ആന്റ് ടി സംവിധാനം മാത്രമാണ് നിലവില്‍ കൊയിലാണ്ടിയിലുള്ളത്. വാഹനങ്ങള്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്കൊപ്പം കൊണ്ടുപോകാമെന്ന രീതിയിലുള്ള സംവിധാനമാണത്. ഇതിന് ചെലവ് കൂടുമെന്നതിനാല്‍ ആളുകള്‍ വലിയ തോതില്‍ ഈ മാര്‍ഗം തെരഞ്ഞെടുക്കില്ലെന്നും ഗീത പറയുന്നു.

കൊയിലാണ്ടി മാരാമുറ്റം സ്വദേശിയാണ് ഗീത. ഭര്‍ത്താവ് ബാലന്‍ റെയില്‍വേയില്‍ പോര്‍ട്ടറായിരുന്നു. 2008ലാണ് അദ്ദേഹം മരണപ്പെട്ടത്. അതിനുശേഷം ജീവിക്കാന്‍ മറ്റുവഴികളില്ലാതെ ഗീത ഭര്‍ത്താവിന്റെ ജോലി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഗീതയ്ക്ക് ആശ്രയത്തിന് മക്കളൊന്നുമില്ല. കൊയിലാണ്ടി സ്റ്റേഷനില്‍ പാര്‍സല്‍ സംവിധാനം നിര്‍ത്തിയതോടെ ഇനി എങ്ങനെ ജീവിക്കുമെന്നറിയാത്ത അവസ്ഥയിലാണെന്നും അവര്‍ പറയുന്നു.